IND vs ENG: ആ 2 പേരെ ടീം ഇന്ത്യയിലെടുക്കണം!! ഐപിഎല്‍ നായകര്‍, ഇര്‍ഫാന്റെ ഉപദേശമിങ്ങനെ
ലോക ചംപ്യന്‍മാരായതിനു പിറകെ രണ്ടു തുത്തുവാരലുകള്‍ക്ക് ഇരയായി വന്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയ ഇന്ത്യന്‍ ടി20 ടീമില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രണ്ടു പുതിയ താരങ്ങളെയാണ് അദ്ദേഹം ടി20 ടീമിലേക്കു നിര്‍ദേശിച്ചിരിക്കുന്നത്.
യുകെ പര്യടനത്തില്‍ ഒരു ജയം പോലും നേടാന്‍ കഴിയാതെ നാണംകെട്ടാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും മടക്കം. ചരിത്രത്തില്‍ അയര്‍ലാന്‍ഡിനോടു ഒരു മല്‍സരം തോല്‍ക്കുക മാത്രമല്ല, പരമ്പരയും 0-2ന് ഇന്ത്യ കൈവിട്ടു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇംഗ്ലണ്ടും 4-0ന് ഇന്ത്യയെ തൂത്തുവാരിയത്.

ആ രണ്ടു പേരെ വിളിക്കൂ
ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോള്‍ ഇടംകൈയന്‍ ബാറ്റര്‍മാരുടെ ആധിപത്യമാണുള്ളതെന്നും ഇതു മാറ്റിയെടുക്കാന്‍ വലംകൈയന്‍മാരെ കൊണ്ടു വരണമെന്നുമാണ് ഇര്‍ഫാന്‍ പഠന്‍ ആവശ്യപ്പെടുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ടീമിലേക്കു കൂടുതല്‍ വലംകൈയന്‍ ബാറ്റര്‍മാരെ ഇന്ത്യ കൊണ്ടു വരികയും തയ്യാറാക്കി നിര്‍ത്തുകയും വേണം. നമുക്ക് ഒരുപാട് ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. ടോപ്പ് 7ലെ എല്ലാവരും ഇടംകൈ ബാറ്റര്‍മാരാണെങ്കില്‍ നിങ്ങള്‍ വലംകൈയന്‍ ബാറ്റര്‍മാരെ കണ്ടെത്തുകയും തയ്യാറാക്കി നിര്‍ത്തുകയും വേണം.
ഇനി മുന്നോട്ടുള്ള ടി20കളില്‍ രജത് പാട്ടിദാറിനു ഇന്ത്യന്‍ ടി20 ടീമില്‍ അവസരം കിട്ടുമോയെന്നു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടാമതായി ഞാന്‍ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നയാള്‍ റിയാന്‍ പരാഗാണ്. അവനും വലംകൈയന്‍ ബാറ്ററാണ്, കൂടാതെ ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായിരിക്കും.
ആഭ്യന്തര മല്‍സരങ്ങളിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ റിയാനെ തീര്‍ച്ചയായും ഇന്ത്യന്‍ ടി20 ടീമിലെടുക്കണം. ആറാമത്തെ ബൗളറായി രണ്ട് ഓവറുകളും മല്‍സരത്തില്‍ അവന്‍ ടീമിനു നല്‍കും'- ഇര്‍ഫാന്‍ വിശദമാക്കി.

സമയം നല്‍കണം
ഇന്ത്യന്‍ ടീം ഇപ്പോള്‍ തുടര്‍ച്ചായായി രണ്ടു ടി20 പരമ്പരകളില്‍ തോറ്റ് വലിയ സമ്മര്‍ദ്ദത്തിലാണെങ്കിലും കൂടുതല്‍ ക്ഷമ കാണിക്കണമെന്നും തിരിച്ചുവരാന്‍ സമയം നല്‍കണെന്നും ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെടുന്നു. വൈഭവ് സൂര്യവംശിയെ പോലെയുള്ള പുത്തന്‍ താരോദയങ്ങളില്‍ ടീം മാനേജ്‌മെന്റ് ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം പറയുന്നു.
'ടീമില്‍ അഞ്ച്- ആറ് പുതിയ കളിക്കാരുണ്ടെങ്കില്‍ അവര്‍ക്കു ഇനിയും കൂടുതല്‍ സമയം നല്‍കേണ്ടത് ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. ഉദാഹരണമായി വൈഭവ് സൂര്യവംശിയുടെ കാര്യമെടുക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും മുന്നോട്ടു പോകവെ അവന്‍ നല്ല പ്രകടനം തന്നെ കാഴ്ചവയ്ക്കും.
അക്കാര്യത്തില്‍ എനിക്കു ഒരു സംശയവുമില്ല. വ്യത്യസ്ത പിച്ചുകളിലും അവന്‍ പെര്‍ഫോം ചെയ്യും. വൈഭവിന് 15 വയസ്സായിട്ടേയുള്ളൂ. മൂന്നോട്ടു പോകവെ അവന്‍ കൂടുതല്‍ പഠിക്കും. വൈഭവില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയും ക്ഷമ കാണിക്കുകയും വേണം'- ഇര്‍ഫാന്‍ നിരീക്ഷിച്ചു.
മാനസികാവസ്ഥ മാറ്റണം
ഇംഗ്ലണ്ടിലെയും അയര്‍ലാന്‍ഡിലെയും പോലെയുള്ള വ്യത്യസ്തമായ പിച്ചുകളിലും സാഹചര്യങ്ങളിലും കളിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തണമെങ്കില്‍ താരങ്ങള്‍ അവരുടെ ബാറ്റിങ് മികവ് കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും അതിനായി മാനസികാവസ്ഥയില്‍ മാറ്റവും വരുത്തേണ്ടത് പ്രധാനമാണെന്നു ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു.
'കളിക്കാരുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിനെ പറ്റി കൂടിയാണ് ഞാന്‍ പറയുന്നത്. ക്യാംപുണ്ടാവുമ്പോഴെല്ലാം ഫ്‌ളാറ്റ് പിച്ചുകളില്‍ കളിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഒരുപാട് വേഗതയുള്ള ബോളുകള്‍ നേരിടാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നില്ല. റേഞ്ച് ഹിറ്റിങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പ്പര്യം. സ്വന്തം കഴിവ് ഇനിയും മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഇതാണ് കളിക്കാരുടെ മാനസികാവസ്ഥ.
ഇതു യഥാര്‍ഥ കോച്ചുമാരില്‍ നിന്നുള്ള ഫീഡ് ബാക്കുകള്‍ തന്നെയാണ്. ഈ മാനസികാവസ്ഥയില്‍ നിന്നും താരങ്ങള്‍ മാറിയേ തീരുകയുള്ളൂ. കോച്ചുമാരും സെലക്ടര്‍മാരും അവരുടെ ജോലി ചെയ്യും. പക്ഷെ കളിക്കാരെന്ന നിലയില്‍ നിങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. ബാറ്റിങിലെ മനോഭാവത്തില്‍ നമ്മള്‍ മാറ്റം വരുത്തേണ്ടതുണ്ട്'- ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

