ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഒരു മല്‍സരം ബാക്കിനില്‍ക്കെ ഇന്ത്യ പോക്കറ്റിലാക്കിയിരിക്കുകയാണ്. റാഞ്ചിയില്‍ നടന്ന നിര്‍ണായകമായ നാലാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഒരു ദിവസം ബാക്കിനില്‍ക്കവെയായിരുന്നു ഇന്ത്യന്‍ വിജയം. ഇംഗ്ലണ്ട് നല്‍കിയ 192 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. മാര്‍ച്ച് ഏഴു മുതല്‍ ധര്‍മശാലയിലാണ് ഇനി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ്.
റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവായ ഒരുപാട് കാര്യങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സെടുത്ത താരം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 39 റണ്‍സുമെടുത്തു. പോസിറ്റീവുകള്‍ പലതുണ്ടെങ്കിലും ചില കാര്യങ്ങള്‍ ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ഇംഗ്ലണ്ടിന്റെ അനുഭവസമ്പത്ത് കുറഞ്ഞ സ്പിന്‍ ബൗളിങ് നിരയ്‌ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്നതാണ് ആശങ്കപ്പെടുത്തുന്ന ആദ്യത്തെ കാര്യം. നാലാം ടെസ്റ്റിലേതുള്‍പ്പെടെ പരമ്പരയിലെ പിച്ചുകള്‍ സ്പിന്‍ ബൗളിങിനെ അസാധാരണമായി തുണയ്ക്കുന്നതൊന്നും ആയിരുന്നില്ല. എന്നിട്ടും ഇംഗ്ലീഷ് സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ഇന്ത്യക്കു മുട്ടിടിച്ചിരുന്നു.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ ടോം ഹാര്‍ട്‌ലി രണ്ടാമിന്നിങ്‌സില്‍ 62 റണ്‍സ് വിട്ടുകൊടുത്ത് ഏഴു പേരെയാണ് പുറത്താക്കിയത്. വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിലും സ്പിന്നര്‍മാരെ നേരിടാന്‍ ഇന്ത്യ വിഷമിച്ചു. മൂന്നാം ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ ഏറ്റവും ആധികാരികമായ ബാറ്റിങ് പ്രകടനം കണ്ടത്.
പക്ഷെ റാഞ്ചിയില്‍ 20 കാരനായ ഷുഐബ് ബഷീറിനെതിരേ ഇന്ത്യ പലപ്പോഴും പതറി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമിന്നിങ്‌സില്‍ മൂന്നും വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. സ്വന്തം നാട്ടില്‍, പരിചിതമായ സാഹചര്യങ്ങളില്‍ നടക്കുന്ന പരമ്പരയായതിനാല്‍ തന്നെ ഇംഗ്ലീഷ് സ്പിന്‍ ബൗളിങിനെതിരേ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യയുടെ രണ്ടാമത്തെ തലവേദന മധ്യനിര ബാറ്റര്‍ രജത് പാട്ടിധാറുടെ മോശം ഫോമാണ്. രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറിയ താരം ഇതിനകം കളിച്ച മൂന്നു ടെസറ്റുകളിലും ദയനീയ പരാജയമായി മാറിയിരുന്നു. വിശാഖപട്ടണത്തു നടന്ന രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറിയ പാട്ടിധാര്‍ കന്നി ഇന്നിങ്‌സില്‍ 32 റണ്‍സുമായി മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. പക്ഷെ തുടര്‍ന്നുള്ള ഇന്നിങ്‌സുകളിലെല്ലാം താരം തീര്‍ത്തും നിരാശപ്പെടുത്തി. മോശം ഷോട്ടുകള്‍ കളിച്ചാണ് പാട്ടിധാര്‍ പലപ്പോഴും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ നേടിയ 32 റണ്‍സിനു ശേഷം താരത്തിന്റെ തുടര്‍ന്നുള്ള സ്‌കോറുകള്‍ 9, 5, 0, 17, 0 എന്നിങ്ങനെയാണ്. മോശം സ്‌കോറുകളല്ല പാട്ടിധാര്‍ പുറത്തായ രീതികളാണ് കൂടുതല്‍ നിരാശപ്പെടുത്തുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ എങ്ങോട്ട് ഷോട്ടുകള്‍ കളിക്കണമെന്നു പോലും ധാരണയില്ലാതെ ഫീല്‍ഡര്‍മാരുടെ കൈകളിലേക്കു ബോള്‍ അടിച്ചുകൊടുക്കുകയാണ് പാട്ടിധാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അഞ്ചാം ടെസ്റ്റില്‍ അദ്ദേഹം ടീമില്‍ തുടരാന്‍ സാധ്യത തീരെ കുറവാണ്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ അടുത്ത ടെസ്റ്റില്‍ കെഎല്‍ രാഹുലായിരിക്കും പാട്ടിധാറിനു പകരം ഇറങ്ങുക.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സോഫ്റ്റ് പുറത്താവലുകളാണ് ഇന്ത്യയെ വലയ്ക്കുന്ന മൂന്നാമത്തെ കാര്യം. ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു മോശം പരമ്പര തന്നെയാണ്. 24, 39, 14, 13, 131, 19, 2, 55 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോറുകള്‍.
ഇത്രയും അനുഭവസമ്പത്തും കഴിവുമുള്ള അദ്ദേഹത്തിന്റെ ഈ പരമ്പരയിലെ ചില പുറത്താവലുകള്‍ വളരെയധികം നിരാശപ്പെടുത്തുന്നതാണ്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളില്‍ ഫുട്ട്‌വര്‍ക്കില്ലാതെ ഷോട്ട് കളിക്കുന്നത് രോഹിത്തിനെ വലയ്ക്കുന്നുണ്ട്.