ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡുമായി പിടിമുറുക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 251ന് മുകൡ ലീഡ് ശുഭ്മന്‍ ഗില്ലും സംഘവും കൈക്കലാക്കി കഴിഞ്ഞു. ഓവലിലെ പിച്ചില്‍ ഇതു വിന്നിങ് ലീഡ് തന്നെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. എങ്കിലും ഡിക്ലയര്‍ ചെയ്യാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. രണ്ടു ദിവസം ഇനിയും ബാക്കിയുള്ളതിനാല്‍ കഴിയാവുന്നത്രയും റണ്‍സ് അടിച്ചെടുത്താനാണ് ഇന്ത്യയുടെ ശ്രമം.
ഈ പരമ്പരയില്‍ ഇരുടീമിലെയും താരങ്ങള്‍ പരസ്പരം സ്ലെഡ്ജ് ചെയ്യുന്നതും വാക്‌പോരില്‍ ഏര്‍പ്പെടുന്നതുമെല്ലാം നമ്മള്‍ പല കണ്ടു കഴിഞ്ഞു. ഓവല്‍ ടെസ്റ്റിലും കാര്യങ്ങള്‍ക്കു മാറ്റമില്ലായിരുന്നു. മൂന്നാംദിനം ലഞ്ച് ബ്രേക്കിനിടെയും കളിക്കാര്‍ തമ്മില്‍ ഉരസുന്നത് കണ്ടു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Screenshot: Sky Sports Cricket
ജയ്‌സ്വാളിനെതിരേ പ്രകോപനം
ഓവല്‍ ടെസ്റ്റിന്റെ മൂന്നാംദിനം ലഞ്ച് ബ്രേക്കിനായി പിരിയവെയായിരുന്നു നാടകീയ രംഗങ്ങള്‍. ഇന്ത്യ മൂന്നു വിക്കറ്റിനു 189 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു കളിയില്‍ ബ്രേക്ക് വന്നത്. 85 റണ്‍സോടെ യശസ്വി ജയ്‌സ്വാളും 11 റണ്‍സുമായി നായകന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു അപ്പോള്‍ ക്രീസില്‍.
ഗില്ലും ജയ്‌സ്വാളും പരസ്പരം സംസാരിച്ചു കൊണ്ടു ഗ്രൗണ്ടിലേക്കു പുറത്തേക്കു പോകവെ ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രോളി ഇവര്‍ക്കു അടുത്തേക്കു വന്നത് എന്തോ പറയുന്നത് കാണാമായിരുന്നു. പിന്നാലെ മറ്റൊരു ഓപ്പണര്‍ ബെന്‍ ഡക്കെറ്റും ഒപ്പം ചേര്‍ന്ന് ജയ്‌സ്വാളിനോടു പലതും പറഞ്ഞു കൊണ്ടിരുന്നു. പിന്നാലെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒല്ലി പോപ്പും ജയ്‌സ്വാളിന്റെ തോളില്‍ പിടിച്ച് പലതും പറഞ്ഞു. ആദ്യം അതു വെറുമൊരു സൗഹൃദ സംഭാഷണമെന്നാണ് കരുതിയത്.
ജയ്‌സ്വാളിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന ഇംഗ്ലീഷ് താരങ്ങള്‍. വീഡിയോ കാണാം
എന്നാല്‍ അങ്ങനെയായിരുന്നില്ലെന്നു പിന്നാലെ വ്യക്തമായി. അതുവരെ വളരെ ശാന്തമായി കാര്യമായി തിരിച്ചൊന്നും പറയാതിരുന്ന ജയ്‌സ്വാള്‍ പെട്ടെന്നു ക്ഷുഭിതനാവുകയും ഇംഗ്ലീഷ് താരങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടി പ്രതികരിക്കുകയും ചെയ്തു. അദ്ദേഹത്തെ പരിഹസിക്കുകയാണ് ക്രോളിയും ഡക്കെറ്റുമെല്ലാം ചെയ്തതെന്നു ഇതോടെയാണ് വ്യക്തമായത്.
പക്ഷെ സംഭവം കൂടുതല്‍ വഷളാവാതെ നോക്കാന്‍ കൂടെയുണ്ടായിരുന്ന ഗില്‍ ശ്രദ്ധിച്ചു. ജയ്‌സ്വാളിന്റെ തോളില്‍ തട്ടിയ ശേഷം അതു വിട്ടേക്കൂ എന്ന തരത്തില്‍ അദ്ദേഹം ശാന്തനാക്കുകയായിരുന്നു. ഇതോടെ ക്യാപ്റ്റനെ അനുസരിച്ച ജയ്‌സ്വാള്‍ ഒന്നും മിണ്ടാതെ ഡ്രസിങ് റൂമിലേക്കു തിരികെ കയറകയും ചെയ്തു.

പരിഹാസത്തിന് കാരണമെന്ത് ?
യശസ്വി ജയ്‌സ്വാളിനെ ഇംഗ്ലീഷ് താരങ്ങള്‍ എന്തു കാരണത്താലാണ് പരിഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതെന്നു വ്യക്തമല്ല. ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പുള്ള ഓവര്‍ ബൗള്‍ ചെയ്തത് പേസര്‍ ജോഷ് ടങാണ്. ഈ ഓവറിലെ അഞ്ചാമത്തെ ബോളിനു ശേഷം ജയ്‌സ്വാള്‍ കാല്‍പ്പേശിക്കും നടുഭാഗത്തുമെല്ലാം വേദനയുണ്ടെന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ അല്‍പ്പം സ്ലോയാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്.
മെഡിക്കല്‍ സംഘത്തെ വിളിക്കാനുള്ള ഒരു ശ്രമമൊക്കെ ജയ്‌സ്വാളിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നതായി വ്യക്തമാണ്. പക്ഷെ അംപയര്‍ അഹ്‌സന്‍ റസ്സ ഇതിനെ കാര്യമായി ഗൗനിച്ചതുമില്ല. വളരെ പെട്ടെന്നു തന്നെ അടുത്ത ബോളെറിയുകയും ഇതോടെ ലഞ്ച് ബ്രേക്കിനു പിരിയുകയായിരുന്നു.
പരിക്കാണെന്നു കാണിച്ച് കളി അല്‍പ്പം വൈകിപ്പിക്കാനുള്ള ജയ്‌സ്വാളിന്റെ ശ്രമത്തെയാവാം ഡക്കെറ്റും ക്രോളിയുമെല്ലം പരിഹസിച്ചതെന്നു സംശയിക്കേണ്ടി വരും. നേരത്തേ രണ്ടാം ടെസ്റ്റില്‍ ഈ തരത്തില്‍ ക്രോളിയും ഡക്കെറ്റും കളി വൈകിപ്പിക്കാനുള്ള ശ്രമം നടത്തിയതിനെ തുടര്‍ന്ന് നായകന്‍ ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ താരങ്ങളും അവരെ കൈയടിച്ച് പരിഹസിച്ചിരുന്നു. ഇതാവാം ജയ്‌സ്വാളിനെതിരേ അവരും തിരിച്ചടിക്കാനുള്ള കാരണമെന്നാണ് വ്യക്തമാവുന്നത്.