സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയ്ക്കു ശേഷം അടുത്ത പരമ്പരയില്‍ പുതിയ ലുക്കിലുള്ള ഒരു ടീം ഇന്ത്യയെയാവും നമുക്കു കാണാന്‍ സാധിക്കുക. കാരണം ഇപ്പോള്‍ സൗത്താഫ്രിക്കയില്‍ പര്യടനം നടത്തുന്ന സംഘത്തില്‍ പല ഫസ്റ്റ് ചോയ്‌സ് താരങ്ങളും ഉള്‍പ്പെട്ടിട്ടില്ല. ഓസ്ട്രലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാലാണ് സൗത്താഫ്രിക്കയുമായുള്ള പരമ്പര മുന്‍നിര താരങ്ങള്‍ക്കു നഷ്ടമായത്.
എന്നാല്‍ അടുത്ത ടി20 പരമ്പരയില്‍ ഇവരെല്ലാം ടീമില്‍ മടങ്ങിയെത്തുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ കൂടുതല്‍ കരുത്തുറ്റ ഒരു ടീമിനെ നമുക്കു തീര്‍ച്ചയായും കാണാം. ഈ വര്‍ഷത്തെ അവസാനത്തെ ടി20 പരമ്പരയിലാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ടി20 പരമ്പര 2025 ജനുവരിയിലാണ്.
നാട്ടില്‍ വച്ച് കരുത്തരായ ഇംഗ്ലണ്ടുമായി അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം പോരടിക്കുക. ജനുവരി 23 മുതല്‍ ഫെബ്രുവരി മൂന്നു വരെയാണ് ടി20 പരമ്പര നടക്കാനിരിക്കുന്നത്. ഏറ്റവും മികച്ച ടീമിനെയാവും ഇംഗ്ലണ്ടിനെ ഇന്ത്യ കളത്തിലിറക്കുകയെന്നുറപ്പാണ്. എങ്ങനെയാവും അടുത്ത ടി20 പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനെന്നു നമുക്കു നോക്കാം.

പുതിയ ഓപ്പണിങ് ജോടികള്‍
സൗത്താഫ്രിക്കയ്‌ക്കെതിരേ മലയാളി താരം സഞ്ജു സാംസണും യുവതാരം അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ മറ്റൊരു ഓപ്പണിങ് ജോടിയെ നമുക്കു തീര്‍ച്ചയായും കാണാം. ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളായ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ഇംഗ്ലണ്ടിനെതതിരായ ടി20 പരമ്പരയില്‍ ടീമിലേക്കു മടങ്ങിയെത്തും. എന്നാല്‍ ഇവരിലൊരാളെ മാത്രമേ പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തുകയുള്ളൂ.
ജയ്‌സ്വാള്‍ പ്ലെയിങ് ഇലവനിലെത്തുമ്പോള്‍ ഭാവി ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഗില്ലിനു വാട്ടര്‍ ബോയി ആവേണ്ടി വരും. അദ്ദേഹത്തിനു പകരം സഞ്ജുവായിരിക്കും ജയ്‌സ്വാളിനൊപ്പം കളിക്കുക. തുടര്‍ച്ചയായി രണ്ടു ടി20 സെഞ്ച്വറികളുമായി അടുത്തിടെ ചരിത്രം കുറിച്ചതോടെ ഓപ്പണിങില്‍ സഞ്ജു സീറ്റുറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഗില്ലിനു ഇനി ബെഞ്ചിലായിരിക്കും സ്ഥാനം.
മധ്യനിരയില്‍ ഇവര്‍
യശസ്വി ജയ്‌സ്വാള്‍- സഞ്ജു സാംസണ്‍ ഓപ്പണിങ് ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ ഇന്ത്യക്കായി കളിക്കുക നായകന്‍ സൂര്യകുമാര്‍ യാദവായിരിക്കും. നാലാം നമ്പറില്‍ ഒന്നിലേറെ ഓപ്ഷനുകള്‍ ഇന്ത്യക്കു മുന്നിലുണ്ട്. ഓള്‍റൗണ്ടര്‍മാരായ റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, തിലക് വര്‍മ എന്നിവരെല്ലാം ഈ റോളിലേക്കു മല്‍സരിക്കുന്നവരാണ്. ഇവരില്‍ നറുക്കുവീഴുക നിതീഷിനായിരിക്കും.
കാരണം ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ബാറ്റിങിലും ബൗളിങിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു. സഞ്ജു പ്ലെയിങ് ഇലവനിലേക്കു വരുന്നതോടെ നേരത്തേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനും ബെഞ്ചിലായിരിക്കും സ്ഥാനം. അഞ്ചാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ആറാമനായി ഫിനിഷറുടെ ഫോളില്‍ റിങ്കു സിങ് തന്നെയാണ് നിലവില്‍ ഇന്ത്യക്കു ഏറ്റവും നല്ല ഓപ്ഷന്‍.

ലോവര്‍ ഓര്‍ഡര്‍, ബാറ്റിങ്
ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും കളിക്കുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനു കൂടുതല്‍ ആഴവും ലഭിക്കും. അതിനു ശേഷം സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളില്‍ വരുണ്‍ ചക്രവകര്‍ത്തിയായിരിക്കും.
കാരണം നിലവിലെ ഫോമില്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ സ്പിന്നര്‍മാരില്‍ ഇന്ത്യക്കില്ലെന്നു ഉറപ്പിച്ചു പറയാം. അതിനു ശേഷം രണ്ടു പേസര്‍മാരാണ് ഇന്ത്യക്കായി കളിക്കുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ മറ്റൊരു പേസറായി അര്‍ഷ്ദീപ് സിഭും ടീമിനായി പന്തെറിയും.
അടുത്ത ടി20 പരമ്പരയിലെ ഇന്ത്യന്‍ 11
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.