വിശാഖപട്ടണം: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ കിടിലന്‍ ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു അടിവരയിട്ടിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റൊരാള്‍ക്കും ഫിഫ്റ്റി പോലും തികയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഡബിള്‍ സെഞ്ച്വറിയോടെയാണ് ജയ്‌സ്വാള്‍ ഇന്ത്യയുടെ രക്ഷകനായത്. 209 റണ്‍സ് അടിച്ചെടുത്താണ് താരം ക്രീസ് വിട്ടത്. വെറും 290 ബോളില്‍ 19 ഫോറും ഏഴു സിക്‌സറുകളുമടക്കമാണ് ജയ്‌സ്വാള്‍ ടീമിന്റെ അമരക്കാരനായത്.
ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 396 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയാണ് ജയ്സ്വാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. മിന്നുന്ന പ്രകടനങ്ങളിലൂടെ വളരെ പെട്ടെന്നു തന്നെ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ താരത്തിനു സാധിക്കുകയും ചെയ്തിരിക്കുകയാണ്.

ഭാവി സൂപ്പര്‍ താരമെന്നു ജയ്‌സ്വാളിനെ ഇതിനകം പലരും വാഴത്തിക്കഴിഞ്ഞു. 22 കാരനായ യുവ ഓപ്പണറുടെ കാമുകിയെക്കുറിച്ചും ആസ്തി, കാര്‍ കളക്ഷനുകള്‍ എന്നിവയെക്കുറിച്ചുമെല്ലാം വിശദമായി നമുക്കു നോക്കാം.
ഇന്ത്യക്കാരിയല്ല, മറിച്ച് ഇംഗ്ലീഷുകാരിയാണ് ജയ്‌സ്വാളിന്റെ മനം കവര്‍ന്നിരിക്കുന്നത്. മാഡി ഹാമില്‍റ്റണെന്ന ഇംഗ്ലീഷ് സുന്ദരിയുമായി ജയ്‌സ്വാള്‍ പ്രണയത്തിലാണെന്നാണ് പുറത്തു വരുന്ന ഗോസിപ്പുകള്‍. ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇനിയും സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ലെങ്കിലും ജയ്‌സ്വാളിനോടൊപ്പം പല തവണ മാഡിയെ കണ്ടുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസും പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയ്‌സ്വാളിനു പിന്തുണയുമായി മാഡി ഗാലറിയിലുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ജഴ്‌സിയിലാണ് കറുത്ത ഗ്ലാസ് ധരിച്ച് ഇവര്‍ ഗാലറിയില്‍ കാണപ്പെട്ടത്.
ഇതോടെ ജയ്‌സ്വാളും മാഡിയും പ്രണയത്തിലാണെന്നു എല്ലാവരും ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ജയ്‌സ്വാള്‍ കളിക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മാത്രമല്ല ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി താരം കളിക്കുമ്പോഴും മാഡിയെ സ്റ്റാന്‍ഡ്‌സില്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ജയ്‌സ്വാളും മാഡിയും പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. പക്ഷെ ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം എങ്ങനെയാണെന്നോ, മാഡി ആരാണെന്നോയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം, ജയ്‌സ്വാളിന്റെ ആസ്തിയിലേക്കു വരികയാണെങ്കില്‍ അതു ഏകദേശം 16.5 കോടിയോളം രൂപയാണെന്നാണ് കണക്കുകള്‍. ഐപിഎല്ലില്‍ നിന്നുള്ള ശമ്പളമുള്‍പ്പെടെ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് താരം സമ്പാദിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍, മാച്ച് ഫീസ്, നിക്ഷേപങ്ങള്‍ എന്നിവയിലൂടെയും ജയ്‌സ്വാള്‍ വരുമാനം കണ്ടെത്തുന്നുണ്ട്.

പ്രതിവര്‍ഷം നാലു കോടി രൂപയാണ് താരത്തിന്റെ വരുമാനം. 2019ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലൂടെ വരവറിയിച്ച താരം ഇതേ വര്‍ഷ നടന്ന ജൂനിയര്‍ ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു. ഇതാണ് 2020ല്‍ ജയ്‌സ്വാളിനെ ഐപിഎല്ലില്‍ ജയ്സ്വാളിനെ റോയല്‍സ് ടീമിലെത്തിച്ചത്. 2.4 കോടി രൂപയ്ക്കായിരുന്നു ലേലത്തില്‍ ജയ്‌സ്വാളിനെ റോയല്‍സ് സ്വന്തമാക്കിയത്.
തൊട്ടടുത്ത സീസണിലും ഇതേ പ്രതിഫലം തന്നെയാണ് താരത്തിനു റോയല്‍സില്‍ ലഭിച്ചത്. പക്ഷെ 2022ല്‍ ജയ്‌സ്വാളിന്റെ പ്രതിഫലത്തില്‍ വലിയ വര്‍ധനയാണ് കണ്ടത്. ലേലത്തിനു മുമ്പ് നാലു കോടി രൂപയ്ക്കു താരത്തെ റോയല്‍സ് നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ തുകയ്ക്കു തന്നെയാണ് ജയ്‌സ്വാളിനെ റോയല്‍സ് തങ്ങളോടൊപ്പം നിലനിര്‍ത്തിയത്.
ജയ്‌സ്വാളിന്റെ സ്വത്തുക്കളെടുക്കുകയാണെങ്കില്‍ ഉത്തര്‍ പ്രദേശിലെ ബദോഹിയിലെ സുരിയാവാനില്‍ ഒരു ആഡംബര വീട് സ്വന്തമായുണ്ട്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിയല്‍ എസ്‌റ്റേറ്റ് സ്വത്തുക്കളും താരത്തിനുണ്ട്. വലിയ കാര്‍ കളക്ഷനുകളൊന്നും ജയ്‌സ്വാളിനില്ലെന്നാണ് വിവരം. മെഴ്‌സിഡസുള്‍പ്പെടെ ചില ആഡംബര കാറുകളാണ് താരത്തിന്റെ പക്കലുള്ളത്. പക്ഷെ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.