മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വീണ്ടൊരു പരാജയ ഭീതിയിലുള്ള ഇന്ത്യന്‍ ടീമിനു ഉപദേശവുമായി മുന്‍ മധ്യനിര ബാറ്ററും വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ശുഭ്മന്‍ ഗില്ലും സംഘവും ഇപ്പോള്‍ 1-2നു പിന്നിലാണ്. അടുത്തയാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലെ നാലാമങ്കം ഇന്ത്യക്കു ഏറെ നിര്‍ണാകമായി മാറിയിരിക്കുകയാണ്. അതില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യക്കു പരമ്പര അടിയറ വയ്‌ക്കേണ്ടതായി വരും.
ഐതിഹാസിക വേദിയായ ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടി വന്നത്. രവീന്ദ്ര ജഡേജ വാലറ്റക്കാരെ കൂട്ടുപിടിച്ച് അവസാന സെഷന്‍ വരെ പൊരുതി നോക്കിയെങ്കിലും വിജയം കൈയെത്തുംദൂരത്തു വഴുതിപ്പോയി. ഇനി മാഞ്ചസ്റ്ററില്‍ ഈ അബദ്ധം ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

രഹാനെയുടെ ഉപദേശം
സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇനി ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമില്‍ വരുത്തേണ്ട മാറ്റമെന്താണെന്നു അജിങ്ക്യ രഹാനെ ചൂണ്ടിക്കാട്ടിയത്. ഒരു അധിക ബൗളറെ കൂടി ഇന്ത്യന്‍ ഇലവനിലേക്കു കൊണ്ടു വരണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ കളിയും അതോടൊപ്പം പരമ്പരയും ജയിക്കാന്‍ ഇന്ത്യക്കു സാധിക്കൂയെന്നും രഹാനെ പറയുന്നു.
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള അവസരം ഇന്ത്യന്‍ ടീം മിസ് ചെയ്തുവെന്നു എനിക്കു തോന്നുന്നു. കൂടാതെ, ഇനിയുള്ള മല്‍സരങ്ങളില്‍ ഒരു എക്‌സ്ട്രാ ബൗളറെ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണം.
കാരണം എതിരാൡകളുടെ 20 വിക്കറ്റുകള്‍ നേടിയാല്‍ മാത്രമേ നിങ്ങള്‍ക്കൊരു ടെസ്റ്റും അതോടൊപ്പം പരമ്പരയും വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റ് ഇപ്പോള്‍ വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. അതു കൊണ്ടു തന്നെ ഒരു എക്‌സ്ട്രാ ബാറ്റര്‍ വേണോ, അതോ ബൗണമോയെന്നതാണ് ചോദ്യമെന്നും രഹാനെ വിശദമാക്കി.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നു. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഒപ്പം മുഹമ്മദ് സിറാജും ആകാശ്ദീപും കൂടെയുണ്ടായിരുന്നു. ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയെ നാലാം പേസറായും ഇന്ത്യ ഉപയോാഗിച്ചു. സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു.
ടേണിങ് പോയിന്റ്
ലോര്‍ഡ്‌സ് ടെസ്റ്റിലെ ടേണിങ് പോയിന്റ് എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അജിങ്ക്യ രഹാനെ. ഇന്ത്യന്‍ റണ്‍ചേസില്‍ രണ്ടാമിന്നിങ്‌സില്‍ കരുണ്‍ നായരുടെ പുറത്താവലാണ് കളിയിലെ വഴിത്തിരിവെന്നു അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ റണ്‍ചേസ് നടത്തവെ ഒരു വിക്കറ്റിനു 40 റണ്‍സില്‍ അപ്പോള്‍ മുന്നേറുകയായിരുന്നു. പക്ഷെ കരുണ്‍ നായരുടെ എല്‍ബിഡബ്ല്യു കളിയാകെ മാറ്റി. അതിനുശേഷം ഇംഗ്ലണ്ട് ടീം ഗെയിമിലേക്കു നന്നായി തിരിച്ചുവന്നതായി എനിക്കു തോന്നുന്നു. തുടര്‍ന്ന് അവര്‍ വളരെ നന്നായി പന്തെറിഞ്ഞു. കളിക്കളത്തില്‍ അവരുടെ ഫീല്‍ഡര്‍മാര്‍ കാണിച്ച തിവ്രതയും സ്വഭാവവുമെല്ലാം അതിശയിപ്പിക്കുന്നതാണെന്നു ംരഹാനെ കൂട്ടിച്ചേര്‍ത്തു.
ഒന്നാമിന്നിങ്‌സില്‍ ഇരുടീമുകളും ഒരേ സ്‌കോറിനാണ് പുറത്തായത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലീഷ് ടീം 387 റണ്‍സില്‍ ഓള്‍ഔട്ടായി. മറുപടിയില്‍ ഇന്ത്യയും ഇതേ സ്‌കോറില്‍ പുറത്തായതോടെയാണ് രണ്ടാമിന്നിങ്‌സ് ഏറെ നിര്‍ണായകായത്. ഇംഗ്ലണ്ടിനെ 192ല്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ 193 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 170ന് കൂടാരത്തില്‍ തിരിച്ചെത്തി.