സൗത്താഫ്രിക്കന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത പ്രധാനപ്പെട്ട വെല്ലുവിളി കരുത്തരായ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയാണ്. അതിനു മുമ്പ് അഫ്ഗാനിസ്താനെതിരേ മൂന്നു ടി20കളുടെ പരമ്പര കളിക്കുമെങ്കിലും ഇംഗ്ലണ്ടിനെതിരേ ഈ മാസം അവസാനത്തോടെ തുടങ്ങുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയായിരിക്കും ഇന്ത്യക്കു അഗ്നിപരീക്ഷ. ലോക ടെസ്റ്റ് ചാംന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്‍നിരയില്‍ തുടരാന്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു മിന്നുന്ന പ്രകടനം നടത്തിയേ തീരൂ.
ജനുവരി 25 മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടു തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ബാസ്‌ബോള്‍ ക്രിക്കറ്റിന്റെ വക്താക്കളായ ബെന്‍ സ്‌റ്റോക്‌സിന്റെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. ഏറ്റവും മികച്ച കളി തന്നെ രോഹിത് ശര്‍മയ്ക്കും സംഘത്തിനും പരമ്പരയില്‍ പുറത്തെടുക്കേണ്ടി വരും.

സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ചില യുവതാരങ്ങളുടെ മോശം പ്രകടനം സെലക്ടര്‍മാര്‍ക്കു തലവേദനയാവുന്നുണ്ട്. ഇവരെ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ടീമിലുള്‍പ്പെടുത്തണമോയെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍ പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരുടെയൊന്നും സൗത്താഫ്രിക്കയിലെ പ്രകടനം ആശാവഹമല്ല.
അതുകൊണ്ടു തന്നെ ഇവരില്‍ ചിലര്‍ക്കു ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ സ്ഥാനവും നഷ്ടമായേക്കും. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിലൂടെ ഈ ഫോര്‍മാറ്റില്‍ അരങ്ങേറിയ പ്രസിദ്ധിനും ഒന്നാം ടെസ്റ്റില്‍ റണ്‍സ് വാരിക്കോരി നല്‍കിയ ശര്‍ദ്ദുലിനുമായിരിക്കും സ്ഥാനം നഷ്ടമായേക്കുക.
വെറ്ററന്‍ ബാറ്റര്‍മാരായ ചേതേശ്വര്‍ പുജാരയുടെയും അജിങ്ക്യ രഹാനെയുടെയും അഭാവം സൗത്താഫ്രിക്കയില്‍ ഇന്ത്യക്കു വലിയ ക്ഷീണമായി മാറിയിരുന്നു. എങ്കിലും ഇംഗ്ലണ്ടിനെതിരേ ഇരുവരെയും ടീമിലേക്കു തിരികെ വിളിക്കാനുള്ള സാധ്യത കുറവാണ്. ടീം തലമുറമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കെ യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തന്നെയായിരിക്കും സെലക്ടര്‍മാര്‍ ശ്രമിച്ചേക്കുക.
ടി20 ഫോര്‍മാറ്റില്‍ ഫിനിഷറായി ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റിങ്കു സിങിനെയോ, ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായ സര്‍ഫറാസ് ഖാനെയോ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ടീമിലെടുത്തേക്കും. ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ തന്നെ ഇവരിലൊരാള്‍ക്കു ടെസ്റ്റില്‍ അരങ്ങേറുള്ള അവസരവും ലഭിച്ചേക്കും.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്‍മാറിയ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരികെയെത്തും. ഇതോടെ കെഎസ് ഭരതിനായിരിക്കും ടീമില്‍ നിന്നും പുറത്തു പോവേണ്ടതായി വരിക.

പരിക്കേറ്റ് വിശ്രമിക്കുന്ന സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയും ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടീമില്‍ തിരികെയെത്താന്‍ സാധ്യതയുണ്ട്. ഫിറ്റ്‌നസ് അനുസരിച്ചായിരിക്കും ടെസ്റ്റ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുക. ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല.
ടെസ്റ്റ് പരമ്പര നാട്ടിലായതിനാല്‍ തന്നെ സ്പിന്‍ ബൗളിങ് വിഭാഗം ഇന്ത്യ ശക്തിപ്പെടുത്തും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ഉറപ്പായും ഇന്ത്യന്‍ ടീമിലുണ്ടാവും.
ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകള്‍ കളിക്കുന്നതിനാല്‍ തന്നെ ജോലി ഭാരം നിയന്ത്രിക്കുന്നതിനായി പേസര്‍മാരെ ഇന്ത്യ റൊട്ടേറ്റ് ചെയ്യാനിടയുണ്ട്. ഇതു നാലു പേസര്‍മാര്‍ക്കു സ്‌ക്വാഡില്‍ അവസരമൊരുക്കും. പക്ഷെ പ്ലെയിങ് ഇലവനില്‍ രണ്ടു പേര്‍ക്കു മാത്രമേ ഇടമുണ്ടാവുകയുള്ളൂ.
ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കുള്ള സാധ്യതാ ടെസ്റ്റ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിങ്കു സിങ് / സര്‍ഫറാസ് ഖാന്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍.