For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സ്വര്‍ണമാല വിറ്റ് മകന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി! ജുറേലിനു ജയിക്കണം, അമ്മയ്ക്കുവേണ്ടി

ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു വിക്കറ്റ് കീപ്പറെക്കൂടി ലഭിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 22 കാരനായ ധ്രുവ് ജുറേലാണ് ടീം ഇന്ത്യയിലേക്കു പുതുതായി എത്തിയ വിക്കറ്റ് കീപ്പര്‍. ഇംഗ്ലണ്ടിനെതിരേ ഈ മാസം 25നു തുടങ്ങുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ജുറേല്‍ ഇടം പിടിച്ചിരിക്കുന്നത്. 23ാം വയസ്സ് തികയാന്‍ വെറും 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിനു സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമിന്റെ ഭാഗം കൂടിയായിരുന്നു ജുറേല്‍. രണ്ടാമത്തെ മല്‍സരത്തില്‍ 69 റണ്‍സുമായി തിളങ്ങുകയും ചെയ്തു. പക്ഷെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20 മല്‍സരങ്ങള്‍ പോലും തികയ്ക്കും മുമ്പാണ് ഇന്ത്യന്‍ കുപ്പായമണിയാന്‍ ജുറേലിനു സുവര്‍ണാവസരം ലഭിച്ചിരിക്കുന്നത്.

DHRUV JUREL

അടുത്തിടെ രഞ്ജി ട്രോഫിയുടെ പുതിയ സീസണിലെ ആദ്യ കളിയില്‍ കേരളത്തിനെതിരേ യുപിക്കായി 63 റണ്‍സുമായി താരം കസറിയിരുന്നു. രഞ്ജിയില്‍ രണ്ടാം റൗണ്ട് മല്‍സരത്തിനൊരുങ്ങവെയാണ് താരം ദേശീയ ടീമിന്റെ ഭാഗമായിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 46.47 ശരാശരിയുള്ള ജുറേലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെടുത്തത്. ഇഷാന്‍ കിഷന്റെ കാര്യത്തിലുള്ള അവ്യക്തതയാണ് ജുറേലിനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ജുറേലിനു അവസരം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. കാരണം കെഎല്‍ രാഹുലും കെഎസ് ഭരതും വിക്കറ്റ് കീപ്പര്‍മാരായി നിലവില്‍ സംഘത്തിലുണ്ട്. എങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ അവസരം ലഭിക്കുന്നത് ജുറേലിന്റെ കരിയറിനു ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്.

സാമ്പത്തിക പരാധീനതകളും കുടുംബത്തിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പിന്തുണയും ലഭിക്കാതിരുന്നതു കാരണം 14ാം വയസ്സില്‍ തന്നെ ജുറേല്‍ ക്രിക്കറ്റ് വിടാന്‍ ആലോചിച്ചിരുന്നു. പക്ഷെ അമ്മയുടെ വലിയൊരു ത്യാഗമാണ് താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചത്. അതുകൊണ്ടു തന്നെ തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ അമ്മയ്ക്കു വേണ്ടി ജുറേലിനു ജയിച്ചേ തീരൂ. താരത്തിന്റെ കരിയറില്‍ ടേണിങ് പോയിന്റായി മാറിയ സംഭവത്തെക്കുറിച്ചറിയാം.

കുട്ടിക്കാലം പിന്നിട്ട് ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മനസ്സിലാക്കിയ സമയം മുതല്‍ രണ്ടു ലക്ഷ്യങ്ങളായിരുന്നു ജുറേലിനുണ്ടായിരുന്നത്. ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച് ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു ഇവയിലൊന്ന്. പക്ഷെ അതിലും പ്രധാനം തന്റെ അമ്മയുടെ ത്യാഗം പാഴായിപ്പോവരുതെന്നു ഉറപ്പ് വരുത്തണമെന്നതായിരുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനായ നേം സിങ് ജുറേലാണ് താരത്തിന്റെ അച്ഛന്‍. ക്രിക്കറ്റെന്നല്ല, മകന്‍ ഒരു കായിക ഇനത്തിലേക്കു വരണമെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. തന്റെ വഴിയെ ജുറേലും സൈന്യത്തില്‍ ചേരണമെന്നും അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവണമെന്നുമായിരുന്നു അദ്ദേഹത്തിന്റ മോഹം.

