IND vs ENG: 'ഇന്ത്യക്കല്ല,സമ്മര്‍ദ്ദം ഇംഗ്ലണ്ടിനാണ്', ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് രവി ശാസ്ത്രി
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഓവലില്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ ചരിത്ര ജയം ഇന്ത്യ സ്വന്തമാക്കി. ലീഡ്‌സില്‍ ഇന്നിങ്‌സ് ജയത്തോടെ ഇംഗ്ലണ്ട് തിരിച്ചെത്തിയതോടെ പരമ്പര കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. നാലാം മത്സരത്തിന്റെ ഫലം ഇരു ടീമിനും വളരെ പ്രധാനപ്പെട്ടതായതിനാല്‍ പോരാട്ടം കടുക്കും.
ഓവലിന്റെ ചരിത്രം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഇതുവരെ 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു മത്സരം മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. അവസാനം കളിച്ച മൂന്ന് ടെസ്റ്റില്‍ രണ്ടിലും ഇന്നിങ്‌സ് തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സമീപകാലത്തെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. അതിനാല്‍ത്തന്നെ കോലിക്കും സംഘത്തിനും സമ്മര്‍ദ്ദമേറെയാണ്.

ഇപ്പോഴിതാ ഓവലില്‍ സമ്മര്‍ദ്ദം ഇന്ത്യക്കല്ലെന്നും ഇംഗ്ലണ്ടിനാണ് സമ്മര്‍ദ്ദമെന്നും ശക്തമായി ഇന്ത്യ തിരിച്ചുവരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. 'ഇന്ത്യന്‍ ടീം പിന്നോട്ട് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തെറ്റാണ്. ഞങ്ങള്‍ വിദേശത്താണ് കളിക്കുന്നത്. പരമ്പരയില്‍ 1-1 എന്ന നിലയിലാണ്. അതിനാല്‍ത്തന്നെ സമ്മര്‍ദ്ദം ഇംഗ്ലണ്ടിനാണ്. അവര്‍ക്ക് അവരുടെ നാട്ടില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയില്‍ എന്താണോ ഞങ്ങള്‍ക്ക് ചെയ്യാനാവുക അത് ഞങ്ങള്‍ ചെയ്ത് കഴിഞ്ഞു. അതിനാല്‍ത്തന്നെ പന്ത് അവരുടെ കോര്‍ട്ടിലാണ്. ഞങ്ങള്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട' - രവി ശാസ്ത്രി പറഞ്ഞു.

ഈ പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പരമ്പര കളിച്ചിരുന്നു. ഇന്ത്യയോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് അന്ന് ഇംഗ്ലണ്ട് മടങ്ങിയത്. ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ പരമ്പര തോറ്റതിന് ശേഷമാണ് ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യക്കെതിരേ പരമ്പര നേട്ടത്തില്‍ കുറഞ്ഞൊന്നും ആതിഥേയര്‍ ചിന്തിക്കുന്നില്ല.
നിലവില്‍ ബാറ്റിങ് നിരയുടെ ഫോം ഔട്ട് മാത്രമാണ് ഇന്ത്യയുടെ പ്രശ്‌നം. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ഫോം ഔട്ടിലാണ്. പേസ് നിര ശക്തമായ ബൗളിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിനാല്‍ത്തന്നെ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇന്ത്യ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്. 2018ല്‍ കെ എല്‍ രാഹുലും റിഷഭ് പന്തും സെഞ്ച്വറി നേടിയിട്ടുള്ള വേദിയാണ് ഓവല്‍. ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ഇവര്‍ക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ലീഡ്‌സില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള കോലിയുടെ തീരുമാനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 78 റണ്‍സിനാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഓള്‍ഔട്ടായത്. ഇത്തരമൊരു പ്രകടനം ഓവലില്‍ ആവര്‍ത്തിക്കാതിരിക്കേണ്ടത് അത്യാവശ്യമാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്ക് നിര്‍ണ്ണായകമായത്. അതിനാല്‍ത്തന്നെ ഓവലിലും ഓപ്പണര്‍മാരുടെ പ്രകടനത്തില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു.
നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുറപ്പാണ്. ഇഷാന്ത് ശര്‍മക്ക് പകരക്കാരനായി ആര്‍ അശ്വിന്‍ ടീമിലേക്കെത്തിയേക്കും. ആദ്യ മൂന്ന് മത്സരത്തിലും അശ്വിന് ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. ഓവലിലെ സാഹചര്യം സ്പിന്നിന് അനുകൂലമായതിനാല്‍ത്തന്നെ അശ്വിന്‍ ഇന്ത്യന്‍ നിരയില്‍ കളിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. രവീന്ദ്ര ജഡേജ കളിക്കാന്‍ ഫിറ്റാണ്. ജഡേജയെ കളിപ്പിക്കുമോ അതോ പകരം അധിക ബാറ്റ്‌സ്മാനെ ഇന്ത്യ പരിഗണിക്കുമോയെന്ന് കണ്ടറിയണം. വിരാട് കോലിയെ സംബന്ധിച്ച് വിമര്‍ശകരുടെ വായടപ്പിക്കാന്‍ തകര്‍പ്പന്‍ പ്രകടനം അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications