ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും അങ്കത്തിനായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഇതില്‍ ജയിക്കാനായാല്‍ 2-2ന്റെ സമനിലയുമായി ശുഭ്മന്‍ ഗില്ലിനും സംഘത്തിനും നാട്ടിലേക്കു മടങ്ങാം. സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ആര്‍ അശ്വിനുമൊന്നുമില്ലാത്ത ഇന്ത്യയെ സംബന്ധിച്ച് ഇതു പരമ്പര വിജയത്തിനു തുല്യവുമായിരിക്കും.
ഇന്ത്യന്‍ യുവതാരങ്ങളുടെ മികച്ച പ്രകടനമാണ് കഴിഞ്ഞ നാലു ടെസ്റ്റുകളിലും കണ്ടത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച്് ഇതു ശരിക്കും സര്‍പ്രൈസ് തന്നെയായിരുന്നു. സീനിയര്‍ താരങ്ങളില്ലാതെ പുതിയ ക്യാപ്റ്റന്‍ ഗില്ലിനു കീഴിലെത്തിയ ഇന്ത്യയെ തൂത്തുവാരാമെന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. പക്ഷെ ആ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.
ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ അടുത്തതായി ടെസ്റ്റ് കളിക്കുക വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ്. ഒക്ടോബറാണ് നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വിന്‍ഡീസിനെ ഇന്ത്യ നേരിടുക. ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായുള്ള ചിലര്‍ക്കു വിന്‍ഡീസിനെതിരേ ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ല. ആരൊക്കെയാണ് ഇവരെന്നു നോക്കാം.

ആര്‍ക്കെല്ലാം സ്ഥാനം തെറിക്കും?
ഇംഗ്ലണ്ട് പര്യടനത്തില്‍ സംഘത്തിലുള്ള നാലു പേര്‍ക്കായിരിക്കും ഈ പരമ്പരയ്ക്കു പിന്നാലെ സ്ഥാനം നഷ്ടമാവുക. ഇനിയും അരങ്ങേറിയിട്ടില്ലാത്ത ബംഗാളില്‍നിന്നുള്ള മുന്‍നിര ബാറ്റര്‍ അഭിമന്യു ഈശ്വരന്‍, മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, പേസര്‍മാരായ പ്രസിദ്ധ് കൃഷ്ണ, അന്‍ഷുല്‍ കംബോജ് എന്നിവര്‍ക്കാവും ചീട്ട് കീറുക.
കഴിഞ്ഞ ചില പരമ്പരകളിലായി ബാക്കപ്പ് ബാറ്ററായി അഭിമന്യു ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം യാത്ര ചെയ്യുകയാണെങ്കിലും അദ്ദേഹത്തിനു ഇതുവരെ അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. വ്യാഴാഴ്ച മുതല്‍ ഓവലില്‍ തുടങ്ങാനിരിക്കുന്ന ഓവല്‍ ടെസ്റ്റിലും അഭിമന്യുവിനെ കളിപ്പിക്കില്ലെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിനാല്‍ പരമ്പര കഴിഞ്ഞാല്‍ ടീമിനു പുറത്തായിരിക്കും ഇനി അദ്ദേഹത്തിന്റെ സ്ഥാനം.
ക്രിക്കറ്റ് ലോകത്തിനു ഏറെ പ്രചോദമം നല്‍കിയ തിരിച്ചുവരവുകളിലൊന്നാണ് കരുണ്‍ ഈ പരമ്പരയിലൂടെ നടത്തിയത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ തിരിച്ചുവരവില്‍ പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. ആദ്യ ടെസ്റ്റില്‍ ആറാമനായും അടുത്ത രണ്ടു ടെസ്റ്റുളില്‍ മൂന്നാം നമ്പറിലുമാണ് കരുണ്‍ ബാറ്റ് ചെയ്തത്.
ഭൂരിഭാഗം ഇന്നിങ്‌സുകളിലും ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ആറിന്നിങ്‌സുകളില്‍ 21.88 ശരാശരിയില്‍ 131 റണ്‍സ് മാത്രമേ കരുണ്‍ സ്‌കോര്‍ ചെയ്തുള്ളൂ. ഇതോടെ നാലാം ടെസ്റ്റില്‍ ടീമിനു പുറത്തായ അദ്ദേഹത്തിനു ഇനി അവസാന ടെസ്റ്റിലും അവസരം ലഭിച്ചേക്കില്ല.
ഈ പരമ്പര കഴിഞ്ഞാല്‍ തന്റെ ടെസ്റ്റ് മോഹങ്ങള്‍ കരുണിനു മറക്കേണ്ടി വരും. മൂന്നാം നമ്പറില്‍ യുവതാരം സായ് സുദര്‍ശന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. അതിനാല്‍ കരുണിനു ഇനിയൊരു അവസരം ഇന്ത്യന്‍ കുപ്പായത്തില്‍ പ്രതീക്ഷിക്കേണ്ടതുമില്ല.

ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളെ തുടര്‍ന്നു ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ശര്‍ദ്ദുലും ഈ പരമ്പരയില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
മൂന്നിങ്‌സില്‍ 46 റണ്‍സും രണ്ടു വിക്കറ്റും മാത്രമാണ് താരം നേടിയത്. നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് ടീമിനു പുറത്തായതിനാല്‍ അവസാന ടെസ്റ്റില്‍ കൂടി ശര്‍ദ്ദുലിനു അവസരം കിട്ടിയേക്കും. പക്ഷെ അതിനു ശേഷം അദ്ദേഹം ടീമില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല.
പകരക്കാരനായി ടീമിലെത്തിയ യുവ പേസര്‍ അന്‍ഷുല്‍ കംബോജിനും ഈ പരമ്പരയ്ക്കു ശേഷം പുറത്തു പോവേണ്ടി വരും. നാലാം ടെസ്റ്റിലൂടെ അരങ്ങേറിയ കംബോജ് വെറുമൊരു സാധാരണ ബൗളറായാണ കാണപ്പെട്ടത്. 18 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം അഞ്ചിനടുത്ത് ശരാശരിയില്‍ വീഴ്ത്തിയത് വെറും ഒരു വിക്കറ്റ് മാത്രമാണ്.