മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല സൂപ്പര്‍ താരങ്ങളേയും മോശം ഫോം വേട്ടയാടുകയാണ്. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ താരങ്ങളുടെ മോശം ഫോമും ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയും ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. മാനസിക വിശ്രമം ആവശ്യപ്പെട്ട് ടീമില്‍ നിന്ന് ഇടവേളയെടുത്ത താരമാണ് ഇഷാന്‍. ജിതേഷ് ശര്‍മക്ക് ടി20യില്‍ കൂടുതല്‍ അവസരം നല്‍കുന്നതിലുള്ള അഭിപ്രായ ഭിന്നതയാണ് താരത്തെ ടീം വിടാന്‍ പ്രേരിപ്പിച്ചതെന്ന ആരോപണവുമുണ്ട്.
എന്തായാലും രഞ്ജി ട്രോഫി കളിച്ച് ഫോം കണ്ടെത്തി തിരിച്ചെത്താനാണ് ഇഷാനോടും മോശം ഫോമിലുള്ള മറ്റ് താരങ്ങളോടും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചിരുന്നത്. മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡും ഇതേ നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ ബിസിഐ കരാറിലുള്ള താരങ്ങള്‍ ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ബിസിസി ഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
'ഇതിനോടകം താരങ്ങളെ ഫോണ്‍ മുഖേനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇനി ഔദ്യോഗിക കത്തിലൂടെയും അറിയിക്കും. സെലക്ടര്‍മാരോടും ഇക്കാര്യം ശ്രദ്ധയില്‍ വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' ജയ് ഷാ പറഞ്ഞു. ഐപിഎല്ലിന് താരങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ പലരും രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇഷാന്‍ കിഷന്‍ ഒരു രഞ്ജി ട്രോഫി മത്സരം പോലും കളിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യയോടൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക ക്യാംപില്‍ ഇഷാന്‍ പങ്കെടുത്തു.
ഇതില്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മക്കും സെലക്ടര്‍മാര്‍ക്കും അതൃപ്തിയുണ്ട്. നിലവിലെ വിവരം അനുസരിച്ച് ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റ് കളിച്ച് തിരിച്ചുവരാനാണ് ഇഷാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ രഞ്ജി ട്രോഫി കളിക്കണമെന്നാണ് ബിസിസി ഐയുടെയടക്കംനിലപാട്. എന്നാല്‍ ഇതൊന്നും ഇഷാന്‍ മുഖവിലക്കെടുത്തിട്ടില്ല. ഇഷാന്റെ കരാര്‍ ബിസിസി ഐ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ നിലവില്‍ അത്തരമൊരു നീക്കത്തിലേക്ക് കടന്നേക്കില്ലെന്നാണ് വിവരം. എന്നാല്‍ ടീം മാനേജ്‌മെന്റിന്റേയും സെലക്ടര്‍മാരുടേയും എല്ലാ നിര്‍ദേശങ്ങളും താരം തള്ളുന്നതില്‍ വലിയ അതൃപ്തി ടീമിനുള്ളിലുണ്ട്. ഇത് താരത്തിന്റെ ടി20 ലോകകപ്പ് സീറ്റിനെയടക്കം ബാധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മറ്റ് ചില താരങ്ങളും ഇഷാനെപ്പോലെ ടീം മാനേജ്‌മെന്റിന്റെ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. ശ്രേയസ് അയ്യരും ദീപക് ചഹാറുമാണ് ഈ താരങ്ങള്‍.
ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഉള്‍പ്പെട്ട ശ്രേയസ് നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെ ടീമില്‍ നിന്ന് തഴയപ്പെട്ടു. രഞ്ജി ട്രോഫി കളിച്ച് തിരിച്ചുവരാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ശ്രേയസ് രഞ്ജി കളിക്കാന്‍ തയ്യാറായിട്ടില്ല. ഇന്ത്യ മധ്യനിരയില്‍ വിശ്വസിക്കുന്ന താരമാണ് ശ്രേയസ്. എന്നാല്‍ ഇതിനോട് നീതികാട്ടാന്‍ താരത്തിന് സാധിക്കുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ് ശ്രേയസ്.
ദീപക് ചഹാര്‍ ഏറെ നാളുകളായി പരിക്കിന്റെ പിടിയിലായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ഓള്‍റൗണ്ടറായ താരത്തോട് രഞ്ജി ട്രോഫി കളിച്ച് ഫിറ്റ്‌നസും ഫോമും തെളിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താരവും കളിക്കാന്‍ തയ്യാറായിട്ടില്ല. മാര്‍ച്ച് അവസാനത്തോടെ ഐപിഎല്‍ ആരംഭിക്കാനിരിക്കെ പ്രമുഖ താരങ്ങള്‍ ആഭ്യന്തര മത്സരം കളിക്കാന്‍ വിമുഖത കാട്ടുകയാണ്. ഇവരെല്ലാം കരാറില്‍ ഉള്‍പ്പെട്ട താരങ്ങളായിട്ടും ടീം മാനേജ്‌മെന്റിനെ അനുസരിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
ഐപിഎല്ലിന് മുമ്പ് പരിക്കേല്‍ക്കാനുള്ള സാധ്യത കുറക്കാനാണ് ഇവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പറയാം. ഐപിഎല്ലില്‍ തിളങ്ങി ഇവരെല്ലാം തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ്. ഇവര്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ടീം മാനേജ്‌മെന്റ് താരങ്ങളെ പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാല്‍ ടീം മാനേജ്‌മെന്റ് തീരുമാനം കടുപ്പിച്ചാല്‍ ഇവര്‍ പ്രയാസപ്പെടും. രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം ഇന്ത്യയുടെ ടെസ്റ്റ് ടീമിലുണ്ട്.
ഇവരെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് കാട്ടി ദേശീയ ടീമിലേക്കെത്തിയവരാണ്. ഇനിയും നിരവധി താരങ്ങള്‍ വരാനിരിക്കെ രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം.