കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 183 റണ്‍സിനുള്ളില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 21 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 162 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ.
തുടക്കം മുതല്‍ ആതിഥേയര്‍ക്കെതിരേ ആധിപത്യം പുലര്‍ത്തുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ആക്രമണോത്സുകതയോടെ കളിച്ച ഇന്ത്യ അക്കൗണ്ട് തുറക്കും മുമ്പെ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റും നേടി. രണ്ടാം ദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ ആശ്രയിച്ചാവും മത്സരത്തിന്റെ ഗതി. ബൗളിങ്ങില്‍ ലഭിച്ച ആധിപത്യം ബാറ്റിങ്ങില്‍ ഇന്ത്യക്ക് മുതലാക്കാനാവുമോയെന്ന് കണ്ടറിയാം.ഇപ്പോഴിതാ ഇന്ത്യയുടെ ആക്രമണോത്സുകതയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ സങ്കടം കാണുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ താരവുമായ ഇന്‍സമാം ഉല്‍ ഹഖ്.

'രണ്ടാം ദിനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യക്ക് 300-350 റണ്‍സ് നേടാനായാല്‍ മത്സരം അനുകൂലമാക്കിയെടുക്കാനാവും. താരങ്ങള്‍ ഉത്തരവാദിത്തം കാട്ടണം. സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരണം. അവരുടെ ആക്രമണോത്സുകതയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ വേദന കാണുന്നുണ്ട്. ആ മത്സരത്തില്‍ ഇന്ത്യക്ക് ആക്രമണോത്സുകതയും പോരാട്ടവീര്യവും ഇല്ലായിരുന്നു. അന്ന് കാണാന്‍ സാധിക്കാത്തത് ഇന്ന് കാണുന്നുണ്ട്'-ഇന്‍സമാം പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തോല്‍വിക്ക് കാരണമായത്. മഴ രണ്ട് ദിവസത്തോളം നഷ്ടപ്പെടുത്തിയിട്ടും ന്യൂസീലന്‍ഡിനോട് സമനില പോലും പിടിക്കാനായില്ലെന്നത് ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പോരായ്മയായിരുന്നു. ഇത് ഇംഗ്ലണ്ടിനെതിരേ ആവര്‍ത്തിക്കപ്പെടാതിരിക്കുകയെന്നതാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഇന്ത്യ നാല് പേസ് ബൗളര്‍മാരെ പരിഗണിച്ച നീക്കത്തെയും ഇന്‍സമാം പ്രശംസിച്ചു. 'ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം ഇന്ത്യയുടെ ശരീര ഭാഷ മാറിയിട്ടില്ല. ആക്രമണോത്സുകതയോടെയാണ് അവര്‍ കളിക്കുന്നത്. ഇത് കഴിഞ്ഞ 1-2 വര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നാല് പേസര്‍മാരെയും ഒരു ഓള്‍റൗണ്ടറെയും പരിഗണിച്ചത് പോസിറ്റീവായ കാര്യമാണ്. ഇംഗ്ലണ്ട് ടീമിന് ഞങ്ങള്‍ ആക്രമിച്ച് കളിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.