ഇംഗ്ലണ്ടുമായി അടുത്തയാഴ്ച മാഞ്ചസ്റ്ററില്‍ ആരംഭിക്കാനിരിക്കുന്ന നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍. പ്രധാനമായും രണ്ടു മാറ്റങ്ങളാണ് ഇന്ത്യന്‍ ലൈനപ്പില്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുള്ളത്. രണ്ടു ഓള്‍റൗണ്ടര്‍മാരെ ഒഴിവാക്കിയ വെങ്‌സാര്‍ക്കര്‍ പകരം രണ്ടു ബൗളര്‍മാരെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തു.
അതേസമയം, അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-2നു പിറകിലായതിനാല്‍ മാഞ്ചസ്റ്ററില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇഇന്ത്യ ലക്ഷ്യമിടുന്നില്ല. ഇംഗ്ലീഷ് മണ്ണില്‍ വീണ്ടുമൊരു പരമ്പര കൈവിടാതിരിക്കാന്‍ നാലാമങ്കം ജയിച്ച് ഇന്ത്യക്കു ഒപ്പമെത്തിയേ തീരൂ. ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്.

ഇന്ത്യ വരുത്തേണ്ട മാറ്റം
മാഞ്ചസ്റ്ററിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയെയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും ഒഴിവാക്കണമെന്നാണ് ദിലീപ് വെങ്‌സാര്‍ക്കര്‍ ആവശ്യപ്പെടുന്ന്. റെവ്‌സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഞാന്‍ നിതീഷ് റെഡ്ഡിയെ ഒഴിവാക്കും. അര്‍ഷ്ദീപ് സിങിനെ കൊണ്ടുവരാന്‍ മറ്റൊരാളെ കൂടി ടീമില്‍ നിന്നും ഞാന്‍ മാറ്റി നിര്‍ത്തും. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ റെഡ്ഡി വഴി മാറിക്കൊടുത്തേ തീരൂ.
വാഷിങ്ടണ്‍ സുന്ദറിനെ പോലെയൊരാള്‍ക്കു പകരം കുല്‍ദീപ് യാദവിനെയും ടീമിലേക്കു കൊണ്ടു വരണം. ഒരു ടെസ്റ്റ് മല്‍സരം വിജയിക്കണമെങ്കില്‍ നിങ്ങള്‍ക്കു അഞ്ചു ബൗളര്‍മാരെ ആവശ്യമാണ്. നിങ്ങളുടെ ആറു ബാറ്റര്‍മാര്‍ക്കു നല്ലൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ബൗളര്‍മാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ആവശ്യമാണ്.
പാര്‍ട് ടൈം ബൗളര്‍മാരെ വച്ച്‌ടെസ്റ്റ് ജയിക്കാന്‍ കഴിയില്ലെന്നും വെങ്‌സാര്‍ക്കര്‍ വ്യക്കമാക്കി.
ഞാന്‍ അര്‍ഷ്ദീപ് സിങിനെയും കുല്‍ദീപ് യാദവിനെയും അടുത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലെടുക്കും. വായുവിലും വിക്കറ്റിനു പുറത്തേക്കും ബോള്‍ മൂവ് ചെയ്യിക്കാന്‍ കഴിവുള്ള മികച്ച ഇടംകൈയന്‍ ബൗളറാണ് അര്‍ഷ്ദീപ്.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇതു വളരെ നിര്‍ണായകമാണ്. ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യിക്കാനും അര്‍ഷ്ദീപിനാവും. അതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവന്‍ ബൗള്‍ ചെയ്യുന്നത് താന്‍ കണ്ടിട്ടുള്ളതാണെന്നും വെങ്‌സാര്‍ക്കര്‍ പറഞ്ഞു.
അതേസമയം, ഇന്ത്യയെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ മാഞ്ചസ്റ്റര്‍ മോശം വേദികളിലൊന്നാണ്. ഇവിടെ ഇതുവരെ ഒരു ടെസ്റ്റില്‍ പോലും വിജയിക്കാന്‍ ഇതുവരെ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യ അവസാനമായി ഈ ഗ്രൗണ്ടില്‍ കളിച്ചിട്ടുള്ളത്. അന്നു ഇന്നിങ്‌സിന്റെയും 54 റണ്‍സിന്റെയും കനത്ത പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടതായി വന്നത്.
കരുണ്‍ വേണോ?
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു ഇതിനകം കളിച്ച മൂന്നു ടെസ്റ്റുകളിലു ഇംപാക്ടുണ്ടാക്കായില്ലെങ്കിലും ഒരവസരം കൂടി നല്‍കുമെന്നു ദിലീപ് വെങ്‌സാര്‍ക്കര്‍ പറയുന്നു.

ആദ്യടെസ്റ്റില്‍ ആറാം സ്ഥാനത്തും തുടര്‍ന്നുള്ള രണ്ടു ടെസ്റ്റുകളിലും മൂന്നാം നമ്പറിലുമാണ് കരുണ്‍ ബാറ്റ് ചെയ്തത്. ഭേദപ്പെട്ട തുടക്കങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുന്നുണ്ടെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം.
കരുണ്‍ നായര്‍ മികച്ച താരമാണ്. അദ്ദേഹം പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. പക്ഷെ ആ 30കളും 40കളുമെല്ലാം വലിയ സ്‌കോറുകളാക്കി മാറ്റേണ്ടത് ആവശ്യമാണ്. അനുഭവ സമ്പത്തുള്ള ക്രിക്കറ്ററാണ് കരുണ്‍. എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹത്തിനറിയാം.
സ്വയം തെളിയിക്കുന്നതിനായി കരുണിനു ഒരവസരം കൂടി ഞാന്‍ നല്‍കും. സെഞ്ച്വറി നേടാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. അടുത്ത മല്‍സരതത്തില്‍ ഇതിനു കഴിയട്ടെയെന്നു പ്രതീക്ഷിക്കുന്നതായും വെങ്‌സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.