ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കവും ലഭിച്ചു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 80ലെത്തിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മ പുറത്തായി. ജാക്ക് ലീച്ചിനെ സിക്‌സറിന് ശ്രമിച്ച രോഹിത്തിന് പിഴച്ചു. പന്തിന്റെ ടേണ്‍ മനസിലാക്കാന്‍ രോഹിത്തിനായില്ല.
ഇതോടെ രോഹിത്തിനെ ബെന്‍ സ്‌റ്റോക്‌സ് ക്യാച്ചിലൂടെ പുറത്താക്കുകകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ജാക്ക് ലീച്ചിന് മുന്നില്‍ കീഴടങ്ങിയതോടെ വലിയ നാണക്കേടിലേക്ക് രോഹിത് എത്തിയിരിക്കുകയാണ്. തട്ടകത്തില്‍ നടക്കുന്ന ടെസ്റ്റില്‍ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരേ പുറത്താവുന്നത് ഇത് ഏഴാം തവണയാണ്. ഇതില്‍ അഞ്ച് തവണയും ജാക്ക് ലീച്ചിന് മുന്നിലാണ് രോഹിത് തലകുനിച്ചതെന്നതാണ് കൗതുകം. ആദ്യ മത്സരത്തില്‍ ജോഫ്രാ ആര്‍ച്ചറാണ് രോഹിത്തിനെ മടക്കിയത്.
പിന്നീട് കളിച്ച തുടര്‍ച്ചയായ നാല് ഇന്നിങ്‌സിലും ലീച്ചിന് മുന്നില്‍ ഉത്തരം കണ്ടെത്താന്‍ രോഹിത്തിനായില്ല. ആറാം തവണ ബെന്‍ സ്‌റ്റോക്‌സ് രോഹിത്തിനെ പുറത്താക്കി. ഇത്തവണ വീണ്ടും ലീച്ച് വില്ലനായിരിക്കുകയാണ്. മോശം ഷോട്ട് കളിച്ചാണ് രോഹിത് വിക്കറ്റ് തുലച്ചത്. ഒരുവശത്ത് യശ്വസി ജയ്‌സ്വാള്‍ മികച്ച ഷോട്ടുകളോടെ മുന്നേറുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രോഹിത് നിലയുറപ്പിച്ച് പിന്തുണ നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ രോഹിത് ശര്‍മ അനാവശ്യമായി ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. വിരാട് കോലി ഇല്ലാത്ത സാഹചര്യത്തില്‍ രോഹിത് അല്‍പ്പം കൂടി ശ്രദ്ധിച്ച് കളിക്കണമായിരുന്നു. കഴിയുന്നത്ര സമയം ക്രീസില്‍ നിന്ന് സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു സീനിയറെന്ന നിലയില്‍ രോഹിത് ചെയ്യേണ്ടത്. എന്നാല്‍ അദ്ദേഹത്തിനത് സാധിച്ചില്ല. രോഹിത്തിന്റെ മോശം ഷോട്ട് സെലക്ഷനാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

പന്തിന് നല്ല ടേണ്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ജാഗ്രതയോടെ കളിക്കേണ്ടിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ രോഹിത്തിനത് സാധിച്ചില്ല. വമ്പനടിക്കാരനായ രോഹിത്തിനെ കാഴ്ചക്കാരനാക്കി യശ്വസി ജയ്‌സ്വാളാണ് കസറിയത്. 47 പന്തില്‍ ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഭയമില്ലാതെ കളിച്ച താരം നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി.
ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഓപ്പണറായി ജയ്‌സ്വാള്‍ മാറുകയാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നു. ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുമെന്ന മുന്നറിയിപ്പാണ് ഇംഗ്ലണ്ട് നല്‍കിയത്. എന്നാല്‍ ശരിയായ ബാസ്‌ബോള്‍ ശൈലി എന്താണെന്ന് കാട്ടിക്കൊടുക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയെയാണ് ജയ്‌സ്വാള്‍ കടന്നാക്രമിച്ചത്. 7 റണ്‍സിന് മുകളിലാണ് താരത്തിന്റെ ഇക്കോണമി.
അരങ്ങേറ്റക്കാരന്റെ സമ്മര്‍ദ്ദം ബൗളറേയും വേട്ടയാടി. മൂന്ന് നോബോളുകളാണ് താരം എറിഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് വീണ്ടും വീണ്ടും താരത്തിന് ഓവര്‍ നല്‍കി പിന്തുണച്ചു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരെപ്പോലെ വലിയ ടേണ്‍ കണ്ടെത്താന്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ക്ക് സാധിച്ചില്ല. മൂന്ന് സ്പിന്നര്‍മാരെ ഇംഗ്ലണ്ടും പരിഗണിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിനോട് കിടപിടിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.
ഇംഗ്ലണ്ട് 200നുള്ളില്‍ ഓള്‍ഔട്ടാകുമെന്ന് തോന്നിച്ചെങ്കിലും ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റിങ്ങാണ് ടീം സ്‌കോര്‍ 246ലേക്കെത്തിച്ചത്. 88 പന്തില്‍ 70 റണ്‍സാണ് ഇംഗ്ലണ്ട് നായകന്‍ നേടിയത്. 6 ഫോറും 3 സിക്‌സും താരം പറത്തി. ജോണി ബെയര്‍സ്‌റ്റോ 37 റണ്‍സും അടിച്ചെടുത്തു. നിലവില്‍ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റില്‍. ശക്തമായി തിരിച്ചെത്താന്‍ ഇംഗ്ലണ്ടിനാവുമോയെന്നത് കണ്ടറിയാം.