For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അരങ്ങേറാന്‍ ജുറേല്‍! മൂന്നാമങ്കത്തില്‍ ആരൊക്കെ? ടീം ഇന്ത്യക്കു 5 തലവേദനകള്‍

രാജ്‌കോട്ട്: ചെറിയൊരു ബ്രേക്കിനു ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു വ്യാഴാഴ്ച മുതല്‍ രാജ്‌കോട്ടില്‍ തുടക്കമാവുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പമായതിനാല്‍ മൂന്നാമങ്കം തീപാറുമെന്നുറപ്പാണ്. ഹൈദരാബാദിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് 28 റണ്‍സിന്റെ വിജയം കൊയ്തത്.

വിശാഖപട്ടണത്തെ രണ്ടാമങ്കത്തില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ 106 റണ്‍സിനു ഇംഗ്ലണ്ടിനെ തീര്‍ക്കുകയായിരുന്നു. രണ്ടു ടെസ്റ്റുകളും നാലു ദിവസം കൊണ്ട് തന്നെ അവസാനിക്കുകയും ചെയ്തിരുന്നു. മൂന്നാം ടെസ്റ്റിനായി പടയൊരുക്കം നടത്തുമ്പോള്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും തലവേദനയായി മാറിയിരിക്കുകയാണ്.

DHRUV JUREL

ഏറ്റവും മികച്ച ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്ന കാര്യത്തില്‍ ഇരുവര്‍ക്കും ഇപ്പോഴും വ്യക്തതയില്ല. വരുംദിവസങ്ങളില്‍ ഇതിനുള്ള ഉത്തരം കണ്ടെത്താനാണ് ഇരുവരുടെയും ശ്രമം. പ്രധാനമായും അഞ്ചു കാര്യങ്ങളാണ് ടീം മാനേജ്‌മെന്റിനു തലവേദനയായി മാറിയിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെ തലവേദന മധ്യനിരയില്‍ രജത് പാട്ടിധാര്‍, പുതുമുഖം സര്‍ഫറാസ് ഖാന്‍ ഇവരില്‍ ആരെ കളിപ്പിക്കുമെന്ന കാര്യത്തിലാണ്. കഴിഞ്ഞ ടെസ്റ്റിലൂടെ പാട്ടിധാര്‍ ഇന്ത്യക്കായി അരങ്ങേറിയിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. 32, 9 എന്നിങ്ങനെ സ്‌കോറുള്‍ക്കു പാട്ടിധാര്‍ പുറത്താവുകയായിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിനു പകരം സര്‍ഫറാസിനെ പരീക്ഷിക്കണമോയെന്നാണ് ഇന്ത്യ ആലോചിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുന്ന സര്‍ഫറാസ് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ പരമ്പരയിലൂടെ ദേശീയ ടീമിലെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം അരങ്ങേറ്റം കാത്തിരിക്കുകയാണ്. പക്ഷെ ഒരൊറ്റ ടെസ്റ്റിലെ പ്രകടനം കൊണ്ടു മാത്രം പാട്ടിധാറിനെ എഴുതിത്തള്ളുന്നതും ശരിയായിരിക്കില്ല. കഴിവ് തെളിയിക്കാന്‍ അദ്ദേഹം കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ തലവേദന വിക്കറ്റ് കീപ്പറായി കെഎസ് ഭരതിനെ നിലനിര്‍ത്തണമോ, പുതുമുഖമായ ധ്രുവ് ജുറേലിനെ കളിപ്പിക്കണമോയെന്നതാണ്. ഭരതിനു ടെസ്റ്റ് കരിയറില്‍ ഇനിയും വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാനായിട്ടില്ല. 8, 6, 23, 17, 3, 44, 5, 23, 41, 28, 17, 6 എന്നിങ്ങനെയാണ് ടെസ്റ്റ് കരിയറില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. 12 ടെസ്റ്റ് ഇന്നിങ്‌സുകള്‍ക്കു ശേഷം ഭരതിന്റെ ശരാശരി വെറും 20.09 മാത്രമാണ്.

ടെസ്റ്റില്‍ കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പിങ് ദൗത്യത്തില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ഭരതിനു പകരം ഇന്ത്യയുടെ നിലവിലെ ഏക ഓപ്ഷന്‍ ജുറേലാണ്. ഭരതിനെ ഒഴിവാക്കി മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ത്യയുടെ മൂന്നാമത്തെ തലവേദന ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലാണ്. രാജ്‌കോട്ടിലെ പിച്ച് പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ തുണയ്ക്കുമെന്നാണ് ഈ സീസണിലെ രഞ്ജി ട്രോഫിയിലെ മല്‍സരങ്ങള്‍ കാണിച്ചുതന്നിരിക്കുന്നത്. നാലു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന ബൗളിങ് ആക്രമണമായിരിക്കും ഇന്ത്യ പരീക്ഷിച്ചേക്കുക.

ROHIT- DRAVID

നാലാമത്തെ കുഴപ്പിക്കുന്ന ചോദ്യം ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങിലെ പങ്കാളിയായി ആരെ കളിപ്പിക്കുമെന്ന കാര്യത്തിലാണ്. മുഹമ്മദ് സിറാജും മുകേഷ് കുമാറുമാണ് ഈ സ്ഥാനത്തിനായി രംഗത്തുള്ളത്. കൂടാതെ പുതുമുഖമായ ആകാശ് ദീപും ടീമിന്റെ ഭാഗമാണ്.

ടെസ്റ്റിലെ അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ സിറാജ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ അദ്ദേഹത്തിനു പകരം മുകേഷിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല. ഒരേയൊരു വിക്കറ്റാണ് രണ്ടിന്നിങ്‌സുകളിലായി മുകേഷിനു വീഴ്ത്താനായത്.

രവീന്ദ്ര ജഡേജ പൂര്‍ണമായും ഫിറ്റാണോയെന്നതാണ് ഇന്ത്യയെ അലട്ടുന്ന അഞ്ചാമത്തെ പ്രധാനപ്പെട്ട തലവേദന. പരിക്കു കാരണമാണ് അദ്ദേഹത്തിനു രണ്ടാം ടെസ്റ്റില്‍ നിന്നും പിന്മാറേണ്ടി വന്നത്. പരമ്പരയില്‍ ജഡ്ഡു ഇനി കളിക്കില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

പക്ഷെ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അദ്ദേഹം പരിക്കിനെ തോല്‍പ്പിച്ച് ടീമിലേക്കു മടങ്ങിയെത്തുകയായിരുന്നു. മാച്ച് ഫിറ്റ്‌നസ് ഇല്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ ജഡേജയെ റിസ്‌കെടുത്ത് കളിപ്പിക്കാന്‍ ഇന്ത്യ താല്‍പ്പര്യം കാണിക്കില്ല.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, രജത് പാട്ടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ , കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Story first published: Monday, February 12, 2024, 10:43 [IST]
Other articles published on Feb 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+