കൊല്‍ക്കത്ത: ഈ വര്‍ഷം കളിച്ച ആദ്യ ടി20യില്‍ മിന്നുന്ന ജയവുമായി അക്കൗണ്ട് തുറന്നിരിക്കുകയാണ് സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യ. ജോസ് ബട്‌ലറുടെ കരുത്തുറ്റ ഇംഗ്ലണ്ട് ടീമിനെ നിഷ്പ്രഭരാക്കിയാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ടീം ആദ്യ അങ്കം ജയിച്ചുകയറിയത്. ഏകപക്ഷീയമായ കളിയില്‍ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു.
ആദ്യം ബൗളിങ് നിരയും പിന്നീട് ബാറ്റിങ് നിരയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി. പക്ഷെ ഈ ജയത്തിന്റെ പേരില്‍ ഇന്ത്യ അമിതമായി സന്തോഷിക്കാന്‍ വരട്ടെ. മൂന്നു ആശങ്കകള്‍ ഈ മല്‍സരശേഷം ടീമിനുള്ളതാതി കാണാം. ഇവ ഏതൊക്കെയാണന്നു നോക്കാം.

ടീം സെലക്ഷന്‍ കുഴപ്പത്തിലാക്കും
ടി20യില്‍ ഇന്ത്യയുടെ ടീം സെലക്ഷന്‍ ആദ്യ മല്‍സരത്തിനു കുഴപ്പത്തിലായതായി കാണാം. കാരണം അഭിഷക് ശര്‍മയും സഞ്ജു സാംസണുമാണ് കഴിഞ്ഞ കുറച്ചു ടി20കളിലായി ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇവരില്‍ സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഈ സ്ഥാനം ഏറെക്കുറെ ഭദ്രമാക്കിയപ്പോള്‍ അഭിഷേക് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. ഇതോടെ താരം ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലുമായിരുന്നു.
എന്നാല്‍ എഴുതിത്തള്ളാന്‍ വരട്ടെയെന്നു ആദ ടി20യില്‍ തെളിയിച്ചിരിക്കുകയാണ് അഭിഷേക്. വെറും 34 ബോളില്‍ എട്ടു സിക്‌സറും അഞ്ചു ഫോറുമടക്കം 79 റണ്‍സാണ് താരം വാരിക്കൂട്ടിത്. റണ്‍ചേസില്‍ ഇംഗ്ലീഷ് ടീമിനെ അഭിഷേക് തനിച്ച് തന്നെ തീര്‍ക്കുകയായിരുന്നു. ടി20യില്‍ താനും സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നു ഈ ഇന്നിങ്‌സിലൂടെ അദ്ദേഹം കാണിക്കുകയും ചെയ്തു.
ഇതോടെ ഇന്ത്യന്‍ ടീം വലിയ ധര്‍മസങ്കടത്തിലായിരിക്കുകയാണ്. കാരണം സഞ്ജുവിനൊപ്പം ടി20യില്‍ യശസ്വി ജയ്‌സ്വാള്‍ ഇനിയുള്ള പരമ്പരകളില്‍ ഓപ്പണിങ് ജോടിയായി വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. അഭിഷേക് പുറത്താവുമെന്നും ഉറപ്പിച്ചതായിരുന്നു. പക്ഷെ ഇപ്പോള്‍ സഞ്ജുവിനൊപ്പം അഭിഷേകും ഓപ്പണിങിലേക്കു അവകാശവാദമുന്നയിക്കുകയാണ്.
ഈ മൂന്നു പേരെ കൂടാതെ ഭാവി ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ശുഭ്മന്‍ ഗില്ലും ഓപ്പണിങിലേക്കു അവസരം കാത്തു നില്‍ക്കുന്നു. നാലു മികച്ച ഓപ്പണര്‍മാരാണ് ടി20യില്‍ ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഇവരില്‍ നിന്നും രണ്ടു പേരെ തിരഞ്ഞെടുക്കുകയെന്നത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം ഗംഭീറിനും ഏറെ ദുഷ്‌കരം തന്നെയായിരിക്കും.
സൂര്യയുടെ ഫോം
ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമാണ് ഇന്ത്യയെ ആശങ്കയിലാക്കുന്ന രണ്ടാമത്തെ കാര്യം. രോഹിത് ശര്‍മയില്‍ നിന്നും ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്റെ ബാറ്റിങില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുള്ളതായി കാണാം.
കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു ബോള്‍ നേരിട്ട ശേഷം ഡെക്കായാണ് സ്‌കൈ ക്രീസ് വിട്ടത്. ജോഫ്ര ആര്‍ച്ചറുടെ ഒരു സ്ലോ ബോളില്‍ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് സിംപിള്‍ ക്യാച്ചിലൂടെയാണ് മടക്കിയത്.

കഴിഞ്ഞ വര്‍ഷം ടി20യില്‍ 27 മാത്രമായിരുന്നു സൂര്യയുടെ ശരാശരി. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റിലും 2024ല്‍ വലിയ കുറവ് സംഭവിച്ചിരുന്നു. 2022 മുതല്‍ 2023 വരെ 47നു മുകളില്‍ ശരാശരിയില്‍ 173.8 സ്‌ട്രൈക്ക് റേറ്റില്‍ 1897 റണ്‍സും സൂര്യ അടിച്ചെടുത്തിരുന്നു. പക്ഷെ സ്ഥിരം ക്യാപ്റ്റനായ ശേഷം 23 ശരാശരിയില്‍ 230 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. നായകനായ ശേഷം കളിച്ച 10 ഇന്നിങ്‌സുകളില്‍ വെറും രണ്ടു ഫിഫ്റ്റികളാണ് സൂര്യക്കു കുറിക്കാനായത്.
പേസ്‌നിര അത്ര പോരാ
ഇന്ത്യയുടെ റിസര്‍വ് പേസ് നിര ഇപ്പോഴും അത്ര പോരെന്നാണ് ആദ്യ ടി20യിലെ പ്രകടനം ശരിവയ്ക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ സീനിയര്‍ താരങ്ങളൊന്നുമില്ലാത്തതിനാല്‍ അര്‍ഷ്ദീപ് സിങാണ് ആദ്യ ടി20യില്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. പവര്‍പ്ലേയില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ പിഴുത് അദ്ദേഹം റോള്‍ ഭംഗിയാക്കിയെങ്കിലും പിന്തുണയ്ക്കാന്‍ പേസ് നിരയില്‍ മിടുക്കരായ ആരുമില്ലായിരുന്നു.
ബുംറയും അര്‍ഷ്ദീപും തന്നെയാണ് ടി20യില്‍ ഇന്ത്യയുടെ നിലവിലെ രണ്ടു മികച്ച ഫാസ്റ്റ് ബൗളര്‍മാരെന്നു നിസംശയം പറയാം. പരിക്കു ഭേദമായി തിരിച്ചെത്തിയിരിക്കുന്ന ഷമിയുടെ ഫിറ്റ്‌നസ് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ഹര്‍ഷിത് റാണയെ ആദ്യ കളിയില്‍ പരീക്ഷിച്ചതുമില്ല. അര്‍ഷ്ദീപിനു കൂട്ടായി മികച്ച രണ്ടോ, മൂന്നോ മികച്ച പേസര്‍മാരെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണ്.