Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അഞ്ചാമങ്കം കഴിഞ്ഞാല്‍ ടീം ഇന്ത്യയില്‍ വന്‍ അഴിച്ചുപണി!! ഗംഭീറിന്റെ പ്ലാന്‍ ഇങ്ങനെ?

ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിനു ഈ ഫോര്‍മാറ്റില്‍ ഇനി ഉടനെയൊന്നും മല്‍സരങ്ങളില്ല. ഇംഗ്ലണ്ടിനെതിരേ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും പിന്നാലെ ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയുമാണ് അടുത്തതായി വരാനിരിക്കുന്നത്. അതിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ തിരക്കുകളിലേക്കും കടക്കും.

ഞായറാഴ്ച രാത്രി മുംബൈയിലെ വാംഖഡെയിലാണ് ഇംഗ്ലണ്ടിനെതിരേയുള്ള അപ്രസക്തമായ അവസാനത്തെ മല്‍സരം നടക്കാനിരിക്കുന്നത്. ഈ മല്‍സരത്തിനു ശേഷം വലിയ ചില അഴിച്ചുപണികള്‍ ഇന്ത്യന്‍ ടി20 ടീമില്‍ പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയിലെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും ടീമിലെ മാറ്റങ്ങളെക്കുറിച്ച് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തേക്കുകയെന്നാണ് വിവരം.

SANJU GAMBHIR

ചിലര്‍ ഭയക്കണം

ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലുള്ള ചില കളിക്കാര്‍ തീര്‍ച്ചയായും ഭയക്കുക തന്നെ വേണം. കാരണം തന്റെ ഭാവി പദ്ധതികളില്‍ നിന്നും അവരെ ഗൗതം ഗംഭീര്‍ നീക്കാനുള്ള സാധ്യത കൂടുതലാണ്. ടീമിലെ സ്ഥാനം തെറിക്കാനിടയുള്ള ഒരാള്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും. ഗംഭീറിനു ഏറെ പ്രതീക്ഷയുള്ള താരമായിരുന്നു അദ്ദേഹമെങ്കിലും അതിനോടു നീതി പുലര്‍ത്താനായിട്ടില്ല.

നാലു ടി20കളില്‍ നിന്നും 8.75 ശരാശരിയില്‍ വെറും 35 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇനി അവസാന ടി20യില്‍ അദ്ദേഹം വലിയൊരു ഇന്നിങ്‌സ് കളിച്ചാലും ടീമില്‍ നിന്നും ഗംഭീര്‍ കൈവിട്ടേക്കും. പകരം റിഷഭ് പന്തിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കൊണ്ടു വരാനും സാധ്യതയുണ്ട്.

ഓപ്പണിങില്‍ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമായിരിക്കും ഇനിയുള്ള പരമ്പരകളില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍. അഭിഷേക് ശര്‍മയായിരിക്കും ബാക്കപ്പ് ഓപ്പണര്‍ റോളിലേക്കു ഫേവറിറ്റ്. രണ്ടിലൊരാളില്ലെങ്കില്‍ താരത്തിനു നറുക്കുവീഴുകയും ചെയ്യും. റിഷഭിനെ അഞ്ചാംസ്ഥാനത്തും ഇന്ത്യ കളിപ്പിച്ചേക്കും. റിഷഭിനെക്കൂടാതെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇഷാന്‍ കിഷനെയും ഗംഭീര്‍ തിരികെ വിളിക്കാന്‍ സാധ്യതയേറെയാണ്.

ഓള്‍റൗണ്ടര്‍മാരില്‍ ഒരുപാട് ഓപ്ഷനുകള്‍ ഇന്ത്യക്കുണ്ട്. ഇവരില്‍ നിതീഷ് റെഡ്ഡി, ശിവം ദുബൈ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കായിരിക്കും ഗംഭീറിന്റെ പ്രഥമ പരിഗണന. അതുകൊണ്ടു തന്നെ വാഷിങ്ടണ്‍ സുന്ദര്‍ ടീമിനു പുറത്തായേക്കുകയും ചെയ്യും.

വിക്കറ്റ് കീപ്പര്‍ സഞ്ജുവിനൊപ്പം യുവതാരം ധ്രുവ് ജുറേലിനെയും ഇനി ടീമില്‍ കാണാനുള്ള സാധ്യത കുറവാണ്. പക്ഷെ ബൗളിങ് ലൈനപ്പില്‍ അഴിച്ചുപണികളൊന്നും ഗംഭീര്‍ നടത്താന്‍ സാധ്യതയില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ അടുത്ത പരമ്പരയില്‍ തിരിച്ചുവിളിച്ചേക്കുകയും ചെയ്യും.

SURYAKUMAR YADAV

പുതിയ ക്യാപ്റ്റന്‍ വരുമോ?

സൂര്യകുമാര്‍ യാദവ് ടി20യില്‍ ഗംഭീരമായിട്ടാണ് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ബാറ്റിങില്‍ അദ്ദേഹത്തിന്റെ പരിതാപകരമായ ഫോം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം സ്‌കൈയുടെ ഫോമില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്.

പഴയതു പോലെ തന്റെ 360 ബാറ്റിങിലൂടെ എതിര്‍ ടീമിനെ ബാക്ക്ഫൂട്ടിലാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ സൂര്യയെ നായകസ്ഥാനത്തു നിന്നും ചിലപ്പോള്‍ മാറ്റിയേക്കും. പകരം ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിക്കാന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിക്കുകയും ചെയ്യാനിടയുണ്ട്. അങ്ങനെ വന്നാല്‍ ടി20യില്‍ ടീമിന്റെ നായകസ്ഥാനം ലഭിച്ചേക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും.

ചിലപ്പോള്‍ യുവതാരം ശുഭ്മന്‍ ഗില്ലിനെ ഈ റോള്‍ ഏല്‍പ്പിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഭാവിയില്‍ ടീമിന്റെ സ്ഥിരം നായകസ്ഥാനത്തേക്കു ബിസിസിഐ കണ്ടു വച്ചിരിക്കുന്നവരില്‍ ഫേവറിറ്റ് ഗില്‍ തന്നെയാണെന്നും ഇതു ശരിവയ്ക്കുന്നു.

Story first published: Saturday, February 1, 2025, 19:33 [IST]
Other articles published on Feb 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+