റാഞ്ചി: ഇംഗ്ലണ്ടുമായുളള ടെസ്റ്റ് പരമ്പരയിലൂടെ പുതിയ താരോദയങ്ങളെ ടീം ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. ചില താരങ്ങളുടെ അരങ്ങേറ്റത്തിനു പരമ്പര ഇതിനകം സാക്ഷിയായിരുന്നു. മധ്യനിര ബാറ്റര്‍മാരായ രജത് പാട്ടിധാര്‍, സര്‍ഫറാസ് ഖാന്‍, വിക്കറ്റ് കീപ്പര്‍ കൂടിയായ ധ്രുവ് ജുറേല്‍, ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് എന്നിവരാണ് കഴിഞ്ഞ നാലു ടെസ്റ്റുകള്‍ക്കിടെ അരങ്ങേറിയത്. ഇക്കൂട്ടത്തില്‍ പാട്ടിധാര്‍ ഏറ്റവും വലിയ ഫ്‌ളേപ്പായി മാറിയപ്പോള്‍ ബാക്കിയുള്ള മൂന്നു പേരും ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഇക്കൂട്ടത്തില്‍ ബാറ്റര്‍മാരായ ജുറേലിന്റെയും സര്‍ഫറാസിന്റെയും പ്രകടനം ഏറെ കൈയടിയും അര്‍ഹിക്കുന്നു. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. രണ്ടു ടെസ്റ്റുകളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇവരില്‍ ആരിലാണ് നിങ്ങള്‍ക്കു കൂടുതല്‍ മതിപ്പ് തോന്നിയത്? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

നേടിയ റണ്‍സ് നോക്കിയാല്‍ ജുറേലും സര്‍ഫറാസും തമ്മില്‍ വലിയൊരു അന്തരം നമുക്കു കാണാന്‍ കഴിയില്ല. സര്‍ഫറാസിനു നാലു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ജുറേലിനു മൂന്നിങ്‌സില്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളൂ. 175 റണ്‍സുമായി ജുറേലാണ് റണ്‍വേട്ടയില്‍ മുന്നില്‍. സര്‍ഫറാസാവട്ടെ 144 റണ്‍സും സ്‌കോര്‍ ചെയ്തു. 87.54 ശരാശരിയില്‍ 53.03 സ്‌ട്രൈക്ക് റേറ്റിലാണ് ജുറേല്‍ 175 റണ്‍സെടുത്തത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും.
സര്‍ഫറാസാവട്ടെ 48 ശരാശരിയില്‍ 75 സ്‌ട്രൈക്ക് റേറ്റിലാണ് 144 റണ്‍സെടുത്തത്. രണ്ടു ഫിഫ്റ്റികളും കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ജുറേലിന്റെ ഉയര്‍ന്ന സ്‌കോര്‍ 90 റണ്‍സും സര്‍ഫറാസിന്റേത് പുറത്താവാതെ നേടിയ 68 റണ്‍സുമാണ്. ഒരു ബാറ്ററുടെ പ്രതിഭ തീര്‍ച്ചയായും അളക്കപ്പെടുന്നത് അയാള്‍ കളിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചായിരിക്കും. അങ്ങനെ നോക്കുമ്പോള്‍ സര്‍ഫറാസിനു മുകളിലാണ് ജുറേലിന്റെ സ്ഥാനമെന്നു നിസംശയം പറയാം.
മൂന്നാം ടെസ്റ്റില്‍ തന്റെ കന്നി ഇന്നിങ്‌സില്‍ 66 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കം 62 റണ്‍സ് അടിച്ചെടുത്തതാണ് സര്‍ഫറാസ് വരവറിയിച്ചത്. പക്ഷെ ടീം ആദ്യം ബാറ്റ് ചെയ്യവെ നാലു വിക്കറ്റിനു 237 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴാണ് താരം ക്രീസിലെത്തിയത്.
അതുകൊണ്ടു തന്നെ സ്വതസിദ്ധമായ ശൈലിയില്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സര്‍ഫറാസിനു സാധിക്കുകയും ചെയ്തു. ജുറേലാവട്ടെ എട്ടാമനായി ഇറങ്ങിയ ശേഷം 104 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 46 റണ്‍സാണ് നേിയത്. ടീം സ്‌കോര്‍ 445 റണ്‍സ് വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും ജുറേല്‍ വഹിച്ചു.
