ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനാവാതെ പാടുപെടുന്ന ഇന്ത്യയുടെ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എഞ്ചിനിയര്‍. കളിച്ച മൂന്നു ടെസ്റ്റുകളില്‍ ഒരിന്നിങ്‌സിലൊഴികെ ബാക്കിയെല്ലാത്തിലും ഭേദപ്പെട്ട തുടക്കങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു.
20-30 റണ്‍സെടുത്ത ശേഷം വിക്കറ്റ് കൈവിടുകയെന്നത് കരുണ്‍ പതിവാക്കിയിരിക്കുകയാണ്. മനോഹരമായി ബാറ്റ് ചെയ്ത് 20-30 റണ്‍സ് നേടിയതു കൊണ്ടു കാര്യമില്ലെന്നും ഒരു മൂന്നാം നമ്പര്‍ ബാറ്ററില്‍ നിന്നും വലിയ ഇന്നിങ്‌സുകളാണ് ടീമിനു ആവശ്യമെന്നും എഞ്ചിനയര്‍ ചൂണ്ടിക്കാട്ടി.
എട്ടു വര്‍ഷത്തെ നീണ്ട ഗ്യാപ്പിനു ശേഷമാണ് ഈ പരമ്പരയിലൂടെ കരുണ്‍ ദേശീയ ടീമിലേക്കു മടങ്ങിവന്നത്. പക്ഷെ തിരിച്ചുവരവില്‍ തനിക്കു ലഭിച്ച അവസരങ്ങള്‍ വേണ്ടത്ര മുതലാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. മാഞ്ചസ്റ്ററില്‍ അടുത്താഴ്ച തുടങ്ങാനിരിക്കുന്ന നാലാം ടെസ്റ്റില്‍ കൂടി കരുണിന്് അവസരം നല്‍കിയേക്കുമെന്നാണ് സൂചനകള്‍.

വലിയ സ്‌കോറുകള്‍ വേണം
ഇന്ത്യക്കു വേണ്ടി കരുണ്‍ നായര്‍ വളരെ മനോഹരമായിട്ടാണ് ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യുന്നതെങ്കിലും അതു വലിയ സ്‌കോറുകളാക്കി മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെയന്ത് കാര്യമെന്നാണ് ഫാറൂഖ് എഞ്ചിനിയറുടെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണ്‍ നായര്‍ ഈ പരമ്പരയില്‍ വളരെ ബ്രില്ല്യാന്റായ 20-30 റണ്‍സെല്ലാം നേടുന്നുണ്ട്. മനോഹമരായ കവര്‍ ഡ്രൈവുകളടക്കം നേടി സുന്ദരമായ 30 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഒരു മൂന്നാം നമ്പര്‍ ബാറ്ററില്‍ നിന്നു മനോഹരമായ 30 റണ്‍സല്ല ടീം പ്രതീക്ഷിക്കുന്നത്.
അത്ര മനോഹരമായില്ലെങ്കിലും സെഞ്ച്വറികള്‍ നിങ്ങള്‍ക്കു നേടേണ്ടതുണ്ട്. നിങ്ങള്‍ക്കു റണ്‍സാണ് ബോര്‍ഡില്‍ ആവശ്യം. വലിയ സ്‌കോറുകള്‍ നിങ്ങള്‍ നേടേണ്ടതു ആവശ്യമാണ്. പ്രതീക്ഷകള്‍ എല്ലായ്‌പ്പോഴും വളരെ വലുതായിരിക്കുമെന്നും എഞ്ചിനിയര്‍ വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയ്ക്കായി നടത്തിയ റണ്‍വേട്ടയാണ് കരുണിനു ദേശീയ ടീമിലേക്കു രണ്ടാം വരവിനു വഴിയൊരുക്കിയത്. രഞ്ജി ട്രോഫിയില്‍ 54നടുത്ത് ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 863 റണ്‍സാണ്. കേരളത്തിനെതിരായ ഫൈനലിലെ നിര്‍ണായക സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു.
രഞ്ജിയില്‍ മാത്രമല്ല, അതിനു ശേഷം നനടന്ന വിജയ് ഹസാരെ ട്രോഫി ഏകദിന പരമ്പരയിലും കരുണ്‍ റണ്‍മഴ പെയ്യിച്ചു. എട്ടു കളിയില്‍ നിന്നും 389.50 എന്ന അവിശ്വസനീയ ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 779 റണ്‍സാണ്. അഞ്ചു സെഞ്ച്വറികളും ഇതിലുള്‍പ്പെടും.
സായിക്കു പിന്തുണ
ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടന്ന അരങ്ങേറ്റ ടെസ്റ്റിനു ശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായ യുവതാരം സായ് സുദര്‍ഷശനെ പിന്തുണച്ചിരിക്കുകയാണ് ഫാറൂഖ് എഞ്ചിനിയര്‍. ഇന്ത്യയെ ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളെയാണ് മുഖ്യ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ടീമിലുള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ടാം നമ്പറില്‍ ഒരു ഓള്‍റൗണ്ടറെ കൂടി ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ കൂടിയായ സായിയെ ഇന്ത്യ പുറത്തിരുത്തിയത്.

നമ്മള്‍ ഏറ്റവും മികച്ച ഇലവനെത്തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സായ് സുദര്‍ശനെ എനിക്കു അധികം കാണാനായിട്ടില്ല. ശരിയായ സമയത്തു മികച്ച കളിക്കാരനെ നിങ്ങള്‍ ടീമിലെടുക്കേണ്ടതുണ്ട്. ആരാണ് നിങ്ങള്‍ക്കു പരമാവധി സംഭാവന നല്‍കുന്നയാള്‍?
നിങ്ങള്‍ രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. നിങ്ങളുടെ പ്രശസ്തിയും തുലാസിലാണ്. അതുകൊണ്ടു തന്നെ പ്രായം മറക്കൂയെന്നാണ് ഞാന്‍ പറയുക. അവന്‍ (സായ്്) മിടുക്കനാണെങ്കില്‍ ടെസ്റ്റ് ജയിക്കാനായി കളിപ്പിക്കൂയെന്നും എഞ്ചിനിയര്‍ ആവശ്യപ്പെടുന്നു.