ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറെ നിരാശാജനകമായ പരാജയങ്ങളിലൊന്നാണ് ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വി. ഒരു മല്‍സരത്തിന്റെ ഭൂരിഭാഗം സെഷനുകളിലും ആധിപത്യം പുലര്‍ത്തിയിട്ടും അതില്‍ വിജയിക്കാന്‍ സാധിക്കാതെ പോവുന്നത് ഏറെ നിരാശാനകമായ കാര്യം തന്നെയാണ്. ലീഡ്‌സില്‍ ഭൂരിഭാഗം സമയത്തും കളി ഇന്ത്യയുടെ വരുതിയിലായിരുന്നു. എന്നിട്ടും അഞ്ചു വിക്കറ്റിന്റെ പരാജയം ഇന്ത്യക്കു നേരിടേണ്ടതായി വന്നു.
ബൗളിങ്, ഫീല്‍ഡിങ് എന്നിവയില്‍ സംഭവിച്ച പാളികളാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ തോല്‍വിക്കു പ്രധാന കാരണങ്ങള്‍. ഈ ടെസ്റ്റിനു ശേഷം ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ പൊട്ടിത്തെറി സംഭവിച്ചോ? യഥാര്‍ഥത്തില്‍ എന്തായിരുന്നു മല്‍സരശേഷം നടന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്, ടീമിന്റെ ഭാഗമായിരുന്ന ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ.

പരസ്പരം പഠിക്കുന്നു
ലീഡ്‌സ് ടെസ്റ്റിലേറ്റ തോല്‍വിക്കു ശേഷം ഇന്ത്യന്‍ ടീമില്‍ അസാധാരണമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ് പ്രസിദ്ധ് കൃഷ്ണ തുറന്നു പറഞ്ഞിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച എഡ്ബാസ്റ്റണില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ടീം ഇന്ത്യയില്‍ മഹത്തായ ഒരു സംസ്‌കാരമുണ്ടെന്നും മുഴുവന്‍ കളിക്കാരും പരസ്പരം പഠിക്കുകയാണ് ചെയ്തു വരുന്നതെന്നും പ്രസിദ്ധ് വെളിപ്പെടുത്തുന്നു.
എത്ര മഹത്തായ ഒരു സംസ്‌കാരമാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ആരാണ് അവിടെയും ചുറ്റിലുമുള്ളത് എന്നതു വിഷയമല്ല, ഞങ്ങള്‍ പരസ്പരം പഠിച്ചുകൊണ്ടിരിക്കുകയാണ്. ബൂസ് (ജസ്പ്രീത് ബുംറ) ഞങ്ങളുടെ കൂടെയുണ്ട്. ഇവിടേക്കു വരുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഞങ്ങളോടു സംസാരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.
കുറച്ചു വര്‍ഷങ്ങളായി ഞാന്‍ ഈ ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ സംഭാഷണങ്ങള്‍ ഇപ്പോഴും തുടരുക തന്നെ ചെയ്യുന്നു. നിങ്ങള്‍ക്കു നേടിയെടുക്കാന്‍ കഴിയാത്ത ഒരു കാര്യം അനുഭവസമ്പത്താണ്. അതിലൂടെ നിങ്ങള്‍ക്കു സ്വയം കടന്നു പോവേണ്ടതായി വരും. ഞങ്ങളെല്ലാം വലിയ ആവേശത്തിലാണ് ഇപ്പോഴുള്ളതെന്നും പ്രസിദ്ധ് വിശദാക്കി.
ഇന്ത്യയുടെ ഈ ടീമിലേക്കു നോക്കിയാല്‍ എല്ലാവരും ഇവിടെയുണ്ട്. സിറാജ് ഒരുപാട് മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചു കഴിഞ്ഞു. ആരൊക്കെ വന്നാലും, പിന്നീട് എന്തൊക്കെ സംഭവിച്ചാലും അദ്ദേഹം കളി തുടരുകയും ചെയ്യുന്നു. ഇതു മഹത്തായ അനുഭവവും അവസരവുമാണ്. ആ രീതിയിലാണ് തങ്ങള്‍ കാര്യങ്ങളെ കാണുന്നതെന്നും പ്രസിദ്ധ് പറഞ്ഞു.
ഡ്രസിങ് റൂം പോസ്റ്റീവ്
ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടു തോല്‍വി രുചിക്കേണ്ടി വന്നെങ്കിലും ഇന്ത്യന്‍ ഡ്രസിങ് റൂം ഇപ്പോഴും വളരെ പോസിറ്റീവാണെന്നു പ്രസിദ്ധ് കൃഷ്ണ പറയുന്നു. ഡ്രസിങ് റൂം ഇപ്പോഴും പോസിറ്റീവും സന്തോഷകരവും വളരെയധികം പ്രചോദനാത്മകവുമാണ്. ഈ അവസരം എത്ര മാത്രമാണെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങള്‍ ഇവിടേക്കു വന്നത്. ലീഡ്‌സിലെ ആദ്യ ടെസ്റ്റിലേക്കു വന്നാലും ഞങ്ങള്‍ ചില സമയങ്ങളില്‍ നിശബ്ധരായി കാണപ്പെട്ടെങ്കിലും ചില പ്ലാന്‍ അപ്പോഴുമുണ്ടായിരുന്നു.

ഞങ്ങള്‍ക്കു എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു, ഞങ്ങള്‍ അതു ചെയ്യാനായി ശ്രമിക്കുകയും ചെയ്തു. രണ്ടു തവണ ഞങ്ങള്‍ക്കു തുടരെ രണ്ടു വിക്കറ്റുകള്‍ ലഭിച്ചിരുന്നു. അതു ഞങ്ങളെ മുന്നോട്ടു പ്രചോദിപ്പിക്കുകയും ചെയ്തു. ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ഞങ്ങള്‍ക്കു ന്യൂബോള്‍ എടുക്കേണ്ടിയും വന്നു.
ഇംഗ്ലണ്ടിനു ജയിക്കാന്‍ 20 റണ്‍സ് ആവശ്യമുള്ളപ്പോഴും എന്തെങ്കിലുമൊക്കെ സംഭവിക്കുമുള്ള പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഒരിക്കലും വിശ്വാസം കൈവിട്ടിരുന്നില്ല. അവസാനത്തെ റണ്‍സ് അവര്‍ നേടുന്നതു വരെ ഞങ്ങള്‍ പോരാടുമെന്നും അവര്‍ക്കു അതിനായി കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നു ഉറപ്പ് വരുത്തുകയും ചെയ്തിരുന്നതായി പ്രസിദ്ധ് കൂട്ടിച്ചേര്‍ത്തു.