നാഗ്പൂര്‍: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര 4-1നു സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ ഈയാഴ്ച തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയിലേക്കാണ്. വ്യാഴാഴ്ച മുതലാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് പകലും രാത്രിയുമായി ആദ്യ മല്‍സരം. ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യയുടെ അവസാനത്തെ തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ പരമ്പര.
ടി20യില്‍ ജോസ് ബട്‌ലറെയും സംഘത്തെയും നിഷ്പ്രഭരാക്കാന്‍ ഇന്ത്യക്കായെങ്കിലും ഏകദിനത്തില്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. ഏകദിന പരമ്പര ജയിച്ച് ഇംഗ്ലണ്ട് ഇന്ത്യയോടു കണക്കുതീര്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

പുതിയ ടീം കോമ്പിനേഷന്‍, ഫോം
ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ലൈനപ്പിനെയാണ് ഏകദിനത്തില്‍ പരീക്ഷിക്കുന്നത്. ടി20 പരമ്പരയില്‍ കളിച്ച ഭൂരിഭാഗം പേരും ഏകദിന ടീമിന്റെ ഭാഗവുമല്ല. സൂര്യകുമാര്‍ യാദവാണ് ടി20യില്‍ ടീമിനെ നയിച്ചതെങ്കില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യയുടെ പടയൊരുക്കം.
ടി20യിലെ ടോപ്പ് ഫൈവില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഏകദിനത്തിലെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ്. രോഹിത്തിനൊപ്പം ശുഭ്മന്‍ ഗില്ലാണ് ഓപ്പണിങ് പങ്കാളിയായി എത്തുക. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി ശ്രേയസ് അയ്യരുമാണുള്ളത്. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരില്‍ ഒരാളെയാവും ഇന്ത്യ കളിപ്പിക്കുക.
ടി20യിലേതു പോലെ വളരെ അഗ്രസീവായ, ഒരു പോസിറ്റീവ് ക്രിക്കറ്റ് ഏകദിനത്തില്‍ കാഴ്ചവയ്ക്കാന്‍ ഇന്ത്യക്കു കഴിഞ്ഞേക്കില്ല. കാരണം ഗില്‍, കോലി, ശ്രേയസ് എന്നിവരെല്ലാം അഗ്രസീവ് ശൈലിക്കു പകരം ക്രീസില്‍ നിലയുറപ്പിച്ച് പതിയെ ഇന്നിങ്സ് മുന്നോട്ടു കൊണ്ടു പോവാന്‍ ഇഷ്ടപ്പെടുന്നവരാണ്. രോഹിത്തും റിഷഭും മാത്രമാണ് അഗ്രസീവ് ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്ന ടോപ്പ് ഫൈവിലെ താരങ്ങള്‍.
രോഹിത്തും കോലിയും മോശം ഫോമിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ രണ്ടു പേരും ബാറ്റിങില്‍ തികഞ്ഞ പരാജയമായിരുന്നു. കൂടാതെ ഏറ്റവും അവസാനമായി കളിച്ച രഞ്ജി ട്രോഫി മല്‍സരത്തിലും രണ്ടു പേരും ബാറ്റിങില്‍ ക്ലിക്കായില്ല. ഇനി ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ ഏകദിന പരമ്പരയില്‍ ഇവര്‍ ഫോമിലേക്കു തിരിച്ചെത്തുമോയെന്നതും കണ്ടു തന്നെ അറിയണം.
തുറുപ്പുചീട്ടുകളുടെ അഭാവം
സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യയുടെ പ്രധാനപ്പെ തുറുപ്പുചീട്ടുകള്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 279 റണ്‍സാണ് പരമ്പരയില്‍ അഭിഷേക് വാരിക്കൂട്ടിയത്. റണ്‍വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്തതും അദ്ദേഹമാണ്. പക്ഷെ ഏകദിനത്തില്‍ അഭിഷേക് ഇന്ത്യന്‍ സംഘത്തിലില്ല.
പകരം ഇതേ ശൈലിയില്‍ ബാറ്റ് വീശുന്ന മറ്റൊരു ഇടംകൈയന്‍ വെടിക്കെട്ട് താരം യശസ്വി ജയ്‌സ്വാള്‍ ടീമിലുണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ല. കാരണം ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുക അസാധ്യമായിരിക്കും. അതിനാല്‍ ജയ്‌സ്വാളിനു ബെഞ്ചിലേക്കു ഒതുങ്ങേണ്ടിയും വരും.

ബൗളിങിലേക്കു വന്നാല്‍ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ കശാപ്പ് ചെയ്യുന്നതിനു ചുക്കാന്‍ പിടിച്ചത് വരുണായിരുന്നു. അഞ്ചു കളിയില്‍ 7.66 ഇക്കോണമി റേറ്റില്‍ അദ്ദേഹം കടപുഴക്കിയത് 14 വിക്കറ്റുകളാണ്. ഒരു ഫൈഫറും ഇതിലുള്‍പ്പെടും. വരുണിന്റെ ബോളുകള്‍ക്കെതിരേ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയും ചെയ്തു.
പക്ഷെ ഏകദിനത്തില്‍ അദ്ദേഹമില്ലെന്നത് ഇംഗ്ലീഷ് ബാറ്റിങ് നിരയെ സന്തോഷിപ്പിക്കുന്നുണ്ട്. കുല്‍ദീപ് യാദവാണ് ഏകദിന പരമ്പരയില്‍ ടീമിന്റെ പ്രധാന സ്പിന്നര്‍. പക്ഷെ വരുണിനെപ്പോലെ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നതു സംശയവുമാണ്.
ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.