രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 434 റണ്‍സിനാണ് ഇന്ത്യ ജയം നേടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 557 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 122 റണ്‍സില്‍ പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളും (214*) അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.
2 വിക്കറ്റിന് 196 എന്ന നിലയില്‍ നാലാം ദിനം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് ശുബ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 151 പന്ത് നേരിട്ട് 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 91 റണ്‍സ് നേടിയ ഗില്‍ റണ്ണൗട്ടായാണ് പുറത്തായത്. ശുബ്മാന്‍ ഗില്‍ സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും കുല്‍ദീപ് യാദവിന്റെ തെറ്റായ കോളില്‍ റണ്ണൗട്ടായാണ് പുറത്തായത്.
അര്‍ഹിച്ച സെഞ്ച്വറിയാണ് ഗില്ലിന് നഷ്ടമായത്. മൂന്നാം ദിനം നൈറ്റ് വാച്ച്മാനായെത്തിയ കുല്‍ദീപ് യാദവ് നാലാം ദിനം ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി.
91 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സാണ് കുല്‍ദീപ് നേടിയത്. മൂന്നാം ദിനം റിട്ടേര്‍ഡ് ഹര്‍ട്ടായ യശ്വസി ജയ്‌സ്വാള്‍ നാലാം ദിനം ബാറ്റുചെയ്യാന്‍ തിരിച്ചെത്തി. സെഞ്ച്വറിയില്‍ നിന്ന് തുടങ്ങിയ ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെയാണ് കത്തിക്കയറിയത്. 236 പന്ത് നേരിട്ട് 14 ഫോറും 12 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 214 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ കസറിയത്. ആക്രമണ ക്രിക്കറ്റാണ് താരം കാഴ്ചവെച്ചത്.
ഇന്ത്യക്കായി ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 10 സിക്‌സുകള്‍ നേടുന്ന ആദ്യ താരമായി മാറാന്‍ ജയ്‌സ്വാളിനായി. ഈ പരമ്പരയിലെ താരത്തിന്റെ രണ്ടാം ഇരട്ട സെഞ്ച്വറി പ്രകടനമാണിത്. 22കാരനായ താരം ഇതിനോടകം 2 ഇരട്ട സെഞ്ച്വറി പ്രകടനങ്ങളാണ് സ്വന്തം പേരിലാക്കിയത്. ഒരുവശത്ത് സര്‍ഫറാസ് ഖാനും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

72 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സോടെ സര്‍ഫറാസ് പുറത്താവാതെ നിന്നു. ഇതോടെ നാല് വിക്കറ്റിന് 430 റണ്‍സെന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 557 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെക്കുകയും ചെയ്തു.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ ബെന്‍ ഡക്കെറ്റ് പുറത്തായി. 15 പന്ത് നേരിട്ട് 4 റണ്‍സ് നേടിയ ഡക്കറ്റ് റണ്ണൗട്ടാവുകയായിരുന്നു.
മുഹമ്മദ് സിറാജിന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലാണ് ഡക്കെറ്റിനെ റണ്ണൗട്ടാക്കിയത്. അപകടകാരിയായ സാക്ക് ക്രോളിയും (11) വലിയ സ്‌കോര്‍ നേടാതെ മടങ്ങി. ജസ്പ്രീത് ബുംറയാണ് ക്രോളിയെ എല്‍ബിയില്‍ കുടുക്കിയത്. ചായക്ക് ശേഷം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം പാളി.
3 റണ്‍സെടുത്ത ഒലി പോപ്പിനെ രവീന്ദ്ര ജഡേജ സ്ലിപ്പില്‍ രോഹിത്തിന്റെ കൈയിലെത്തിച്ചു. അപകടകാരിയ ജോണി ബെയര്‍സ്‌റ്റോയെ (4) രോഹിത് എല്‍ബിയില്‍ കുടുക്കതി. ഇതോടെ 28ന് നാല് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്‌സും ജോ റൂട്ടും ചേര്‍ന്ന് അല്‍പ്പനേരം പിടിച്ചുനിന്നു. 40 പന്ത് നേരിട്ട് 7 റണ്‍സെടുത്ത റൂട്ടിനെ രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കി. ഏഴാം തവണയാണ് റൂട്ടിനെ ടെസ്റ്റില്‍ ജഡേജ വീഴ്ത്തുന്നത്. 39 പന്തില്‍ 15 റണ്‍സെടുത്ത നായകന്‍ സ്റ്റോക്‌സിനെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കി. കുല്‍ദീപിനെ സിക്‌സറിന് ശ്രമിച്ച റഹാന്‍ അഹമ്മദ് ഡെക്കിന് പുറത്തായി.
അല്‍പ്പനേരം പിടിച്ചുനിന്ന ബെന്‍ ഫോക്‌സിനെ (16) ജഡേജ ജുറേലിന്റെ കൈയിലെത്തിച്ചു. ടോം ഹാര്‍ട്ട്‌ലിനെ (16) അശ്വിന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ മാര്‍ക്ക് വുഡിനെ ( 33) പുറത്താക്കി ജഡേജ ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടേയും (131) രവീന്ദ്ര ജഡേജയുടേയും (112) സെഞ്ച്വറി പ്രകടനങ്ങളാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത്. സര്‍ഫറാസ് ഖാന്‍ 62 റണ്‍സും നേടി. ദ്രുവ് ജുറേല്‍ 46 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 319 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇതോടെ 126 റണ്‍സിന്റെ ലീഡും ഇന്ത്യ അടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കെറ്റിന്റെ (153) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകളും ആര്‍ അശ്വിനും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകളും പങ്കിട്ടു.