രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യയുടെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണിനു പിന്തുണയുമായി ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ രംഗത്ത്. മൂന്നാം ടി20യില്‍ ഇന്ത്യക്കെതിരായ 26 റണ്‍സിന്റെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജുവിനെ സംബന്ധിച്ച് കരിയറിലെ മോശം പരമ്പരകളിലൊന്നായി ഇതു മാറിക്കൊണ്ടിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ നാലു ടി20കളുടെ പരമ്പരയില്‍ രണ്ടിലും സെഞ്ച്വറിയോടെ കസറാന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ ഇംഗ്ലണ്ടിനെതിരേ ഫോം ആവര്‍ത്തിക്കാന്‍ സഞ്ജുവിനായിട്ടില്ല. ഒരു ഫിഫ്റ്റി പോലുമില്ലാതെ വലയുകയാണ് മലയാളി താരം.

സഞ്ജുവിനു പിന്തുണ
ഇംഗ്ലണ്ടിനെതിരേയുള്ള ഈ പരമ്പരയിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും സഞ്ജു സാംസണിനു കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയത് വലിയ കാര്യമാക്കേണ്ടതില്ലെന്നാണ് കെവിന്‍ പീറ്റേഴ്‌സന്റെ അഭിപ്രായം. ആത്മവിശ്വാസക്കുറവൊന്നും അദ്ദേഹത്തിനില്ലെന്നും ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാണിക്കുന്നു.
മാനസികമായി സഞ്ജു സാംസണ്‍ ഇപ്പോഴും വളരെ കരുത്തുറ്റ താരമാണെന്നു ഞാന്‍ കരുതുന്നു. ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണിനെ എനിക്കു വലിയ ഇഷ്ടമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹത്തിനു സ്ഥിരമായൊരു റോള്‍ ലഭിക്കാതെ പോയതില്‍ എനിക്കു നിരാശയുണ്ട്.
മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള താരമാണ് സഞ്ജു. പക്ഷെ നോക്കൂ, ഈ തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാം. ടി20 ഫോര്‍മാറ്റില്‍ വളരെ പെട്ടെന്നാണ് ഓരോ കാര്യങ്ങളും സംഭവിക്കുകയെന്നും സഞ്ജുവിന്റെ ഫോമിനെക്കുറിച്ച് പീറ്റേഴ്‌സന്‍ വിലയിരുത്തി.
സഞ്ജു ഭയക്കേണ്ടതില്ല
സഞ്ജു സാംസണിനു മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്നാണ് കെവിന്‍ പീറ്റേഴ്‌സന്‍ ആവശ്യപ്പെടുന്നത്. അടുത്ത ആറാഴ്ചയോ, ഇനിയുള്ള കുറച്ചു മാസങ്ങളോ സഞ്ജു സാംസണ്‍ ഇപ്പോഴത്തേ അതേ രീതിയില്‍ തന്നെ പുറത്താവുകയാണെങ്കില്‍ മാത്രമാണ് അതു പ്രശ്‌നമായി മാറുക. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് ചോദ്യം ചെയ്യപ്പെടുകും ചെയ്യും.

സഞ്ജു അതിശയിപ്പിക്കുന്ന ബാറ്റര്‍ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. ഷോര്‍ട്ട് ബോളുകളെ അദ്ദേഹം വളരെ മികച്ച രീതിയില്‍ നേരിടുകയും ചെയ്യാറുണ്ട്. വളരെ കരുത്തനായിട്ടുള്ള ബാറ്ററാണ് സഞ്ജു. ഈ കാരണത്താല്‍ തന്നെ ഇപ്പോള്‍ ഷോര്‍ട്ട് ബോളിനെതിരേ അദ്ദേഹം ഈ പരമ്പരയില്‍ പുറത്തായി ക്കൊണ്ടിരിക്കുന്നതിനെ വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്നും കെപി കൂട്ടിച്ചേര്‍ത്തു.
ഉറക്കം കെടുത്തി ആര്‍ച്ചര്‍
ഈ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തെ പുറത്താക്കിയത് പേസറാണ്. മാത്രമല്ല എല്ലാ കളിയിലും ഒരേ രീതിയിലുമാണ് സഞ്ജു ഔട്ടാവുകയും ചെയ്തിട്ടുള്ളത്. ശരീരം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകളെറിയുകയെന്ന തന്ത്രമാണ് ആര്‍ച്ചര്‍ പരീക്ഷിക്കുന്നത്.
ഈ ബോളുകളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് കഴിഞ്ഞ മൂന്നു കളിയിലും സഞ്ജു ക്യാച്ച് സമ്മാനിച്ച് ക്രീസ് വിട്ടത്. ആര്‍ച്ചറുടെ ഈ പ്ലാനിനെതിരേ അദ്ദേഹം ഒരു മറുതന്ത്രം കണ്ടെത്തിയേ തീരൂ. ഇതിനായില്ലെങ്കില്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജുവിന്റെ കാര്യം കഷ്ടത്തിലാവും.
മൂന്നു മല്‍സരങ്ങളില്‍ നിന്നും 11.33 എന്ന ദയനീയ ശരാശരിയില്‍ വെറും 34 റണ്‍സാണ് അദ്ദേഹത്തിനിനു ഇതിനകം നേടാനായത്. ആദ്യ കളിയില്‍ 26 റണ്‍സുമായി ഭേദപ്പെട്ട തുടക്കം സഞ്ജുവിനു ലഭിച്ചെങ്കിലും അതിനു ശേഷമുള്ള ഇന്നിങ്‌സുകളില്‍ 5, 3 എന്നിങ്ങനെ ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തു.