ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് പുരോഗമിക്കവെ ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് ജോ റൂട്ടാണ്. ആദ്യ ഇന്നിങ്‌സില്‍ 29 റണ്‍സ് നേടിയ താരം നിര്‍ണ്ണായകമായ രണ്ടാം ഇന്നിങ്‌സില്‍ 2 റണ്‍സ് മാത്രം നേടിയാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയില്‍ ഇന്ത്യ ഏറ്റവും ഭയക്കുന്ന താരമാണ് റൂട്ട്. അവസാന ഇന്ത്യന്‍ പരമ്പരയിലും റൂട്ട് കസറിയെങ്കിലും ഇത്തവണ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയും രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയുമാണ് റൂട്ടിനെ പുറത്താക്കിയത്.
നാല് വിക്കറ്റുമായി തിളങ്ങിയെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ റൂട്ടിന് മികവ് കാട്ടാനായില്ല. ഇപ്പോഴിതാ മോശം ബാറ്റിങ് പ്രകടനത്തിനിടെയിലും വമ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ജോ റൂട്ട്. ഇന്ത്യക്കെതിരേ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ റൂട്ടിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്ങിനെയാണ് റൂട്ട് മറികടന്നത്.
പോണ്ടിങ് 29 ടെസ്റ്റാണ് ഇന്ത്യക്കെതിരേ കളിച്ചത്. 51 ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പോണ്ടിങ് 54.36 ശരാശരിയില്‍ 2555 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സിലെ പ്രകടനത്തോടെ റൂട്ട് പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് നേടിയതോടെ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ റൂട്ടിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരേ 26 ടെസ്റ്റ് കളിച്ച റൂട്ട് 47 ഇന്നിങ്‌സില്‍ നിന്നായി 2557 റണ്‍സാണ് അടിച്ചെടുത്തത്. 60ന് മുകളിലാണ് റൂട്ടിന്റെ ശരാശരി.
9 സെഞ്ച്വറിയും 10 ഫിഫ്റ്റിയും ഉള്‍പ്പെടെയാണ് റൂട്ട് ഇന്ത്യക്കെതിരേ കസറിയത്. ഇന്ത്യയിലെ സ്പിന്‍ പിച്ചിലടക്കം മികവ് കാട്ടി കൈയടി നേടാന്‍ റൂട്ടിന് സാധിച്ചിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്കാണ്. 30 മത്സരത്തില്‍ നിന്ന് 2431 റണ്‍സാണ് കുക്ക് നേടിയത്. 47ന് മുകളില്‍ ശരാശരിയില്‍ കളിച്ച കുക്ക് 7 സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറികളും നേടി.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്ലെയ്‌വ് ലോയ്ഡ് ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 28 മത്സരത്തില്‍ നിന്ന് 2344 റണ്‍സാണ് അദ്ദേഹം നേടിയത്. 58ന് മുകളിലായിരുന്നു ശരാശരി. 7 സെഞ്ച്വറിയും 12 ഫിഫ്റ്റിയും ഇന്ത്യക്കെതിരേ നേടിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദാണ്. 28 മത്സരത്തില്‍ നിന്ന് 2228 റണ്‍സാണ് അദ്ദേഹം നേടിയത്. 67.51 ശരാശരിയില്‍ കളിച്ച താരം 5 സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറികളുമാണ് നേടിയത്.
നേരത്തെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ റെക്കോഡിലും റൂട്ട് തലപ്പത്തേക്കെത്തിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെ കടത്തിവെട്ടിയാണ് റൂട്ട് തലപ്പത്തേക്കെത്തിയത്. വലിയ പ്രകടനം കാഴ്ചവെക്കാതെ തന്നെ രണ്ട് വമ്പന്‍ റെക്കോഡുകള്‍ റൂട്ട് സ്വന്തം പേരിലാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ഇംഗ്ലണ്ടിന്റെ മറ്റ് ബൗളര്‍മാരൊന്നും നിലവാരം കാട്ടാതിരുന്നപ്പോള്‍ റൂട്ടാണ് പന്തുകൊണ്ട് പടനയിച്ചത്.
ഇന്ത്യയുടെ നാല് നിര്‍ണ്ണായക വിക്കറ്റുകളാണ് റൂട്ട് നേടിയതെന്ന് പറയാം. യശ്വസി ജയ്‌സ്വാളിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ റൂട്ട് രവീന്ദ്ര ജഡേജ എല്‍ബിയിലും കുടുക്കി. കെ എസ് ഭരത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ റൂട്ട് ജസ്പ്രീത് ബുംറയെ ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. 190 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ നിലവില്‍ ഡ്രൈവിങ് സീറ്റിലാണ്.