Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രാഹുല്‍ തിരിച്ചെത്തും, ഭരതിന് വീണ്ടും അവസരം? ടീമില്‍ മാറ്റമുറപ്പ്| മൂന്നാമങ്കത്തിലെ 11

രാജ്‌കോട്ട്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 19 മുതല്‍ രാജ്‌കോട്ടില്‍ നടക്കാനിരിക്കുകയാണ്. രണ്ടാം ടെസ്റ്റിന്റെ വിധിയെന്താവുമെന്നു ഉറപ്പായിട്ടില്ലെങ്കിലും അടുത്ത ടെസ്റ്റിന്റെ ആവേശം ഒട്ടും കുറയില്ലെന്നുറപ്പിക്കാം. രണ്ടാമങ്കത്തില്‍ തോല്‍ക്കുകയാണെങ്കില്‍ മൂന്നാം ടെസ്റ്റ് ടീം ഇന്ത്യയെ സംബന്ധിച്ച് ഡു ഓര്‍ ഡൈ ആയി മാറും. സ്വന്തം നാട്ടിലെ അനുകൂലമായ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനെ വളരെ അനായാസം തകര്‍ത്തുവിടാന്‍ സാധിക്കുമെന്നായിരുന്നു ഇന്ത്യ നേരത്തേ കണക്കുകൂട്ടിയിരുന്നത്.

പക്ഷെ അതു അത്ര എളുപ്പമല്ലെന്നു ആദ്യ ടെസ്റ്റിലേറ്റ ഞെട്ടിക്കുന്ന തോല്‍വിയേടെ ഇന്ത്യക്കു ബോധ്യമായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ പരമ്പരയിലെ ഇനിയുള്ള ടെസ്റ്റുകള്‍ തീപാറുമെന്നുറപ്പാണ്. ശേഷിച്ച ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ സ്‌ക്വാഡില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.

KL RAHUL

മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി അടുത്ത ടെസ്റ്റിലും കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം പിന്‍മാറിയത്. രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ടോപ്പ് ത്രീയില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാളായിരിക്കും ഓപ്പണ്‍ ചെയ്യുക. രണ്ടാം ടെസ്റ്റില്‍ ജയ്‌സ്വാള്‍ കന്നി ഡബിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. എന്നാല്‍ രോഹിത്ത് ഈ പരമ്പരയില്‍ ഇനിയും ക്ലിക്കായിട്ടില്ല. ഇതിനകം കളിച്ച നാലു ഇന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. മൂന്നാം ടെസ്റ്റില്‍ വലിയൊരു ഇന്നിങ്‌സുമായി ഇതിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും ഇനി ഹിറ്റ്മാന്റെ ശ്രമം.

രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങുന്നതു വരെ മൂന്നാം നമ്പറില്‍ യുവതാരം ശുഭ്മന്‍ ഗില്ലിന്റെ സ്ഥാനം ചോദ്യം ചെയപ്പെട്ടിരുന്നു. തുടര്‍ച്ചയായി ബാറ്റിങില്‍ ഫ്‌ളോപ്പായിക്കൊണ്ടിരുന്ന അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ നേടിയ മിന്നുന്ന സെഞ്ച്വറിയോടെ ഗില്‍ മുഴുവന്‍ വിമര്‍ശകരുടെയും വായടപ്പിച്ചിരിക്കുകയാണ്. 147 ബോളില്‍ 11 ഫോറും രണ്ടു സിക്‌സറുമടക്കം 104 റണ്‍സുമായാണ് ഗില്‍ കസറിയത്. അതുകൊണ്ടു തന്നെ അടുത്ത ടെസ്റ്റിലും താരം പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

നാലാം നമ്പറില്‍ കോലിയുടെ കാര്യം ഏറെക്കുറെ സംശയത്തിലാണ്. അദ്ദേഹമില്ലെങ്കില്‍ രജത് പാട്ടിധാര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. കഴിഞ്ഞ ടെസ്റ്റിലൂടെയായിരുന്നു പാട്ടിധാറിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ 32 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം താരം കാഴ്ചവച്ചിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഒമ്പതു റണ്‍സ് മാത്രമെടുത്ത് പാട്ടിധാര്‍ പുറത്താവുകയായിരുന്നു.

അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കു അടുത്ത ടെസ്റ്റില്‍ സ്ഥാനം നഷ്ടമാവും. പകരം കെഎല്‍ രാഹുലായിരിക്കും ഈ പൊസിഷനില്‍ കളിക്കുക. പരിക്കു കാരണം രണ്ടാം ടെസ്റ്റില്‍ നിന്നും പിന്‍മാറിയ അദ്ദേഹം അടുത്ത ടെസ്റ്റില്‍ മടങ്ങിയെത്തുമെന്നുറപ്പായിരിക്കുകയാണ്.

മോശം ഫോമിലൂടെ കടന്നുപോവുന്ന ശ്രേയസിനായിരിക്കും രാഹുലിന്റെ മടങ്ങിവരവോടെ വഴി മാറിക്കൊടുക്കേണ്ടതായി വരിക. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പായി ആരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യയെ ഏറ്റവുമധികം കുഴപ്പിക്കുന്ന ചോദ്യം. കെഎസ് ഭരത് തുടര്‍ച്ചയായി ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നതാണ് ഇന്ത്യക്കു തലവേദനയായിരിക്കുന്നത്.

KS BHARAT

ഭരതിനെക്കൂടാതെ സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ പുതുമുഖം കൂടിയായ ധ്രുവ് ജുറേലാണ്. പക്ഷെ ജുറേലിനെ അടുത്ത ടെസ്റ്റില്‍ കളിപ്പിക്കാന്‍ ഇന്ത്യ ധൈര്യപ്പെട്ടേക്കില്ല. പകരം ഭരതിനു തന്റെ കഴിവ് തെളിയിക്കാന്‍ അവസാനമായി ഒരു അവസരം കൂടി ഇന്ത്യ നല്‍കിയേക്കും. അടുത്ത ടെസ്റ്റില്‍ കൂടി ഫ്‌ളോപ്പായാല്‍ മാത്രമേ ഭരതിന്റെ പകരക്കാരനെക്കുറിച്ച് ഇന്ത്യ ആലോചിക്കാനിടയുള്ളൂ.

സ്പിന്‍ ബൗളിങില്‍ ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരോടൊപ്പം കുല്‍ദീപ് യാദവും ടീമിലുണ്ടാവും. പരിക്കേറ്റ് പുറത്തായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ കളിക്കില്ലെന്നാണ് വിവരം.

പേസ് ബൗളിങില്‍ അടുത്ത ടെസ്റ്റില്‍ ഒരു മാറ്റമുണ്ടാവും. രണ്ടാം ടെസ്റ്റില്‍ ഒഴിവാക്കപ്പട്ട മുഹമ്മദ് സിറാജിനെ ടീമിലേക്കു ഇന്ത്യ തിരികെ വിളിക്കും. സിറാജിനു പകരമിറക്കിയ മുകേഷ് കുമാര്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ തീര്‍ത്തും നിറംമങ്ങിയിരുന്നു. ഇതാണ് സിറാജിന്റെ മടങ്ങിവരവിന് അവസരമൊരുക്കിയത്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാട്ടിധാര്‍, കെഎല്‍ രാഹുല്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Monday, February 5, 2024, 7:16 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+