ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ കൈയെത്തുംദൂരത്ത് വരെയെത്തി ശേഷം വിജയം കൈവിട്ടു പോയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. കളിയില്‍ രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം കൊയ്ത ഇന്ത്യയെ പ്രശംസിക്കാനോ, ജയത്തില്‍ അഭിനന്ദിക്കാനോ അദ്ദേഹം തയ്യാറായില്ല. പകരം ചില വിമര്‍ശനങ്ങളുന്നയിക്കുകയാണ് വോന്‍ ചെയ്തിരിക്കുന്നത്.
മൂന്നാം നമ്പറില്‍ ഇറങ്ങിയ യുവതാരം തിലക് വര്‍മയുടെ അപരാജിത ഫിഫ്റ്റിയിലേറിയാണ് രണ്ടു വിക്കറ്റും നാലു ബോളും ബാക്കിനില്‍ക്കെ ഇന്ത്യ ജയം വരുതിയിലാക്കിയത്. 55 ബോളില്‍ നാലു ഫോറും അഞ്ചു സിക്‌സറുടക്കം 72 റണ്‍സാണ് തിലക് കുറിച്ചത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. മല്‍സരശേഷം ക്രിക്ക്ബസിനോടു സംസാരിക്കവെയാണ് ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ വോന്‍ വിമര്‍ശിച്ചത്.

മോശം ബാറ്റിങ്
ഇന്ത്യന്‍ ടീമിനു ഈ കളിയിലേതിനേക്കാള്‍ മോശമായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നു മൈക്കല്‍ വോന്‍ തുറന്നടിച്ചു. തിലക് വര്‍മ വളരെ മനോഹരമായി കളിക്കുന്ന താരമാണ്. സാഹര്യത്തിനു അനുസരിച്ചാണ് ഈ കളിയില്‍ അദ്ദേഹം ബാറ്റ് ചെയ്തത്. ആക്രമിക്കേണ്ടിയിരുന്ന സമയത്തു തന്നെ കൃത്യമായ ബോളുകള്‍ സ്വയം തിരഞ്ഞെടുക്കുകയും ചെയ്തു.
ഇന്നിങ്‌സിലുടനീളം സമ്മര്‍ദ്ദത്തിനു വഴങ്ങാതെയാണ് തിലക് ബാറ്റ് ചെയ്തത്. ഈ കളിയില്‍ ഇന്ത്യയുടെ ചില താരങ്ങളുടെ മോശം പുറത്താവലുകള്‍ കണ്ടിട്ടും അവയെ എല്ലാം അദ്ദേഹം നല്ല രീതിയില്‍ മറികടക്കുകയും ചെയ്തു. ഈ കളിയിലേതിനേക്കാള്‍ മോശമായി ഇന്ത്യക്കു ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു എനിക്കു തോന്നുന്നില്ല. ഗംഭീരമായ ഒരു വ്യക്തിഗത ഇന്നിങ്‌സ് കൊണ്ട് മാത്രമാണ് ഇന്ത്യക്കു ഈ കളിയില്‍ ജയിക്കാന്‍ കഴിഞ്ഞതെന്നും വോന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ അത്ര പോരാ
ചെന്നൈയിലെ രണ്ടാം ടി20യില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്കു വലിയൊരു അവസരം തന്നെയാണ് ലഭിച്ചിരുന്നതെന്നു മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് ടീമിലേക്കു ഞാന്‍ നോക്കുമ്പോള്‍ വലിയൊരു അവസരം തന്നെയാണ് അവര്‍ ഈ മല്‍സരത്തില്‍ നഷ്ടപ്പെടുത്തിയത്.

ആദ്യ ടി20യിലേതു പോലെ അത്ര മികച്ച പ്രകടനമാണ് രണ്ടാമത്തെ കളിയില്‍ ഇന്ത്യ കാഴ്ചവച്ചതെന്നു എനിക്കു തോന്നുന്നില്ല. കഴിഞ്ഞ മല്‍സരത്തില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിനു ഒന്നോ, രണ്ടോ അവസരം ഇന്ത്യ നല്‍കിയെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ഇംഗ്ലണ്ടിനു അതു മുതലാക്കാന്‍ സാധിച്ചില്ലെന്നും വോന്‍ വിശദമാക്കി.
പ്രശംസിച്ച് സഹീര്‍
ക്രിക്ക് ബസിന്റെ ഇതേ ഷോയില്‍ സംസാരിക്കവെ തിലക് വര്‍മയുടെ മാച്ച് വിന്നിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. വളരെയധികം സമ്മര്‍ദ്ദമുണ്ടായിരുന്ന ഘട്ടത്തിലും തിലക് വളരെ ശ്രദ്ധയോടെ അവസാനം വരെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മള്‍ നേരത്തേ സൗത്താഫ്രിക്കയില്‍ കളിച്ചപ്പോള്‍ തിലക് വര്‍മ അവിടെ അഗ്രസീവ് സെഞ്ച്വറി കുറിച്ചിരുന്നു. ഇംഗ്ലണ്ടുമായുള്ള ഈ കളിയില്‍ പല കാരണങ്ങളാല്‍ ഇന്ത്യയുടെ പവര്‍പ്ലേ മികച്ചതായിരുന്നു. മൂന്നു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നമ്മള്‍ 59 റണ്‍സ് സ്‌കോര്‍ ചെയ്തു.
അതുകൊണ്ടു തന്നെ ഇത്തരമൊരു സാഹചര്യം നോക്കുമ്പോള്‍ തിലക് വളരെ ഗംഭീരമായിട്ടു തന്നെയാണ് കളിച്ചത്. ശരിയായ സമയത്തു അവന്‍ ബാറ്റിങിലെ ഗിയര്‍ മാറ്റുകയും ചെയ്തു. ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ വലിയ പക്വതയാണ് തിലക് കാണിച്ചതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.