മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു അവസാന മല്‍സരം നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്. ആറാഴ്ചയോളം അദ്ദേഹത്തിനു മല്‍സരരംഗത്തു നിന്നും മാറിനില്‍ക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ റിഷഭിനു പകരം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ അവസാന ടെസ്റ്റില്‍ ബാക്കപ്പായി കൊണ്ടു വന്നേ തീരൂ.
ഇടകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഇഷാന്‍ കിഷനാവും റിഷഭിനു പകരം ടെസ്റ്റ് ടീമിലെത്തിയേക്കുകയെന്നാണ് സൂചനകള്‍. എന്നാല്‍ ഇഷാനു അതിനു സാധിച്ചേക്കില്ലെന്നാണ് പുതിയ വിവരം. അതിനിടെ ഇഷാനെയല്ല, മലയാളി താരം സഞ്ജു സാംസണിനെയാണ് ടീമിലേക്കു വിളിക്കേണ്ടതെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തു വന്നിന്നിരിക്കുകയാണ്.

സഞ്ജുവിനെ വിളിക്കൂ
റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നയാള്‍ സഞ്ജു സാംസണാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള അദ്ദേഹത്തിനു ഇനിയെങ്കിലും ടെസ്റ്റ് ടീമില്‍ അവസരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
'കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് നടത്തിയത്. സെഞ്ച്വറിയടക്കം അദ്ദേഹം നേടുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ സായ് സുദര്‍ശന്റെ അതേ ബാറ്റിങ് ശരാശരി തന്നെയാണ് സഞ്ജുവിനുള്ളത്. ടെസ്റ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതില്‍ എന്താണ് പ്രശ്‌നമെന്നു മനസ്സിലാവുന്നില്ല. 57 ശരാശരിയുണ്ടായിട്ടും ഏകദിനത്തിലും അദ്ദേഹത്തിനു ഇന്ത്യ അവസരം നല്‍കുന്നില്ല'.
'ഇഷാന്‍ കിഷന്‍ ലഭ്യമല്ലെങ്കില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു സഞ്ജു സാംസണിനെ വിളിക്കണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇഷാന്റെ ശരാരശരി 39 ആണെങ്കില്‍ സഞ്ജുവിന്റേതും അതു തന്നെയാണ്. സഞ്ജുവിനേക്കാള്‍ മോശം ശരാശരിയുള്ള കെഎസ് ഭരതിനു പോലും ടെസ്റ്റില്‍ ഇന്ത്യ അവസരം നല്‍കിക്കഴിഞ്ഞു. പിന്നെ എന്തിനാണ് സഞജുവിനോടു മാത്രം ഈ അവഗണന?'
'സഞ്ജു സാംസണ്‍ അവസാനമായി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചത് കഴിഞ്ഞ വര്‍ഷത്തെ ദുലീപ് ട്രോഫിയിലാണ്. ഇന്ത്യ ഡി ടീമിനായി ഇറങ്ങിയ അദ്ദേഹം സെഞ്ച്വറിയും നേടി. രണ്ടു മല്‍സരം കളിച്ച സഞ്ജു 49 ശരാശരിയില്‍ 95.60 ശരാശരിയില്‍ 196 റണ്‍സ് സ്‌കോര്‍ ചെയ്തു. റിഷഭിന്റെ പകരക്കാരനാവണ്ടത് അദ്ദേഹം തന്നെയാണ്'. എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡയയിലെ വിവിധ പ്രതികരണങ്ങള്‍.
ഇഷാന്റെ കാര്യം സംശയം
റിഷഭ് പന്തിനു പകരക്കാരനായി ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ സാധ്യത തീരെ കുറവാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം ഇപ്പോള്‍ ഇഷാനും പരിക്കിന്റെ പിടിയിലാണ്. അദ്ദേഹവും പരിക്കില്‍ നിന്നും മുക്തനായി വരുന്നേയുള്ളൂ.

സ്‌കൂട്ടിയില്‍ നിന്നും വീണ് ഇടതുകാലിനു പരിക്കേറ്റ ഇഷാനു 10 സ്റ്റിച്ചുകള്‍ എടുക്കേണ്ടി വന്നിരുന്നു. ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാര്‍ അദ്ദേഹത്തെ ബന്ധപ്പെട്ടതായാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. ഇഷാന്റെ ഇടതു കാലില്‍ ഇപ്പോഴും പ്ലാസ്റ്ററുണ്ടെന്നും ഫിറ്റ്‌നസ് വീണ്ടെടുക്കാനായി വൈകാതെ അദ്ദേഹം ബെംഗളൂരുവിലെ എന്‍സിഎയിലേക്കു പോവുമെന്നുമാണ് വിവരം.
ഇഷാന്‍ ലഭ്യമല്ലെങ്കില്‍ പിന്നെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും നല്ല ഓപ്ഷന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. ടി20യില്‍ റിഷഭിനെ പിന്തള്ളി ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി അദ്ദേഹം മാറിക്കഴിഞ്ഞു. ഏകദിനത്തിലും ഗംഭീര റെക്കോര്‍ഡാണ് മലയാളി താരത്തിനുള്ളത്.
ടെസ്റ്റ് ടീമിലേക്കു കോച്ച് ഗൗതം ഗംഭീര്‍ തന്നെയും പരിഗണിക്കുന്നതായി അറിയിച്ചതായി സഞ്ജു തന്നെ നേരത്തേ തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്. നിലവില്‍ തിരുവനന്തപുരത്തുള്ള സഞ്ജു കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.