പൂനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നിര്‍ണ്ണായകമായ നാലാം ടി20യില്‍ 15 റണ്‍സിന്റെ ജയം ഇന്ത്യ നേടിയതോടെയാണ് പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചത്. ഒരു മത്സരം ശേഷിക്കെ 3-1ന് സൂര്യകുമാര്‍ യാദവും സംഘവും പരമ്പര ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ അലമാരയിലേക്ക് വീണ്ടുമൊരു പരമ്പര കിരീടമെത്തവെ വിവാദവും ശക്തമാവുകയാണ്. നാലാം ടി20യില്‍ ഇന്ത്യ ഉപയോഗിച്ച കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്.
മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ശിവം ദുബെ 53 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ ദുബെയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ദുബെ 34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് 53 റണ്‍സ് നേടിയത്. കളിയിലെ താരമാകാനും ദുബെക്ക് സാധിച്ചു. എന്നാല്‍ അവസാന ഓവറില്‍ ദുബെക്ക് പരിക്കേറ്റു.
ബൗണ്‍സര്‍ ദുബെയുടെ തലയിലില്‍ കൊണ്ടാണ് പരിക്കേറ്റത്. ഇതോടെ ഇന്ത്യയുടെ ബൗളിങ്ങിന്റെ സമയത്ത് ദുബെ ഇറങ്ങിയില്ല. കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയത് ഹര്‍ഷിത് റാണയാണ്. മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ ഹര്‍ഷിതിന് സാധിച്ചു. ഇപ്പോഴിതാ ഇന്ത്യ പേസറായ ഹര്‍ഷിതിനെ ദുബെക്ക് പകരക്കാരനായി ബൗളിങ്ങില്‍ ഉപയോഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്.
അംഗീകരിക്കാനാവാത്ത തീരുമാനമെന്ന് ബട്‌ലര്‍
ശിവം ദുബെ മീഡിയം പേസ് ഓള്‍റൗണ്ടറായ ബൗളറാണ്. ദുബെയുടെ ബൗളിങ് വലിയ നിലവാരം പുലര്‍ത്തുന്നതല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ദുബെക്ക് പകരക്കാരനായി കളിപ്പിക്കേണ്ടത് രമണ്‍ദീപ് സിങ്ങിനെയാണ്. എന്നാല്‍ ഇന്ത്യ ബുദ്ധിപരമായി ഹര്‍ഷിത് റാണയെ ഉപയോഗിച്ചു. ഇന്ത്യയുടെ ഈ തീരുമാനം അപ്പോള്‍ത്തന്നെ ഇംഗ്ലണ്ട് ചോദ്യം ചെയ്തിരുന്നു. ഹര്‍ഷിത് ഇന്ത്യയുടെ മാച്ച് വിന്നറായതിന് പിന്നാലെ വിമര്‍ശനം കടുപ്പിച്ച് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

'ദുബെക്ക് അതേ രീതിയിലുള്ള പകരക്കാരനല്ല ഹര്‍ഷിത് റാണ. ഞങ്ങള്‍ ഇത് അംഗീകരിക്കില്ല. ദുബെ ഇത്രയും വേഗത്തില്‍ പന്തെറിയുമോ അതോ ഹര്‍ഷിത് ദുബെയെപ്പോലെ ബാറ്റ് ചെയ്യുമോ. ഞങ്ങള്‍ ഈ തീരുമാനത്തോട് ശക്തമായ വിയോജിപ്പ് അറിയിക്കുകയാണ്' എന്നാണ് മത്സരശേഷം ബട്‌ലര്‍ പറഞ്ഞത്. ഇംഗ്ലണ്ട് ജയിക്കേണ്ട മത്സരമായിരുന്നു ഹര്‍ഷിതിനെ ഉപയോഗിച്ച് ഇന്ത്യ വിജയിച്ചത്. ഇത് നിയമത്തെ തെറ്റായി ഉപയോഗിക്കുന്നതാണെന്നാണ് ഇംഗ്ലണ്ട് ടീമിന്റെ നിലപാട്.
നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ഹര്‍ഷിത്
മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിച്ചത് ഹര്‍ഷിതിനെ കളിപ്പിക്കാനുള്ള തീരുമാനമായിരുന്നുവെന്ന് പറയാം. നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുകളാണ് ഹര്‍ഷിത് വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ വിശ്വസ്തനായ ലിയാം ലിവിങ്സ്റ്റണെ പുറത്താക്കിയാണ് ഹര്‍ഷിത് തുടങ്ങിയത്. 140ന് മുകളില്‍ വേഗത്തിലെത്തിയ പന്തിലാണ് ലിവിങ്സ്റ്റണ്‍ പുറത്താവുന്നത്. ജേക്കബ് ബെതലിനേയും പുറത്താക്കിയ ഹര്‍ഷിത് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയായിരുന്ന ജാമി ഓവര്‍ട്ടനേയും ക്ലീന്‍ബൗള്‍ഡ് ചെയ്തു.
ദുബെയായിരുന്നു കളിച്ചിരുന്നതെങ്കില്‍ ഇത്തരമൊരു പ്രകടനം ബൗളിങ്ങില്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ലായിരുന്നു. ഹര്‍ഷിതിന് പകരം രമണ്‍ദീപാണ് കളിച്ചതെങ്കിലും ഇത്തരമൊരു പ്രകടനം നടത്തുമോയെന്ന് സംശയമാണ്. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണംകൊണ്ടുവന്ന് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പ്രയാസപ്പെടുത്താന്‍ ഹര്‍ഷിതിന് സാധിച്ചു. ഹര്‍ഷിതിന്റെ ബൗളിങ് മികവ് മനസിലാക്കി ഇന്ത്യ വരുത്തിയ നിര്‍ണ്ണായകമായ മാറ്റമാണ് കരുത്തായതെന്ന് നിസംശയം പറയാം.
നിയമത്തെ ഇന്ത്യ ദുരുപയോഗം ചെയ്‌തോ?
കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമപ്രകാരം പരിക്കേറ്റ ഒരു താരത്തിന് പകരക്കാരനായി കളിക്കേണ്ടത് അതേ മികവുള്ള താരത്തെയാണ്. ഓള്‍റൗണ്ടര്‍ക്ക് പരിക്കേറ്റാല്‍ ഓള്‍റൗണ്ടറെ തന്നെ പകരക്കാരനായി കളിപ്പിക്കണം. ദുബെക്ക് പരിക്കേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ പകരക്കാരനായി കളിപ്പിക്കേണ്ടത് അതേ മികവുള്ള ഓള്‍റൗണ്ടറെയാണ്.
ഹര്‍ഷിത് റാണ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ ഓള്‍റൗണ്ടറാണെന്ന് പറയാനാവില്ല. പക്ഷെ ഇന്ത്യ നിയമത്തെ ദുരുപയോഗം ചെയ്തുവെന്ന് തന്നെ പറയാവുന്ന തരത്തിലാണ് ഹര്‍ഷിത് റാണയെ പകരക്കാരനായി കളിപ്പിച്ചതെന്ന് നിസംശയം പറയാം.