എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനിരിക്കവെ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഗ്രെഗ് ചാപ്പല്‍. രണ്ടാമങ്കത്തില്‍ ഇന്ത്യ നിര്‍ബന്ധമായും രണ്ടു മാറ്റങ്ങള്‍ ടീമില്‍ വരുത്തണമെന്നും എങ്കില്‍ ശക്തമായ തിരിച്ചുവരവും സാധ്യമാണെന്നും ഇന്ത്യയുടെ മുന്‍ കോച്ച് കൂടിയായിരുന്ന ചാപ്പല്‍ നിരീക്ഷിച്ചു.
പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലിറങ്ങിയ ഇന്ത്യക്കു ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് നേരിടേണ്ടി വന്നത്. 371 റണ്‍സെന്ന വെല്ലുവിളുയര്‍ത്തുന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വച്ചിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെ ഇന്ത്യന്‍ ടീം തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

തോല്‍വിക്കു കാരണം ഫീല്‍ഡിങല്ല
ലീഡ്‌സിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി എട്ടു ക്യാച്ചുകളാണ് ഇന്ത്യന്‍ ടീം നഷ്ടപ്പെടുത്തിയത്. ഇതു കളിയില്‍ നിര്‍ണായകമായി മാറുകയും ചെയ്തിരുന്നു. പക്ഷെ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണം ഫീല്‍ഡിങിലെ ഈ പിഴവുകളല്ല ബൗളിങാണെന്നാണ് ഇയാന്‍ ചാപ്പലിന്റെ വിലയിരുത്തല്‍.
ബൗളിങ് മാറ്റുമ്പോള്‍ വിക്കറ്റുകള്‍ വീഴാന്‍ ഒരു കാരണമുണ്ട്. അതു ക്രീസിലുള്ള ബാറ്ററെ സ്വയം പുനക്രമീകരിക്കാന്‍ നിര്‍ബന്ധിതനാക്കി മാറ്റുന്നു. പക്ഷെ ജസ്പ്രീത് ബുംറയില്ലെങ്കില്‍ നിലവിലെ ലൈനപ്പില്‍ ശുഭ്മന്‍ ഗില്ലിനു ഈ തരത്തിലുള്ള ബൗളിങ് വൈവിധ്യമില്ല.
അതിനാല്‍ തന്നെ ഇടംകൈയന്‍ സീമാറായ അര്‍ഷ്ദീപ് സിങിനെയും റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ടീം മിക്‌സിലേക്കു കൊണ്ടുവരണം. ഷെയ്ന്‍ വോണിനു ശേഷമുള്ള ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നറാണ് കുല്‍ദീപെന്നും ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ കോളത്തില്‍ ചാപ്പല്‍ കുറിച്ചു.
ജഡേജയെക്കൊണ്ട് പറ്റില്ല
ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ മാത്രം ഏക സ്പിന്നറായി കളിപ്പിച്ച ഇന്ത്യയുടെ ഗെയിം പ്ലാനിനെയും ഇയാന്‍ ചാപ്പല്‍ വിമര്‍ശിച്ചു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിപ്പിക്കാന്‍ കഴിയുന്ന ഒരു മുന്‍നിര സ്പിന്നറല്ല ജഡേജയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ രവീന്ദ്ര ജഡേജ ഒരു മുന്‍വിര സ്പിന്നറല്ല. അദ്ദേഹത്തിന്റെ ബാറ്റിങ് മികച്ചതായിട്ടാണ് പരിഗണിക്കുന്നതെങ്കില്‍ സപ്പോര്‍ട്ട് സ്പിന്നറായി മാത്രം കളിപ്പിക്കാം.
മറിച്ചാണെങ്കില്‍ ഇക്കാര്യം പുനരാലോചിക്കേണ്ടത് ആവശ്യമാണ്. ഈ ടെസ്റ്റ് പരമ്പരയിലേക്കു തിരിച്ചുവരണമെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട, സന്തുലിതമായ ടീമിനെ ഇറക്കേണ്ടത് ആവശ്യമാണെന്നുും ചാപ്പല്‍ കോളത്തില്‍ വിശദീകരിക്കുന്നു.

അച്ചടക്കം കാണിക്കൂ
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയൊഴികെ ഇന്ത്യന്‍ ബൗളിങ് നിരയിലെ മറ്റാരും അച്ചടക്കത്തോടെ പന്തെറിയുന്നില്ലെന്നാണ് ഇയാന്‍ ചാപ്പലിന്റെ വിമര്‍ശനം. ഇംഗ്ലീഷ് ടീം ഇപ്പോള്‍ ശ്രദ്ധിക്കേണ്ട ഏക കാര്യം ബുംറയെ നേരിടുമ്പോഴുള്ള സമ്മര്‍ദ്ദത്തെ മറികടക്കുകയെന്നതാണ് മറ്റു ബൗളര്‍മാരെയെല്ലാം വളരെ അനായാസം അവര്‍ക്കു നേരിടാന്‍ സാധിക്കുന്നതായും അദ്ദേഹം കോളത്തില്‍ കുറിക്കുന്നു.
ബുംറ ഇന്ത്യന്‍ മിക്‌സിലുണ്ടെങ്കിലും മറ്റുള്ള ബൗളര്‍മാരും കൂടുതല്‍ അച്ചടക്കം കാണിക്കണം. തുടര്‍ച്ചയായി രണ്ടു ബോളുകള്‍ അപകടകരമായ ഏരിയയില്‍ ലാന്‍ഡ് ചെയ്യുന്നത് ഞാന്‍ കണ്ടില്ല. ഇന്ത്യന്‍ താരങ്ങളുടെ (ബുംറയൊഴികെ) ബൗളിങ് ഒന്നുകില്‍ ഒരുപാട് ഫുള്ളോ, അല്ലെങ്കില്‍ ഷോര്‍ട്ടോ, അല്ലെങ്കില്‍ വൈഡുമായിരുന്നു. ബാറ്റര്‍മാരെപ്പോലെ തന്നെ ബൗളര്‍മാരും കഴിയുന്നത്രയും കൂട്ടുകെട്ടുകളുണ്ടാക്കണമെന്നും കോളത്തില്‍ ചാപ്പല്‍ എഴുതി.
ബുംറയെക്കൂടാതെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരായിരുന്നു ആദ്യ ടെസ്റ്റിലെ മറ്റു സീമര്‍മാര്‍. സ്പിന്‍ വിഭാഗം രവീന്ദ്ര ജഡേജയും കൈകാര്യം ചെയ്തു. സിറാജിനും പ്രസിദ്ധിനും ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കുമേല്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ രണ്ടിന്നിങ്‌സും സാധിച്ചില്ല. വളരെ അനായാസമാണ് മുന്‍നിര മുതല്‍ ലോവര്‍ ഓര്‍ഡര്‍ വരെ ഇവര്‍ക്കെതിരേ റണ്‍സ് അടിച്ചെടുത്തത്.