പൂനെ: ഏകപക്ഷീയമെന്നു ഒരു സമയത്തു കരുതപ്പെട്ടിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര ഇപ്പോള്‍ കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്. രാജ്‌കോട്ടിലെ മൂന്നാമങ്കത്തില്‍ ജയിച്ച് ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചതോടെയാണ് ടി20 പരമ്പരയ്ക്കു 'ജീവന്‍' വച്ചത്. ശേഷിച്ച രണ്ടു മല്‍സങ്ങളിലും ഇതോടെ തീപ്പൊരി പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം.
രണ്ടു തുടര്‍ വിജയങ്ങളുടെ ആലസ്യത്തിലിറങ്ങിയ ഇന്ത്യയുടെ കണ്ണു തുറപ്പിക്കുന്ന വിജയമാണ് കഴിഞ്ഞ മല്‍സരത്തില്‍ ജോസ് ബട്‌ലറും സംഘവും സ്വന്തമാക്കിയത്. ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇംഗ്ലണ്ട് ഇതിലൂടെ നല്‍കിയിരിക്കുന്നത്. ഇനിയുള്ള രണ്ടു മല്‍സരങ്ങളിലും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കാനായാല്‍ മാത്രമേ ഇന്ത്യക്കു പരമ്പര വരുതിയിലാക്കാന്‍ സാധിക്കുകയുള്ളൂ.
മൂന്നാം ടി20യിലേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും വെള്ളിയാഴ്ച രാത്രി പൂനെയില്‍ നടക്കാനിരിക്കുന്ന നാലാമങ്കത്തിന് ഇന്ത്യയിറങ്ങുക. കഴിഞ്ഞ മല്‍സരത്തില്‍ തോറ്റ ടീമില്‍ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. പൂനെയില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ഓപ്പണിങ് മാറില്ല
ഇംഗ്ലണ്ടുമായുള്ള നാലാം ടി20യിലും ഓപ്പണിങ് കോമ്പിനേഷന്‍ ഇന്ത്യ മാറ്റാനിടയില്ല. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണും വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. പരമ്പരയിലെ കഴിഞ്ഞ മൂന്നു കളിയിലും ഈ ജോടി പ്രതീക്ഷിച്ചതു പോലെ ക്ലിക്കായിരുന്നില്ല.
എങ്കിലും ഇവരില്‍ തന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും വിശ്വാസമര്‍പ്പിക്കും. അഭിഷേക് മികച്ച പ്രകടനമാണ് ആദ്യ മൂന്നു കളിയിലും കാഴ്ചവച്ചത്. ഒരു ഫിഫ്റ്റിയടക്കം 212.96 സ്‌ട്രൈക്ക് റേറ്റില്‍ 115 റണ്‍സ് താരം നേടിയിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമാണ്.
പക്ഷെ സഞ്ജുവിന് ഈ പരമ്പരയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാനിയിട്ടില്ല. മൂന്നിങ്‌സില്‍ നിന്നും 11.33 ശരാശരിയില്‍ നേടാനായത് വെറും 34 റണ്‍സ് മാത്രം. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ശേഷിച്ച രണ്ടു ടി20കളിലും മികച്ച സ്കോറുകള്‍ സഞ്ജുവിനു അനിവാര്യമാണ്.
മധ്യനിര
ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ കളിക്കേണ്ടത് തകര്‍പ്പന്‍ ഫോമിലുള്ള തിലക് വര്‍മയാണ്. കഴിഞ്ഞ മല്‍സരത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഈ പൊസിഷനില്‍ ഇറങ്ങിയത്. പക്ഷെ 14 റണ്ണെടുത്ത് പുറത്തായി. മൂന്നാം നമ്പര്‍ കൂടുതല്‍ യോജിക്കുന്നത് തിലകിനാണ്. അതിനാല്‍ തന്നെ അടുത്ത കളിയില്‍ അദ്ദേഹം ഈ പൊസിഷനിലേക്കു മടങ്ങിയെത്തുകയും വേണം. തിലകിനു ശേഷം നാലാമനായി സൂര്യയും ബാറ്റ് ചെയ്യണം.
അഞ്ചാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റാനിടയില്ല. അടുത്ത മല്‍സരത്തിലും അദ്ദേഹത്തിനു ഇതേ റോളായിരിക്കും. എന്നാല്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ഫ്‌ളോപ്പായ ധ്രുവ് ജുറേലിനെ ഇന്ത്യ ഒഴിവാക്കിയേക്കും.
പകരം വമ്പനടിക്കാരനായ ബാറ്ററും മീഡിയം പേസ് ഓള്‍റൗണ്ടറുമായ രമണ്‍ദീപ് സിങാണ് പ്ലെയിങ് ഇലവനിലേക്കു വന്നേക്കുക. തുടര്‍ന്ന് ഏഴാമനായി ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും.
ബൗളിങ് ലൈനപ്പ്
ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലും അടുത്ത കളിയില്‍ മാറ്റം പ്രതീക്ഷിക്കാം. ബാറ്റിങിലും ബൗളിങിലും യാതാരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി പകരം ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ ഇന്ത്യ തിരികെ വിളിക്കും. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയ തീരുമാനം പാളിയിരുന്നു.

സ്പിന്‍ ബൗളിങിന്റെ ചുമതല വരുണ്‍ ചക്രര്‍ത്തിക്കു തന്നെയായിരിക്കും. അദ്ദേഹത്തിനു കൂട്ടായി രവി ബിഷ്‌നോയിയുമുണ്ടാവും. അര്‍ഷ്ദീപിനൊപ്പം മുഹമ്മദ് ഷമിയാവും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്.
നാലാമങ്കത്തിലെ ഇന്ത്യന്‍ സാധ്യതാ 11
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, രമണ്‍ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.