For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഓവലില്‍ കാത്തിരുന്ന് കാണേണ്ട മൂന്ന് താരപോരാട്ടങ്ങള്‍, കോലിക്ക് വെല്ലുവിളി ആന്‍ഡേഴ്‌സന്‍

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ഓവലില്‍ ആരംഭിക്കുകയാണ്. നിലവില്‍ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരു ടീമും. അതിനാല്‍ത്തന്നെ നാലാം മത്സരത്തിന്റെ ഫലം വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യ ഒരു തവണ മാത്രം ജയിച്ചിട്ടുള്ള ഓവലില്‍ ഇത്തവണ എന്ത് അത്ഭുതമാണ് കാട്ടാനാവുകയെന്നത് കണ്ടറിയണം. 50 വര്‍ഷത്തിനിടെ മറ്റൊരു ഇന്ത്യന്‍ നായകനും നേടാനാവാത്ത നേട്ടം കോലി സ്വന്തം പേരിലാക്കുമോയെന്നത് കാത്തിരുന്ന് കാണാം.

ലീഡ്‌സില്‍ ജയിച്ച് വലിയ ആത്മവിശ്വാസത്തോടെയാവും ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഡേവിഡ് മലാനും എത്തിയതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്ത് ഉയര്‍ന്നിട്ടുണ്ട്. ഓപ്പണിങ്ങിലും തലവേദന മാറിയതോടെ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ കടന്നാക്രമിക്കുമെന്നുറപ്പ്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ മോശം ഫോമാണ് പ്രശ്‌നം. പേസ് ബൗളിങ് നിര കരുത്തുകാട്ടുന്നുണ്ടെങ്കിലും വിരാട് കോലിയടക്കമുള്ള സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തുന്നു.

ആദ്യ മൂന്ന് മത്സരങ്ങളിലും ഏറ്റവും നിര്‍ണ്ണായകമായ ചില നേര്‍ക്കുനേര്‍ പോരാട്ടങ്ങളുണ്ടായിരുന്നു. വിരാട് കോലിയുടെ വില്ലന്‍ ജെയിംസ് ആന്‍ഡേഴ്‌സനാണെങ്കില്‍ രോഹിത് ശര്‍മയെ പ്രയാസപ്പെടുത്തുന്നത് ഒല്ലി റോബിന്‍സനാണ്. നാലാം ടെസ്റ്റില്‍ കാത്തിരുന്ന് കാണേണ്ട നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ - ഒല്ലി റോബിന്‍സന്‍

രോഹിത് ശര്‍മ - ഒല്ലി റോബിന്‍സന്‍

ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ ശ്രദ്ധേയ പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെക്കുന്നത്. കടന്നാക്രമിച്ച് കളിക്കുന്ന പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഉത്തരവാദിത്തം രോഹിത് കാട്ടുന്നു. ഓപ്പണിങ്ങിലെ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടാണ് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയെ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സഹായിച്ചത്. ഓവലില്‍ ഇന്ത്യ ഇറങ്ങുമ്പോഴും രോഹിതില്‍ പ്രതീക്ഷകളേറെ.

എന്നാല്‍ രോഹിതിന് വലിയ ഭീഷണിയാണ് ഒല്ലി റോബിന്‍സന്‍ ഉയര്‍ത്തുന്നത്. 16 വിക്കറ്റുകള്‍ റോബിന്‍സന്‍ നേടിക്കഴിഞ്ഞു. ഇതില്‍ രണ്ട് തവണയാണ് രോഹിതിനെ അദ്ദേഹം പുറത്താക്കിയത്. 43 ശരാശരിയില്‍ 230 റണ്‍സ് രോഹിതിന്റെ പേരിലുണ്ട്. ഓവലിലും രോഹിത്-റോബിന്‍സന്‍ പോരാട്ടം ആരാധകര്‍ കാത്തിരുന്ന് കാണേണ്ട ഒന്നാണ്.

ജോ റൂട്ട് - ജസ്പ്രീത് ബുംറ

ജോ റൂട്ട് - ജസ്പ്രീത് ബുംറ

ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ആദ്യ മൂന്ന് ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിക്കഴിഞ്ഞു. 64, 109, 180*, 121 എന്നിങ്ങനെയാണ് റൂട്ടിന്റെ സ്‌കോര്‍. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ തലവേദന റൂട്ടിന്റെ വിക്കറ്റാണ്. റൂട്ടിനെ തളക്കാന്‍ ഇന്ത്യന്‍ നിരയിലെ വിശ്വസ്തന്‍ ജസ്പ്രീത് ബുംറയാണ്. പരമ്പരയില്‍ മൂന്ന് തവണ റൂട്ടിനെ പുറത്താക്കാന്‍ ബുംറക്കായി. അതിനാല്‍ത്തന്നെ നാലാം ടെസ്റ്റിലും ഈ താരപോരാട്ടം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായി മാറും. എന്നാല്‍ തുടക്കത്തിലേതന്നെ റൂട്ടിനെ മടക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. പരമ്പരയില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞ ബുംറക്ക് നാലാം ടെസ്റ്റില്‍ റൂട്ടിന്റെ കുതിപ്പിനെ വീണ്ടും തടയിടാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

വിരാട് കോലി - ജെയിംസ് ആന്‍ഡേഴ്‌സന്‍

വിരാട് കോലി - ജെയിംസ് ആന്‍ഡേഴ്‌സന്‍

വര്‍ഷങ്ങളായുള്ള താരപോരാട്ടമാണിത്. ക്രിക്കറ്റിലേക്ക് കോലി വന്നതുമുതല്‍ ഭീഷണി ഉയര്‍ത്തി ആന്‍ഡേഴ്‌സനുണ്ട്. രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ഇതിനെ വിശേഷിപ്പിക്കാം. ഇതിനോടകം ഏഴ് തവണ ടെസ്റ്റില്‍ മാത്രം കോലി ആന്‍ഡേഴ്‌സന് മുന്നില്‍ കീഴടങ്ങി. പരമ്പരയില്‍ കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കാനും ആന്‍ഡേഴ്‌സനായി. 13 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ പരമ്പരയില്‍ നേടിയത്. 124 റണ്‍സാണ് കോലിയുടെ സമ്പാദ്യം. അവസാന 51 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. നാലാം ടെസ്റ്റിലേക്ക് കടക്കുമ്പോഴും ആന്‍ഡേഴ്‌സന്റെ ബൗളിങ്ങാവും കോലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Story first published: Wednesday, September 1, 2021, 11:14 [IST]
Other articles published on Sep 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+