ചെന്നൈ: ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പകരം വീട്ടി പരമ്പരയില്‍ ഒപ്പമെത്താന്‍ നാലാം ദിനത്തില്‍ ഇന്ത്യയിറങ്ങുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 429 റണ്‍സ് കൂടി വേണം. ജോ റൂട്ടും (2) ഡാന്‍ ലോറന്‍സുമാണ് (19) ക്രീസില്‍. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷയും ജോ റൂട്ടിലാണ്.
ഇംഗ്ലണ്ടിന് മുന്നില്‍ രണ്ട് ദിവസമുണ്ടെങ്കിലും സ്പിന്‍ മൈതാനത്ത് നാലാം ദിനം തന്നെ പൂര്‍ത്തിയാക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന് കരുത്തായ നായകന്‍ ജോ റൂട്ടിന് മികവ് ആവര്‍ത്തിക്കാനായാലും മികച്ച പിന്തുണ ലഭിച്ചാല്‍ മാത്രമെ ജയ സാധ്യതയുള്ളു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് വീഴ്ത്തിയുണ്ട്. അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റും മൂന്നാം ദിനം സ്വന്തമാക്കി.
നാലാം ദിനവും തുടക്കം മുതല്‍ സ്പിന്‍ ആക്രമണത്തിലാവും ഇന്ത്യയുടെ പ്രതീക്ഷ. ഇഷാന്ത് ശര്‍മയുടെ പേസ് ബൗളിങ്ങിനും നല്ല സ്വിങ്ങ് ലഭിക്കുന്നുണ്ട്. കുല്‍ദീപ് യാദവിന് കൂടുതല്‍ ഓവര്‍ നല്‍കാതെ അക്ഷറിനെയും അശ്വിനെയും ഉപയോഗിച്ച് ആക്രമിക്കുന്ന രീതിയാണ് ഇന്ത്യന്‍ നായകന്‍ കോലി സ്വീകരിച്ചിരിക്കുന്നത്. നാലാം ദിനത്തിന്റെ തുടക്കം തന്നെ റൂട്ടിനെ മടക്കാനായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും.

അശ്വിന്റെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ ആധിപത്യം നല്‍കിയത്. രണ്ടാം ഇന്നിങ്‌സില്‍ 85 റണ്‍സിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായപ്പോള്‍ വിരാട് കോലിയ്‌ക്കൊപ്പം (62) നിന്ന് പൊരുതിയ അശ്വിന്‍ (106) ഇന്ത്യയെ 286 എന്ന മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 148 പന്തുകള്‍ നേരിട്ട് 14 ഫോറും 1 സിക്‌സുമാണ് അശ്വിന്‍ നേടിയത്. ഏഴാം വിക്കറ്റില്‍ കോലിക്കൊപ്പം 94 റണ്‍സിന്റെ കൂട്ടുകെട്ടും അശ്വിനുണ്ടാക്കി.
സ്പിന്നര്‍മാര്‍ക്ക് വലിയ മുന്‍തൂക്കം നല്‍കുന്ന മൈതാനത്താണ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനല്ലാത്ത അശ്വിന്റെ സെഞ്ച്വറി പ്രകടനം. അഞ്ച് വിക്കറ്റും സെഞ്ച്വറിയും നേടിയതോടെ നിരവധി റെക്കോഡുകളും അശ്വിന്‍ സ്വന്തമാക്കി. അശ്വിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയും 29ാം അഞ്ച് വിക്കറ്റ് പ്രകടനവുമാണ് രണ്ടാം മത്സരത്തിലൂടെ പിറന്നത്. ഒന്നാം ഇന്നിങ്‌സില്‍ 195 റണ്‍സിന്റെ ലീഡ് നേടിയതാണ് ഇന്ത്യക്ക് കരുത്തായത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി(161) കരുത്തില്‍ 329 എന്ന സ്‌കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 134 റണ്‍സില്‍ അവസാനിച്ചു. അജിന്‍ക്യ രഹാനെയും (67), റിഷഭ് പന്തും (58*) ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. അക്ഷര്‍ പട്ടേലും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി അശ്വിന് മികച്ച പിന്തുണ നല്‍കി. നാല് മത്സര പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിലാണ്.