ജുറേലിനു 14 വയസ്സുള്ളപ്പോഴായിരുന്നു ആ സംഭവം നടന്നത്. ക്രിക്കറ്റ് ബാറ്റ് വാങ്ങിത്തരണമെന്നു ജുറേല്‍ അച്ഛനോടു ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു അദ്ദേഹം നോ പറയുകയായിരുന്നു. ഇതേ തുടര്‍ന്നു വീടു വിട്ടുപോവുമെന്നു ജുറേല്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഈ സമയത്തു അമ്മയാണ് താരത്തിന്റെ രക്ഷയ്‌ക്കെത്തിയത്. കൈവശമുള്ള സ്വര്‍ണമാല വിറ്റ അവര്‍ മകനു ബാറ്റ് വാങ്ങി നല്‍കുകയായിരുന്നു. ജുറേലിന്റെ ക്രിക്കറ്റിലേക്കുള്ള യാത്രയുടെ യഥാര്‍ഥ തുടക്കവും ഇവിടെ നിന്നായിരുന്നു.

DHRUV JUREL

അമ്മ ചെയ്ത ത്യാഗത്തെക്കുറിച്ചു തനിക്കു ആ സമയത്തു മനസ്സിലായില്ലെന്നും പിന്നീട് ഇതേക്കുറിച്ചു തിരിച്ചറിഞ്ഞ ശേഷമാണ് കൂടുതല്‍ ദൃഢനിശ്ചയത്തോടെ ക്രിക്കറ്റുമായി മുന്നോട്ടുപോയതെന്നും ജുറേല്‍ പറയുന്നു. അമ്മ മാത്രമല്ല പിന്നീട് അച്ഛന്റെ പിന്തുണയും ജുറേലിന്റെ കരിയറിനു മുതല്‍ക്കൂട്ടായിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച ശേഷം മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് താരത്തിനു ഐപിഎല്‍ കരാര്‍ ലഭിച്ചത്.

ജുറേലിനൊപ്പം ലോകകപ്പ് ടീമിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍, പ്രിയം ഗാര്‍ഗ്, രവി ബിഷ്‌നോയ് എന്നിവരെല്ലാം അപ്പോഴേക്കും ഐപിഎല്ലില്‍ അരങ്ങേറുകയും ചെയ്തു. പക്ഷെ അതൊന്നും നെഗറ്റീവായി തന്നെ ബാധിച്ചില്ലെന്നു ജുറേല്‍ പറയുന്നു. മറ്റുള്ളവരില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ നീ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അച്ഛന്റെ ഉപദേശം. തന്റെ സമയത്തിനായി എല്ലായ്‌പ്പോഴും കാത്തിരിക്കുകയും ചെയ്തതായും ജുറേല്‍ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം അരങ്ങേറിയ താരം കന്നി സീസണില്‍ തന്നെ ചില മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റോയല്‍സിന്റെ മല്‍സരം കാണാനെത്തിയ ശേഷം അച്ഛന്‍ പറഞ്ഞ വാക്കുകളാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ സമ്മാനമെന്നാണ് ജുറേല്‍ പറയുന്നത്. ജയ്പൂരില്‍ നടന്ന മല്‍സരം കാണാന്‍ അവര്‍ വന്നിരുന്നു. നിന്റെ സ്വര്‍ണമാല ഇന്നു ശരിക്കും മുതലായെന്നായിരുന്നു അമ്മയോടു അച്ഛന്‍ പറഞ്ഞതെന്നും ജുറേല്‍ വെളിപ്പെടുത്തി.

Story first published: Saturday, January 13, 2024, 12:30 [IST]
Other articles published on Jan 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+