Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയെ ഇത്തവണ തകര്‍ക്കും, തന്ത്രം തയ്യാര്‍- മുന്നറിയിപ്പ് നല്‍കി ആന്‍ഡേഴ്‌സന്‍

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യയാണ് വേദിയാവുന്നത്. തട്ടകത്തില്‍ മികച്ച ടെസ്റ്റ് റെക്കോഡ് ഇന്ത്യക്കുണ്ട്. ഇംഗ്ലണ്ടിന്റെ അവസാന ഇന്ത്യന്‍ പര്യടനത്തിലും നാണംകെടുത്തി മടക്കി അയക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലണ്ടിനെ ഇന്ത്യ ഭയക്കണം.

ഇപ്പോഴിതാ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസറായ ജെയിംസ് ആന്‍ഡേഴ്‌സന്‍. ഇന്ത്യന്‍ പര്യടനത്തിനായി റണ്ണപ്പിലടക്കം മാറ്റംവരുത്തി താന്‍ തയ്യാറായിരിക്കുകയാണെന്നാണ് ആന്‍ഡേഴ്‌സന്‍ പറയുന്നത്. ദി ടെലഗ്രാഫിനോട് സംസാരിക്കവെയാണ് ആന്‍ഡേഴ്‌സണിന്റെ തുറന്ന് പറച്ചില്‍. 'ആഷസിലെ എന്റെ പ്രകടനത്തിലേക്കാണ് ഞാന്‍ ഉറ്റുനോക്കിയത്. ഞാന്‍ മോശമായാണ് പന്തെറിഞ്ഞതെന്ന് കരുതുന്നില്ല.

എന്നാല്‍ ആര്‍ക്കും വലിയ ഭീഷണിയാകുന്ന ബൗളിങ് കാഴ്ചവെച്ചതായും കരുതുന്നില്ല. പന്തിന് വലിയ സ്വിങ് ലഭിച്ചിരുന്നില്ല. എന്റെ ശൈലിക്ക് അനുയോജ്യമായ പിച്ചായിരുന്നില്ല അത്. എന്നാല്‍ ഇത്തരം പിച്ചുകളില്‍ പന്തെറിഞ്ഞ് വിക്കറ്റ് നേടാന്‍ ആഗ്രഹിക്കുന്ന ബൗളറാണ് ഞാന്‍. ഇന്ത്യയിലും പേസര്‍മാര്‍ക്ക് അത്ര എളുപ്പമല്ല. എന്നാല്‍ അവിടെ എനിക്ക് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാനായിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് കളിക്കാനാണ് ശ്രമിക്കുന്നത്. എന്റെ റണ്ണപ്പാണ് പ്രധാന കാര്യം. അതിനെ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

എന്നാല്‍ എന്റെ റണ്ണപ്പിന്റെ സ്പീഡ് ഉയര്‍ത്തുകയല്ല ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വരുത്തിയിരിക്കുന്ന മാറ്റം എനിക്ക് മികച്ച ഫലം നല്‍കുകയും ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യുന്നു'- ആന്‍ഡേഴ്‌സന്‍ പറഞ്ഞു. ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയുടെ പ്രകടനത്തേക്കാളുപരിയായി ബാറ്റിങ് നിരയുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബ്രണ്ടന്‍ മക്കല്ലം പരിശീലകനായ ശേഷം ബാസ്‌ബോള്‍ ശൈലിയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്.

england

ടെസ്റ്റ് ക്രിക്കറ്റിലെ പതിവ് ശൈലിയായ പ്രതിരോധ രീതി ഇപ്പോള്‍ ഇംഗ്ലണ്ടിനില്ല. ആക്രമണത്തിന് പ്രാധാന്യം നല്‍കുന്ന കളിയാണ് ഇംഗ്ലണ്ട് കാഴ്ചവെക്കുന്നത്. ഇതേ ശൈലി ഇന്ത്യക്കെതിരേയും കാഴ്ചവെക്കുമെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക് എന്നിവരെല്ലാം തല്ലിത്തകര്‍ക്കാന്‍ കഴിവുള്ളവരാണ്. ജോ റൂട്ടിന്റെ ക്ലാസിക് ശൈലിയും ഇംഗ്ലണ്ടിന് കരുത്താവും.

ഇന്ത്യ നാല് സ്പിന്നര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ഇന്ത്യ സ്പിന്‍ പിച്ചൊരുക്കുമെന്നുറപ്പ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്നര്‍മാരായുള്ളത്. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയിലേക്കെത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സന്ദര്‍ശകരെ തകര്‍ത്തത്. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന അക്ഷര്‍ പ്ലേയിങ് 11ല്‍ ഉണ്ടാകുമെന്നുറപ്പാണ്.

ഇംഗ്ലണ്ടിന്റെ പേസ് നിരയും സ്പിന്‍ നിരയും ശക്തമാണ്. ഇന്ത്യയുടെ സ്പിന്‍ കെണിയെ അതേ നാണയത്തില്‍ നേരിടാന്‍ യുവ സ്പിന്നര്‍മാരെയടക്കം ഒപ്പം കൂട്ടിയാണ് ഇംഗ്ലണ്ട് എത്തുന്നത്. ടോം ഹാര്‍ട്ട്‌ലി, ഒലി റോബിന്‍സന്‍, മാര്‍ക്ക് വുഡ്, ഗസ് ആറ്റ്കിന്‍സന്‍, ജാക്ക് ലീച്ച് എന്നിവര്‍ക്കെല്ലാമൊപ്പം ഷൊയൈബ് ബഷീറിനേയും ഇംഗ്ലണ്ട് പരിഗണിച്ചിട്ടുണ്ട്. യുവ സ്പിന്നറെ ഇന്ത്യക്കെതിരേ വജ്രായുധമാക്കി കളത്തിലിറക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതി.

ഇന്ത്യയുടെ സ്പിന്‍ നിരയെ നേരിട്ട് മികച്ച സ്‌കോര്‍ നേടാനായാല്‍ ഇംഗ്ലണ്ടിന് വിജയം പ്രതീക്ഷിക്കാം. ആന്‍ഡേഴ്‌സന് ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുണ്ട്. ഇത് മുതലാക്കി പന്തെറിയാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്‍ ദൗര്‍ബല്യമുണ്ട്. ഇത് മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, January 17, 2024, 11:38 [IST]
Other articles published on Jan 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+