ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ തുടക്കം പാളിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ യുവ ഇന്ത്യന്‍ ടീം. ലീഡ്്‌സിലെ ഒന്നാമങ്കത്തില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യന്‍ ടീമിനു നേരിടേണ്ടതായി വന്നത്. ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ടും അതു മുതലാക്കി മല്‍സരം വരുതിയിലാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല.
ഫീല്‍ഡിങിലെ പിഴവുകള്‍ ഒഴിവാക്കുകയും ബൗളര്‍മാര്‍ കൂടുതല്‍ നന്നായി പന്തെറിയുകയും ചെയ്തിരുന്നെങ്കില്‍ പരമ്പരിയില്‍ 1-0ന് ലീഡ് ചെയ്യാന്‍ ഇന്ത്യക്കു കഴിഞ്ഞേനെ. ഇനി രണ്ടാം ടെസ്റ്റിലാണ് ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയും. ജൂലൈ രണ്ടിന് അടുത്ത ബുധനാഴ്ച മുതല്‍ ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാമങ്കം.
ഈ ടെസ്റ്റിലും തോല്‍വി വഴങ്ങേണ്ടി വന്നാല്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമായി മാറും. രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയമേറ്റു വാങ്ങാനുള്ള സാധ്യത കൂടുതലാണെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇതിന്‍െ കാരണമെന്താണെന്നറിയാം.

എന്തുകൊണ്ടു ജയിക്കില്ല?
ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ ടീം ജയിക്കില്ലെന്നു പറയാന്‍ ഒരു കാരണം കൂടിയുണ്ട്. ഈ മല്‍സരത്തിന്റെ വേദിയായ എഡ്ബാസ്റ്റണിലെ ഇന്ത്യയുടെ വളരെ മോശം ടെസ്റ്റ് റെക്കോര്‍ഡാണിത്.
ഈ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടെസ്റ്റില്‍ പോലും ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ചരിത്രം പറയുന്നു. എട്ടു ടെസ്റ്റുകളിലാണ് ഇംഗ്ലണ്ടുമായി ഇന്ത്യ ഇവിടെ ഏറ്റുമുട്ടിയത്. ഇതില്‍ ഏഴിലും ഇന്ത്യ പരാജയം സമ്മതിച്ചപ്പോള്‍ ഒന്ന് സമനിലയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏക ആശ്വാസം.
1986ലാണ് ഈ ഗ്രൗണ്ടില്‍ ഇംഗ്ലീഷ് ടീമിനെ സമനിലയില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കു കഴിഞ്ഞത്. അതു മാറ്റി നിര്‍ത്തിയാല്‍ എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ പ്രകടനം പരിതാപകരമാണെന്നു പറയേണ്ടിവരും.
ഇത്തരമൊരു ഗ്രൗണ്ടിലേക്കാണ് ആദ്യടെസ്റ്റ് തോറ്റതിന്റെ സമ്മര്‍ദ്ദത്തില്‍ ഇന്ത്യ യുവനിരയുടെ വരവ്. കൂടാതെ പരിചയ സമ്പന്നരായ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ ഇതിഹാസ താരങ്ങളും ഇന്ത്യന്‍ സംഘത്തിലില്ല. എഡ്ബാസ്റ്റണിലെ ദയനീയ റെക്കോര്‍ഡും ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയുമെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ പരാജയം ഉറപ്പാണെന്നു തന്നെ പറയേണ്ടി വരും.
ബാറ്റിങ് പ്രകടനം
എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മാത്രമല്ല, ബാറ്റിങ് പ്രകടനവും വളരെ മോശമാണെന്നു കണക്കുകള്‍ പറയുന്നു. ഇതുവരെ ഇവിടെ കളിച്ചിട്ടുള്ള 16 ഇന്നിങ്‌സുകളില്‍ വെറും ഒരിക്കല്‍ മാത്രമേ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യക്കായിട്ടുള്ളൂ. ഇതു വളരെയധികം ആശങ്കപ്പെടുത്തുന്ന റെക്കോര്‍ഡ് തന്നെയാണ്. ഇവിടെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലാവട്ടെ വെറും 92 റണ്‍സുമാണ്.

എന്നാല്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഒരുപാട് മികച്ച ഓര്‍മകളുള്ള വേദിയാണിത്. 2011ല്‍ ഇവിടെ ഏഴു വിക്കറ്റിനു 710 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ അവര്‍ ഇവിടെ പടുത്തുയര്‍ത്തിയിരുന്നു. മുന്‍ നായകനും ഓപ്പണറുമായ അലെക്റ്റര്‍ കുക്ക് 294 റണ്‍സോടെ ടീമിന്റെ അമരക്കാരനാവുകയും ചെയ്തു. ഈ ടെസ്റ്റില്‍ 242 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലീഷ് ടീം ആഘോഷിച്ചത്.
2022ലായിരുന്നു എഡ്ബാസ്റ്റണില്‍ ഇന്ത്യന്‍ ടീം അവസാനമായി ടെസ്റ്റ് കൡച്ചത്. 2021ല്‍ നടക്കേണ്ടയിരുന്ന ഈ മല്‍സരം ഇന്ത്യന്‍ ടീം ക്യാംപില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2022ലേക്കു മാറ്റിവച്ചത്. അന്നു ഇന്ത്യക്കെതിരേ ഇംഗ്ലീഷ് ടീം ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കി. ഇതോടെ പരമ്പര 2-2നു സമനിലയില്‍ അവസാനിപ്പിക്കാനും ഇംഗ്ലീഷ് ടീമിനു സാധിച്ചിരുന്നു.