ഓവല്‍: ഇംഗ്ലണ്ടുമായു നാളെ (വ്യാഴം) ഓവലില്‍ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മാഞ്ചസ്റ്ററില്‍ സമനിലയില്‍ കലാശിച്ച അവസാന ടെസ്റ്റിലെ ടീമില്‍ പല മാറ്റങ്ങളും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
നാലാമങ്കം പോലെ തന്നെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് അഞ്ചാം ടെസ്റ്റ്. ഇതില്‍ ജയിക്കാനായാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യക്കു 2-2നു സമനിലയില്‍ അവസാനിപ്പിക്കാം.
അതുകൊണ്ടു തന്നെ ശുഭ്മന്‍ ഗില്ലില്‍ ഒരു ഡു ഓര്‍ ഡൈ മാച്ചിനു തന്നെയാണ് ടീമിന്റെ പടയൊരുക്കം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ഇലവന്‍ എങ്ങനെയാവണമെന്നു ചോപ്ര നിര്‍ദേശിച്ചത്.

കരുണിനു ഒരു ചാന്‍സ് കൂടി?
മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായെങ്കിലും മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു ഓവലില്‍ വീണ്ടുമൊരു അവസരം കൂടി ലഭിച്ചേക്കുമെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ഇനി സായ് സുദര്‍ശനയെല്ലാതെ മറ്റൊരു താരത്തെയും ഇനി എനിക്കു കാണാന്‍ സാധിക്കുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ (നാലാം ടെസ്റ്റ്) അവന്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. മറ്റൊരു ബാറ്റര്‍ കൂടി ടീമില്‍ വേണമെന്നു എനിക്കു ആഗ്രഹമുണ്ട്. കാരണം ശര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിച്ചില്ലെങ്കില്‍ ഒരു ബാറ്ററെ നിങ്ങള്‍ക്കു ആവശ്യമായി വരും.
ആരാണം ആ ബാറ്റര്‍? ന്യായമായി പറഞ്ഞാല്‍ അതു കരുണ്‍ നായരായിരിക്കും. കാരണം അഭിമന്യു ഈശ്വരനെ നിങ്ങള്‍ ആറാമനായി കളിപ്പിക്കാന്‍ പോവുന്നില്ല. റിഷഭ് പന്ത് അടുത്ത ടെസ്റ്റിലില്ല, പകരം ധ്രുവ് ജുറേലാണുള്ളത്. ഒരു ബാറ്ററെ കൂടി നിങ്ങള്‍ക്കു ആവശ്യമാണ്. അതിനാല്‍ കരുണ്‍ നായര്‍ വീണ്ടും കളിക്കുന്നത് കാണാനായേക്കുമെന്നും ചോപ്ര വിശദമാക്കി.
റിഷഭിനു പകരമെത്തുന്ന ജുറേല്‍ ആറാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യതയെന്നതിനാല്‍ കരുണിനെ അഞ്ചാമനായി ഇറക്കണമെന്നു അദ്ദേഹം ആവശ്യപ്പെടുന്നു. അങ്ങനെ വന്നാല്‍ ജുറേലിനു ശേഷം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമുണ്ടാവുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
അര്‍ഷ്ദീപിന് അരങ്ങേറ്റം
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരിലൊരാള്‍ക്കു ഓവലില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നും പകരമെത്തുക പുതുമുഖമായ അര്‍ഷ്ദീപ് സിങായിരിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അര്‍ഷ്ദീപ് സിങ് ഈ മല്‍സരത്തിലൂടെ ടെസ്റ്റില്‍ അരങ്ങറിയേക്കും. ജസ്പ്രീത് ബുംറയുടെ ലഭ്യതയെക്കുറിച്ച് അറിയില്ല.

എല്ലാ ബൗളര്‍മാരും ഓവല്‍ ടെസ്റ്റിനായി ലഭ്യമാണെന്നാണ് കോച്ച് പറഞ്ഞത്. പക്ഷെ ബുംറ കളിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ബുംറ കളിക്കുകയും സിറാജ് കളിക്കാതിരിക്കുകയും ചെയ്‌തേക്കും. സിറാജിന്റെ ജോലിഭാരത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അദ്ദേഹത്തിനു ഒരു ബ്രേക്ക് നല്‍കാനുള്ള സമയം ഇതായിരിക്കാമെന്നും ചോപ്ര വ്യക്തമാക്കി.
ആകാശ്ദീപിനു ഓവല്‍ ടെസ്റ്റിലൂടെ മടങ്ങിവരാന്‍ സാധിക്കുമെന്നു കേള്‍ക്കുന്നുണ്ട്. അദ്ദേഹം ഇപ്പോള്‍ ഫിറ്റും മല്‍സരത്തിനായി സജ്ജനുമാണ്. ശര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിക്കുമെന്നു എനിക്കു തോന്നുന്നില്ല. കുല്‍ദീപ് യാദവിനെ ടീമിലേക്കു വിളിക്കാന്‍ വലിയ സാധ്യത തന്നെയുണ്ട്.
പക്ഷെ മൂന്നു സ്പിന്നര്‍മാരെ നിങ്ങള്‍ കളിപ്പിക്കുമോ? അതില്ലെങ്കില്‍ ജഡ്ഡു, വാഷി എന്നിവരിലൊരാളെ പുറത്തിരുത്താന്‍ സാധിക്കുമോ? ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ രണ്ടു പേരൈയും തൊടാന്‍ ഇന്ത്യക്കു സാധിക്കുമെന്നു തനക്കു തോന്നുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.