രാജ്‌കോട്ട്: ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി മൂന്നാം ടെസ്റ്റില്‍ വമ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഒരു ദിവസം ബാക്കിനില്‍ക്കെ 434 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ നാണംകെടുത്തിയത്. തുടര്‍ച്ചയായി മൂന്നാമത്തെ ടെസ്റ്റാണ് നാലാംദിനം തന്നെ അവസാനിച്ചിരിക്കുന്നത്. രാജ്‌കോട്ടില്‍ നേടിയ ഏകപക്ഷീയമായ വിജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.
557 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ വച്ചത്. പക്ഷെ നാലാം ദിനം കളി തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രം ശേഷിക്കെ 39.4 ഓവറില്‍ വെറും 122 റണ്‍സിനു ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ വിറപ്പിച്ച ഇംഗ്ലീഷ് ബാറ്റിങ് നിര രണ്ടാമിന്നിങ്‌സില്‍ ഒരു ചെറുത്തുനില്‍പ്പും നടത്താതെ കീഴടങ്ങുകയായിരുന്നു.

യഥാര്‍ഥത്തില്‍ ഈ വിജയത്തില്‍ ഇന്ത്യ നന്ദി പറയേണ്ടത് ഒരു ഇംഗ്ലണ്ട് താരത്തോടാണ്. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ടാണിത്. റൂട്ടിന്റെ സഹായം ഇന്ത്യക്കു ലഭിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നായി മാറുമായിരുന്നു. ഒന്നാമിന്നിങ്‌സിലായിരുന്നു റൂട്ട് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. കളിയിലെ ടേണിങ് പോയിന്റും അതു തന്നെയായിരുന്നു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ആദ്യത്തെ സെഷനില്‍ ഒമ്പതോവര്‍ ആവുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ മൂന്നിന് 33 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. തന്റെ ബാറ്റിങ് പങ്കാളികളെ ഒന്നിനു പിറകെ ഒന്നായി നഷ്ടമായിക്കൊണ്ടിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹിത്തിനു ക്രീസിന്റെ മറുവശത്ത് നിസ്സഹായനായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.
അഞ്ചാംനമ്പറിലേക്കു രവീന്ദ്ര ജഡേജയെ ഇന്ത്യ പ്രൊമോട്ട് ചെയ്യുകയായിരുന്നു. കാരണം അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലും ഇത്തരമൊരു ഘട്ടത്തില്‍ ബാറ്റിങിന് ഇറങ്ങുന്നത് ശരിയാവില്ലെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നായിരുന്നു ഇത്. രോഹിത്തും ജഡേജയും ചേര്‍ന്നു വളരെ ശ്രദ്ധയോടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ കൂടുതല്‍ പരിക്കുകളില്ലാതെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു.
16 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം മുന്നേറവെയാണ് 13ാം ഓവറില്‍ കളിയിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് സംഭവിച്ചത്. സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. മൂന്നാമത്തെയും നാലാമത്തെയും ബോളുകളില്‍ രോഹിത് ബൗണ്ടറി പായിച്ചിരുന്നു. പക്ഷെ ആറാമത്തെ ബോളില്‍ ഹിറ്റ്മാനെ പുറത്താക്കാന്‍ ഇംഗ്ലണ്ടിനു സുവര്‍ണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തുകയായിരുന്നു.
ഇംഗ്ലണ്ടിനു വില്ലനും ഇന്ത്യക്കു രക്ഷകനുമായി മാറിയതാവട്ടെ ജോ റൂട്ടുമായിരുന്നു. രോഹിത്തിന്റെ ക്യാച്ച് അദ്ദേഹം താഴെയിടുകയായിരുന്നു. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ സ്ലിപ്പിലേക്കാണ് വന്നത്. ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്നത് റൂട്ടാണ്. അദ്ദേഹം ഇങ്ങനെയൊരു ക്യാച്ച് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നു പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. അല്‍പ്പം വൈകിയാണ് റൂട്ട് ക്യാച്ചിനായി ഡൈവ് ചെയ്തത്. അദ്ദേഹത്തിന്റെ കൈവിരലുകളില്‍ തട്ടിയ ശേഷം ബോള്‍ വഴുതിപ്പോവുകയായിരുന്നു.

രോഹിത് അപ്പോള്‍ 29 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 49 റണ്‍സുമായിരുന്നു. രോഹിത് പുറത്തായിരുന്നെങ്കില്‍ ഇന്ത്യ നാലു വിക്കറ്റിനു 49 റണ്‍സിലേക്കു വീഴുമായിരുന്നു. പക്ഷെ റൂട്ടിന്റെ സഹായം കാരണം അതുണ്ടായില്ല. ജീവന്‍ തിരിച്ചുകിട്ടിയ രോഹിത് പിന്നീട് 131 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്. നാലാം വിക്കറ്റില്‍ ജഡേജയോടൊപ്പം 204 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടും അദ്ദേഹമുണ്ടാക്കിയിരുന്നു.
445 റണ്‍സെന്ന വലിയ സ്‌കോര്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ നേടാന്‍ സഹായിച്ചതും ഇതാണ്. രോഹിത് നേരത്തേ മടങ്ങിയിരുന്നെങ്കില്‍ ഇന്ത്യ 200 റണ്‍സ് പോലും തികയ്ക്കുമോയെന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിനു ഒന്നാമിന്നിങ്‌സില്‍ 100 റണ്‍സിനു മുകളില്‍ ലീഡും ലഭിച്ചേനെ. ഇതോടെ മല്‍സരഗതിയു മറ്റൊന്നാവുമായിരുന്നു. പക്ഷെ ജോ റൂട്ട് കാരണം ഇത്തരം കുഴപ്പങ്ങളൊന്നുമുണ്ടായില്ല. വളരെ അനായാസം ഇന്ത്യ രാജ്‌കോട്ടില്‍ ജയിച്ചുകയറുകയും ചെയ്തു.