രണ്ടാമിന്നിങ്‌സിലും ബാറ്റിങിനെത്തിയപ്പോള്‍ സര്‍ഫറാസിനു സമ്മര്‍ദ്ദമില്ലായിരുന്നു. കാരണം ടീം നാലിന് 258 റണ്‍സെടുത്തു നില്‍ക്കെയാണ് അദ്ദേഹം ക്രീസിലെത്തിയത്. 72 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 68 റണ്‍സും സര്‍ഫറാസ് നേടി. എന്നാല്‍ ജുറേലിനാവട്ടെ ഈ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യേണ്ടിയും വന്നില്ല.
പക്ഷെ റാഞ്ചിയിലെ നാലാം ടെസ്റ്റിലാണ് സര്‍ഫറാസിന്റെയും ജുറേലിന്റെയും യഥാര്‍ഥ കഴിവ് എത്രത്തോളമുണ്ടെന്നു ലോകമറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ടീം അഞ്ചു വിക്കറ്റിനു 161 റണ്‍സില്‍ നില്‍ക്കെയാണ് സര്‍ഫറാസിന്റെ വരവ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 353 റണ്‍സ് ചേസ് ചെയ്യുകയായിരുന്നു ഇന്ത്യ.
പക്ഷെ ഈ സമ്മര്‍ദ്ദ ഘട്ടത്തില്‍ പോസിറ്റീവ് ക്രിക്കറ്റ് കാഴ്ചവയ്ക്കാന്‍ സര്‍ഫറാസിനായില്ല. തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അഗ്രസീവായി ബാറ്റ് ചെയ്ത അദ്ദേഹം ഇത്തവണ അമിത പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാണ് സ്വീകരിച്ചത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമാവാതെ പാടുപെട്ട സര്‍ഫറാസ് ഒടുവില്‍ 53 ബോളില്‍ ഒരു ഫോറടക്കം 14 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.
പക്ഷെ ഇവിടെയാണ് ജുറേലിന്റെ പ്രതിഭ ലോകം കണ്ടത്. ടീം ആറിനു 171 നില്‍ക്കവെ ക്രീസിലെത്തിയ അദ്ദേഹം വളരെ പോസിറ്റീവായ, പഴുതടച്ച ബാറ്റിങാണ് കാഴ്ചവച്ചത്. സമ്മര്‍ദ്ദ ഘട്ടത്തിലും പോസിറ്റീവായ ക്രിക്കറ്റാണ് ജുറേല്‍ കാഴ്ചവച്ചത്. 149 ബോളില്‍ ആറു ഫോറും നാലു സിക്‌സറുടമക്കം ടീമിനെ 307 വരെയെത്തിക്കുന്നതില്‍ ജുറേല്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

192 റണ്‍സ് പിന്തുടരവെ രണ്ടാമിന്നിങ്‌സിലും സമ്മര്‍ദ്ദഘട്ടത്തെ അതിജീവിക്കാന്‍ തനിക്കാവില്ലെന്നു സര്‍ഫറാസ് കാണിച്ചുതന്നപ്പോള്‍ ജുറേല്‍ വീണ്ടും മികവ് പുറത്തെടുത്തു. ടീം സ്‌കോര്‍ 100ല്‍ നില്‍ക്കെ രജത് പാട്ടിധര്‍ പുറത്തായ ശേഷം അഞ്ചാമനായാണ് സര്‍ഫറാസ് ഇറങ്ങിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി താരം മടങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ അഞ്ചിനു 120ലേക്കു വീണു.
പക്ഷെ തുടര്‍ന്നെത്തിയ ജുറേല്‍ ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്നു സര്‍ഫറാസിനു കാണിച്ചുകൊടുതത്തു. അപരാജിതമായ ആറാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനോടൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി ജുറേല്‍ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 77 ബോളില്‍ രണ്ടു ഫോറടക്കം 39 റണ്‍സാണ് താരം നേടിയത്.
സര്‍ഫറാസിനേക്കാള്‍ മിടുക്കന്‍ താന്‍ തന്നെയാണെന്നു രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം ജുറേല്‍ തെളിയിച്ചിരിക്കുകയാണ്. സമ്മര്‍ദ്ദഘട്ടത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് സര്‍ഫറാസിന്റെ പ്രധാന പോരായ്മ. ഇതു അദ്ദേഹം പരിഹരിച്ചില്ലെങ്കില്‍ ടെസ്റ്റ് ടീമില്‍ അധികം ആയുസ്സുണ്ടാവില്ലെന്നുറപ്പാണ്.