മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ദ്രുവ് ജുറേലിനെ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചക്ക് വഴി തുറന്നിരിക്കുകയാണ്. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സര്‍ഫറാസ് ഖാന്‍ എന്നിവരെയെല്ലാം മറികടന്നാണ് ജുറേല്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനൊപ്പം തിളങ്ങുന്ന താരം ഇന്ത്യന്‍ ടീമിലേക്കെത്തിയ പല പ്രമുഖരേയും തഴഞ്ഞുകൊണ്ടാണ്. അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ ജുറേല്‍ ഐപിഎല്ലിലേക്കും വരവറിയിച്ചു.
അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങാന്‍ ജുറേലിന് സാധിച്ചിരുന്നു. ഇത്തവണയും രാജസ്ഥാന്‍ നിരയില്‍ നിര്‍ണ്ണായക സ്ഥാനം ജുറേലിനുണ്ട്. എന്നാല്‍ ടി20 താരമായ ജുറേലിനെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിച്ചത് മണ്ടന്‍ തീരുമാനമാണോ?. ജുറേലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സംഗക്കാര. നിലവില്‍ രാജസ്ഥാന്റെ പരിശീലകനാണ് സംഗക്കാര.
അതുകൊണ്ടുതന്നെ ജുറേലിന്റെ പ്രകടനത്തെക്കുറിച്ച് സംഗക്കാരക്ക് നന്നായി അറിയാം. 'പ്രതിഭാശാലിയായ യുവതാരമാണവന്‍. തന്റെ സ്ഥാനം നേടിയെടുക്കാനായി കഠിനമായി അധ്വാനിക്കുന്ന കളിക്കാരനാണവന്‍. സമ്മര്‍ദ്ദത്തെ തിരിച്ചറിഞ്ഞ് കളിക്കാന്‍ അവന് അറിയാം. അവസാന സീസണില്‍ വളരെ പ്രയാസമുള്ള സാഹചര്യത്തിലാണ് അവന്‍ ബാറ്റു ചെയ്തതും നിരവധി റണ്‍സ് നേടിയതും. അവന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയതില്‍ വലിയ സന്തോഷം തോന്നുന്നു.
രാജസ്ഥാനില്‍ നിന്നൊരു താരം ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ പരിശീലകരെന്ന നിലയില്‍ സന്തോഷം തോന്നുന്നു'- ജുറേല്‍ പറഞ്ഞു. നിലവില്‍ 20 ലക്ഷം രൂപക്കാണ് ജുറേല്‍ രാജസ്ഥാനൊപ്പം കളിക്കുന്നത്. അടുത്ത സീസണിന് ശേഷം മെഗാ താരലേലം നടക്കുമ്പോള്‍ കോടികള്‍ പ്രതിഫലം നേടാന്‍ താരത്തിന് സാധിക്കുമെന്നുറപ്പ്. ഭയമില്ലാതെ വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമാണ് ജുറേല്‍. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും ജുറേലിന് മികവുണ്ട്.

ഇന്ത്യയുടെ ടെസ്റ്റ് ടീം പഴയ ക്ലാസിക് ശൈലി ഇപ്പോള്‍ പിന്തുടരുന്നില്ല. പ്രതിരോധത്തിലൂന്നി മാത്രം കളിക്കാതെ മോശം പന്തുകളെ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളെയാണ് ടീമിന് വേണ്ടത്. അതുകൊണ്ടുതന്നെ ജുറേലിനെ ഇന്ത്യ ടെസ്റ്റ് വിക്കറ്റ് കീപ്പറായി വളര്‍ത്താന്‍ ശ്രമിക്കുന്നത് മികച്ച നീക്കമാണെന്ന് പറയാം. ജുറേലിന് പിന്നാലെ ഇന്ത്യ റിങ്കു സിങ്ങിനേയും ടെസ്റ്റ് ടീമിലേക്ക് വിളിച്ചേക്കും. ചേതേശ്വര്‍ പുജാരക്കും അജിന്‍ക്യ രഹാനെക്കും ഇനി തിരിച്ചുവരവ് അസാധ്യമാണെന്ന് പറയാം.
അധികം വൈകാതെ പരിമിത ഓവറിലേക്കും ജുറേലിന് വിളിയെത്തിയേക്കും. ടി20 ലോകകപ്പില്‍ ജുറേലിന് അവസരം ലഭിച്ചേക്കില്ല. എന്നാല്‍ അതിന് ശേഷം വൈകാതെ തന്നെ ടി20 ടീമിലേക്ക് ജുറേലെത്താനാണ് സാധ്യത. റിഷഭ് പന്തിനെപ്പോലെ പെട്ടെന്ന് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ള താരമാണ് ജുറേല്‍. നിലവില്‍ റിഷഭ് പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഇനിയും സമയമെടുക്കും. മടങ്ങിയെത്തിയാലും പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.
അതുകൊണ്ടുതന്നെ ഇന്ത്യ ജുറേലിനെ ടീമിലേക്ക് വിളിച്ചത് മികച്ച തീരുമാനമാണ്. ലഭിച്ച അവസരങ്ങള്‍ മുതലാക്കി കൂടുതല്‍ കസറാന്‍ ജുറേലിന് സാധിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. എന്നാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ജുറേലിന് പ്ലേയിങ് 11 ഇടം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.
രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം - രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ , അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