ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. 28 റണ്‍സിനാണ് ഇന്ത്യ നാണംകെട്ടത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഇതോടെ ഇന്ത്യക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെടേണ്ടി വന്നു. ഇന്ത്യയുടെ തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ടീമിന് തിരിച്ചടിയാകുന്നത് എങ്ങനെയാണ്?. പരിശോധിക്കാം. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ഇന്ത്യ. നാട്ടില്‍ അവസാനം കളിച്ച മൂന്ന് ടെസ്റ്റും ഇന്ത്യ തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 2 ജയമാണ് ഇന്ത്യക്ക് നേടാനായത്. 1 മത്സരം സമനിലയായി.
43.33 പോയിന്റോടെയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. നാലാം സ്ഥാനത്ത് നില്‍ക്കുന്ന ബംഗ്ലാദേശിന് 50 പോയിന്റുണ്ട്. 50 പോയിന്റുകളുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ 55 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് തലപ്പത്തുള്ളത്. ഇംഗ്ലണ്ടിനോട് അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ അനായാസം ജയിക്കുമെന്ന് കരുതിയ കളിയാണ് പടിക്കല്‍ കലമുടച്ചത്.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും 2 വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്‌സിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. ജോണി ബെയര്‍സ്‌റ്റോ 37 റണ്‍സും ബെന്‍ ഡക്കറ്റ് 35 റണ്‍സും നേടി. ആദ്യ ഇന്നിങ്‌സിലെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച മുതലാക്കാന്‍ ഇന്ത്യക്കായി.

436 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ അടിച്ചെടുത്തത്. 87 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 86 റണ്‍സെടുത്ത കെ എല്‍ രാഹുലും 80 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളുമാണ് ഇന്ത്യക്ക് കരുത്തായത്. എന്നാല്‍ മൂന്ന് പേര്‍ക്കും സെഞ്ച്വറിയിലേക്കെത്താനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇംഗ്ലണ്ടിനായി ജോ റൂട്ട് നാലും ടോം ഹാര്‍ട്ട്‌ലി, റഹ്‌മാന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വമ്പന്‍ ലീഡിന്റെ ക്ഷീണത്തിലിറങ്ങിയ ഇംഗ്ലണ്ട് തകര്‍പ്പന്‍ പോരാട്ടം കാഴ്ചവെച്ചു.
196 റണ്‍സോടെ ഒലി പോപ്പാണ് ഇംഗ്ലണ്ടിന് കരുത്തായത്. 278 പന്ത് നേരിട്ട് 21 ബൗണ്ടറിയടക്കം നേടി പോപ്പ് പടനയിച്ചപ്പോള്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇതോടെ 420 റണ്‍സാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ പടുത്തുയര്‍ത്തിയത്. 231 എന്ന ഭേദപ്പെട്ട വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നില്‍വെക്കാന്‍ ഇംഗ്ലണ്ടിനായി. പിന്നീടങ്ങോട്ട് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. സ്പിന്നര്‍മാരെ പിച്ച് നന്നായി തുണച്ചതോടെ ഇംഗ്ലണ്ട് പിടിമുറുക്കി.
ടോം ഹാര്‍ട്ട്‌ലി ഏഴ് വിക്കറ്റുമായി മുന്നില്‍ നിന്ന് നയിച്ചതോടെ ഇന്ത്യയുടെ ചീട്ടുകീറി. പ്രധാനപ്പെട്ട താരങ്ങളെല്ലാം നിരാശപ്പെടുത്തി. രോഹിത് ശര്‍മയാണ് (39) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ 22 റണ്‍സും കെ എസ് ഭരത്തും ആര്‍ അശ്വിനും 28 റണ്‍സും നേടി. ശ്രേയസ് അയ്യര്‍ 13 റണ്‍സില്‍ മടങ്ങിയപ്പോള്‍ ശുബ്മാന്‍ ഗില്‍ ഡെക്കായി. അവസാന സമയത്ത് ബുംറയും സിറാജും പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യക്ക് വിജയത്തിലേക്കെത്താനായില്ല. ഇതോടെ നാണംകെട്ട റെക്കോഡില്‍ ഇന്ത്യക്ക് പേരുചേര്‍ക്കേണ്ടി വന്നു.