ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുന്ന ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു പരിഹാസം. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തെ കളിയാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള കടുപ്പമേറിയ അഞ്ചു ടെസ്റ്റുകളുടെ പരമ്പര അടുത്ത മാസം 20ന് ആരംഭിക്കാനിരിക്കുകയാണ്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാമത്തെ സൈക്കിളില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 500 പ്ലസ് റണ്‍സ് വാരിക്കൂട്ടിയ കോലി ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും അദ്ദേഹം ബാറ്റിങില്‍ കസറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
അതിനിടെയാണ് ബിസിസിഐയെയു ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് ടെസ്റ്റ് നിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി കോലി അറിയിച്ചത്. ഇക്കാര്യം പുനരാലോചിക്കാന്‍ ബിസിസിഐ അദ്ദേഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ താരം ഉറച്ചു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കു മുമ്പാണ് ക്യാപ്റ്റന്‍
രോഹിത് ശര്‍മ ടെസ്റ്റ് മതിയാക്കിയത്. അതിനു പിന്നാലെയാണ് കോലിയും പടിയിറങ്ങാന്‍ ആലോചിക്കുന്നത്.

കോലിക്കു പരിഹാസം
വിരാട് കോലിയെയും ഇന്ത്യന്‍ ആരാധകരെയുമെല്ലാം ഒരുപോലെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് ഇംഗ്ലീഷ കൗണ്ടി ക്രിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങളില്‍ ദേശീയ ടീമിലെ പേസര്‍മാരായ ഗസ് അറ്റ്കിന്‍സണ്‍, ജോഷ് ടങ്ക് എന്നിവരുടെ മാരക ബൗളിങ് പ്രകടനത്തിന്റെ വീഡിയോയാണ്് റൊതേസെ കൗണ്ടി ചാംപ്യന്‍ഷിപ്പ് എന്ന എക്‌സ് ഹാന്റിലില്‍ പങ്കു വച്ചിട്ടുളളത്.
തീപാറുന്ന ബൗളിങിലൂടെ എതിര്‍ ടീം ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ അറ്റ്കിന്‍സണും ടങ്കുമെല്ലാം വായുവില്‍ പറപ്പിക്കുന്നത് ഈ വീഡിയോയില്‍ കാണാം. വിരാട്, നിങ്ങളെ ഞങ്ങള്‍ കുറ്റപ്പെടുത്തില്ലെന്നായിരുന്നു ഈ വീഡിയോക്കു അവര്‍ നല്‍കിയ ക്യാപ്ഷന്‍.
ഇതു തീര്‍ച്ചയായും കോലിയെ അപമാനിക്കാനും പരിഹസിക്കാവും ഉദ്ദേശിച്ചു തന്നെ നല്‍കിയ പോസ്റ്റാണെന്നു വളരെ വ്യക്തമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അറ്റ്കിന്‍സനും ടങ്കുമുള്‍പ്പെടുന്ന ഇംഗ്ലീഷ് പേസാക്രമണത്തെ നേരിടാന്‍ കോലി ഭയക്കുന്നതായു ഇതാണ് പര്യടനം അടുത്തിരിക്കെ അദ്ദേഹം വിരമിക്കാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് അവര്‍ പറയാതെ പറയുന്നത്.
വിരാട് കോലിയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റ് കാണാം
പരിഹാസ രൂപേണയുള്ള കൗണ്ടി ക്രിക്കറ്റിന്റെ ഈ പോസ്റ്റിനു താഴെ ഇന്ത്യന്‍ ആരാധകും ശക്തമായി ആഞ്ഞടിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റ മുന്‍ പേസ് ഇതിഹാസങ്ങളായിരുന്ന ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്കെതിരേ വരെ കളിക്കുകയും ഒരുപാട് റണ്‍സ് അടിച്ചെടുക്കുകയും ചെയ്തിട്ടുള്ള ബാറ്ററാണ് വിരാട് കോലി. പിന്നെയാണോ നിങ്ങളുടെ ഈ ശരാശരി ബൗളര്‍മാര്‍ അദ്ദേഹത്തെ ഭയപ്പെടുത്തുന്നത്? എന്നായിരുന്നു പോസ്റ്റിനു താഴെയുള്ള ഈ പ്രതികരണം.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍െ ആശങ്കയാണ് ഈ പോസ്റ്റ് തെളിയിക്കുന്നത്. കാരണം ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ പോസ്റ്റര്‍ ബോയിയാണ് വിരാട് കോലിയെന്നു അവര്‍ക്കറിയാം. അവിടെയുള്ള സ്റ്റേഡിയങ്ങളില്‍ കാണികള്‍ നിറയണമെങ്കില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും അവര്‍ക്കു ആവശ്യമാണ്. ഇന്ത്യന്‍ ടീമില്‍ കോലിയില്ലെങ്കില്‍ കാണികളും വളരെ കുറയും. അതുകൊണ്ടു തന്നെ കോലിയെ പ്രകോപിപ്പിച്ച് ടെസ്റ്റില്‍ നിന്നും വിരമിക്കുകയെന്ന തീരുമാനം പിന്‍വലിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആരാധകര്‍ കുറിക്കുന്നു.

ഇംഗ്ലണ്ടിലെ പ്രകടനം
ഇംഗ്ലണ്ടില്‍ വിരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ അതു സമ്മിശ്രമാണെന്നു കാണാം. ചില പരമ്പരകളില്‍ അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയപ്പോള്‍ ചിലതില്‍ തിളങ്ങുകയും ചെയ്തു. 2021ലെ അവസാനത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി നിറം മങ്ങിയിരുന്നു. ഏഴിന്നിങ്‌സുകളില്‍ നിന്നും 31.14 ശരാശരിയില്‍ 218 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. രണ്ടു ഫിഫ്റ്റികളടക്കമാണിത്.
ഇംഗ്ലണ്ടില്‍ ഇതുവരെ 1096 റണ്‍സാണ് ടെസ്റ്റില്‍ കോലിയുടെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 2014ലെ ആദ്യ പര്യടനത്തില്‍ അദ്ദേഹം ശരിക്കും പതറിയിരുന്നു. എന്നാല്‍ 2018ലെ അടുത്ത പര്യടനത്തില്‍ അഞ്ചു ടെസ്റ്റില്‍ നിന്നും 593 റണ്‍സുമായി അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.