കാന്റ്ബറി: ഇംഗ്ലണ്ടുമായി അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ പരമ്പരയില്‍ വിരാട് കോലി ഒഴിഞ്ഞിട്ട നാലാം നമ്പര്‍ റോള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നു തെളിയിച്ചിരിക്കുകയാണ് മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള ആദ്യ ചതുര്‍ദിന പോരാട്ടത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി ഡബിള്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം കസറിയിരിക്കുന്നത്. കരുണിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത എ ടീം കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്.
രണ്ടംദിനം ആദ്യത്തെ സെഷനില്‍ 110 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോല്‍ ഇന്ത്യന്‍ എ ടീം ഏഴു വിക്കറ്റിനു 494 റണ്‍സെന് ശക്തമായ നിലയിലാണ്. മൂന്നാമനായെത്തിയ കരുണ്‍ (204) ഡബിളുമായി ബാറ്റിങിലെ നെടുംതൂണായപ്പോള്‍ ധ്രുവ് ജുറേല്‍ (94), സര്‍ഫറാസ് ഖാന്‍ (92) എന്നിവരും ഗംഭീര ഇന്നിങ്‌സുകളുമായി തിളങ്ങി.

കരുണ്‍ ഷോ
ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങളെ തുടര്‍ന്നു നീണ്ട ഇടവേളയ്ക്കു ശേഷമാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ റെഡ് ബോള്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള സീനിയര്‍ ടീമില്‍ മാത്രമല്ല, ഇംഗ്ലണ്ടിലേക്കു തിരിച്ച ഇന്ത്യന്‍ എ ടീമിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയായിരുന്നു.
കടുപ്പമേറിയ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇംഗ്ലണ്ടിലെ പിച്ചില്‍ തന്റെ ബാറ്റിങ് ഫോം തെളിയിക്കാനും അതോടൊപ്പം പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിക്കാനും കരുണിനു ലഭിച്ച അവസരമായിരുന്നു ഇന്ത്യന്‍ എ ടീമിനൊപ്പമുള്ള പര്യടനം. ആദ്യ മല്‍സരത്തിലെ ഒന്നാമിന്നിങ്‌സില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കരുണിനു സാധിക്കുകയും ചെയ്തു.
മൂന്നാമനായി ആദ്യദിനം ക്രീസിലെത്തിയ അദ്ദേഹം രണ്ടാദിനം ആദ്യത്തെ സെഷനില്‍ തന്നെ ഡബിള്‍ സെഞ്ച്വറി കുറിച്ച ശേഷം ക്രീസ് വിടുകയായിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ കരുണ്‍ 281 ബോളിലാണ് 204 റണ്‍സ് അടുച്ചെടുത്തത് 26 ഫോറുകളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌ലുണ്ടയിരുന്നു. കരുണിന്റെ സ്‌ട്രൈക്ക് റേറ്റ് 72.60 ആണ്.
യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനും ചേര്‍ന്നാണ് ഇന്ത്യന്‍ എ ടീമിനു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത്. പക്ഷെ ഈ ജോടി ക്ലിക്കായില്ല. അഭിമന്യു എട്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ ജയ്‌സ്വാള്‍ 24 റണ്‍സിനും പുറത്തായി. തുടര്‍ന്നാണ് വലിയ രണ്ടു കൂട്ടുകെട്ടുകള്‍ കണ്ടത് മൂന്നാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനൊപ്പം 181ഉം നാലാം വിക്കറ്റില്‍ ധ്രുവ് ജുറേലിനൊപ്പം 195ഉം റണ്‍സ് കരുണ്‍ അടിച്ചെടുത്തു. ഇതോടെ ടീം ടോട്ടല്‍ 420ഉം കടന്നു.
കരുണിനൊപ്പം തന്നെ സര്‍ഫറാസ്, ജുറേല്‍ എന്നിവരും ഇന്ത്യന്‍ സീനിയര്‍ ടെസ്റ്റ് ടീമിലെ സ്ഥാനത്തിനായി രംഗത്തുവന്നിരിക്കുകയാണ്. പക്ഷെ രണ്ടിലൊരാളെ മാത്രമേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ. 120 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമടക്കമാണ് ജുറേല്‍ 94ലെത്തിയത്. സര്‍ഫറാസ് 119 ബോളില്‍ 13 ഫോറോടെ 92 റണ്‍സും കുറിക്കുകയായിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും അര്‍ഹിച്ച സെഞ്ച്വറികള്‍ കണ്ടെത്താനായില്ല.
നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തി. ഏഴു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ശര്‍ദ്ദുല്‍ ടാക്കൂര്‍ 27 റണ്‍സിനും പുറത്തായി. ഇംഗ്ലണ്ട് ലയണ്‍സുായി രണ്ടു മല്‍സരങ്ങളാണ് ഇന്ത്യന്‍ എ ടീം കളിക്കുക. അതിനു ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമുമായി ഒരു ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിലും എ ടീം ഏറ്റുമുട്ടും.