ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറു റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ന്യൂലുക്ക് ഇന്ത്യന്‍ ടീം. ഇന്ത്യയുടെ ഒന്നാമന്നിങ്‌സ് ടോട്ടലായ 471 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ടീം 465ന് പുറത്താവുകയായിരുന്നു. ഫീല്‍ഡിങില്‍ ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ടോട്ടല്‍ 465 വരെയെത്തിച്ചത്.
രണ്ടും മൂന്നും ദിവസങ്ങളിലായി ലഭിച്ച ക്യാച്ച് അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഇംഗ്ലണ്ട് 300 റണ്‍സ് പോലും കടക്കുമോയെന്നതു സംശയമാണ്. ടീമിന്റെ പ്രധാന സ്‌കോറര്‍മാരായ ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക്, ബെന്‍ ഡക്കെറ്റ് എന്നിവര്‍ക്കെല്ലാം ആയുസ് നീട്ടിക്കൊടുത്തത് ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയ ക്യാച്ചുകളാണ്. 'മല്‍സരിച്ച്;' ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും ഇന്ത്യ കുറിച്ചിരുന്നു.

ആറു ക്യാച്ചുകള്‍
ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ ആറു ക്യാച്ചുകളാണ് ഈ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടു കളഞ്ഞത്. ഇതില്‍ നാലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓവറുകളിലായിരുന്നു. ഒരിക്കലും ചോരാത്ത കൈകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയയുടെ കൈകളില്‍ നിന്നു പോലും ക്യാച്ച് വഴുതിപ്പോയെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
ഇത്രയും ക്യാച്ചുകള്‍ ഒരിന്നിങ്‌സില്‍ തന്നെ പാഴാക്കിയതോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും ശുഭ്മന്‍ ഗില്ലിന്റെ യുവ ഇന്ത്യന്‍ ടീമിനെ തേടിയെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ഒരിന്നിങ്‌സില്‍ അഞ്ചോ, അതിനു മുകളിലോ ക്യാച്ചുകള്‍ പാഴാക്കിയിരിക്കുന്നത്.
രക്ഷപ്പെട്ടത് ആരൊക്കെ?
ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ ബാറ്ററും വെടിക്കെട്ട് താരവുമായ ബെന്‍ ഡക്കെറ്റ് തുടക്കത്തില്‍ തന്നെ രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്. രണ്ടും ജസ്പ്രീത് ബുംറയുടെ ഓവറിലാണ്. അഞ്ചാം ഓവറിലായിരുന്നു ഡക്കെറ്റിന്റെ ആദ്യ രക്ഷപ്പെടല്‍. ഗള്ളി ഏരിയയില്‍ യശസ്വി ജയ്‌സ്വാള്‍ ഡൈവ് ചെയ്ത് ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അതു കൈകൡ നിന്നും വഴുതിപ്പോവുകയായിരുന്നു.
ഏഴാം ഓവറില്‍ ഡക്കെറ്റിനു വീണ്ടും ആയുസ്സ് നീട്ടിക്കിട്ടി. ഇത്തവണ വില്ലന്‍ രവീന്ദ്ര ജഡേജയായിരുന്നു. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഒരു അനായാസ ക്യാച്ച് അദ്ദേഹം താഴെയിടുകയായിരുന്നു. ജീവന്‍ രണ്ടു തവണ തിരിച്ചുകിട്ടിയ ശേഷം തകര്‍ത്തു കളിച്ച ഡക്കൈറ്റ് പിന്നീട് 62 റണ്‍സ് നേടിയാണ് പുറത്തായത്.
ഇംഗ്ലണ്ടിന്റെ സെഞ്ച്വറി വീരന്‍ ഒല്ലി പോപ്പിന്റെ ക്യാച്ചാണ് മൂന്നാമതായി ഇന്ത്യ കൈവിട്ടു കളഞ്ഞത്. ബുംറയെറിഞ്ഞ 31ാം ഓവറിലായിരുന്നു ഇത്. മൂന്നാമത്തെ സ്ലിപ്പിലുണ്ടായിരുന്ന ജയ്‌സ്വാളാണ് ഈ ക്യാച്ച് നഷ്ടപ്പെടുത്തി വീണ്ടും ടീമിനെ ചതിച്ചത്. പോപ്പ് അപ്പോള്‍ 60 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ആയുസ് നീക്കിക്കിട്ടിയതോടെ അദ്ദേഹം പിന്നീട് 106 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

വെടിക്കെട്ട് താരം ഹാരി ബ്രൂക്കിന്റെ കാച്ചാണ് നാലാമതായി ഇന്ത്യ പാഴാക്കിയത്. ജഡേജയെറിഞ്ഞ 72ാം ഓവറിലെ ആദ്യ ബോള്‍ ബ്രൂക്കിന്റെ ബാറ്റിലുരസിയെങ്കിലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പിടികൂടാനായില്ല. ഗ്ലൗസില്‍ തട്ടി ഇതു തെറിക്കുകയായിരുന്നു 46ല്‍ നില്‍ക്കെയായിരുന്നു ബ്രൂക്കിന്റെ ഈ രക്ഷപ്പെടല്‍. പിന്നീട് ഇന്ത്യയെ വേട്ടയാടിയ താരം 99 റണ്‍സെടുത്താണ് മടങ്ങിയത്.
ജാമി സ്മിത്താണ് അഞ്ചാം തവണ പുറത്താവാതെ രക്ഷപ്പെട്ടത്. ജഡേജയുടെ 72ാം ഓവറില്‍ തന്നെയായിരുന്നു ഇതും സംഭവിച്ചത്. സ്മിത്ത് ഫ്‌ളിക്ക് ചെയ്ത ബോള്‍ ഷോര്‍ട്ട് ലെഗ് ഫീല്‍ഡറായ സായ് സുദര്‍ശന് പിടിയിലൊതുക്കാനായില്ല. അല്‍പ്പം ദുഷ്‌കരമായ അവസരമായിരുന്നു ഇത്.
ആറാമതായി ബ്രൂക്കിന്റെ ക്യാച്ച് വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ നഷ്ടപ്പെടുത്തി. ബുംറയ്ക്കാണ് വീണ്ടും വിക്കറ്റ് നിഷേധിക്കപ്പെട്ടത്. മൂന്നാം തവണയും വില്ലന്‍ ജയ്‌സ്വാളായിരുന്നു. മൂന്നം സ്ലിപ്പിലാണ് അദ്ദേഹം ഒരിക്കല്‍ക്കൂടി ക്യാച്ച് താഴെടിട്ടത്. ബ്രൂക്ക് 83 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഇത്.