ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 3-1നാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചിരിക്കുന്നത്. ആദ്യ മത്സരം തോറ്റ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ മികവാണ് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ എടുത്തു പറയേണ്ടത്.
യശ്വസി ജയ്‌സ്വാള്‍ സ്ഥിരതയോടെ കസറുകയും ചെയ്തു. അഞ്ചാം ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ടിനെ നാട്ടിലേക്ക് മടക്കി അയക്കാമെന്നാവും ഇന്ത്യ കണക്കുകൂട്ടുക. അഞ്ചാം ടെസ്റ്റ് ധരംശാലയിലാണ് നടക്കുന്നത്. ഈ ടെസ്റ്റ് ജയിച്ചാല്‍ അപൂര്‍വ്വ റെക്കോഡിലേക്കെത്താന്‍ ഇന്ത്യക്കാവും. ഇന്ത്യയുടെ ടെസ്റ്റിലെ ജയത്തിന്റേയും തോല്‍വിയുടേയും എണ്ണം തുല്യമായി മാറുമെന്നതാണ് ഈ റെക്കോഡ്. 578 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചിരിക്കുന്നത്. ഇതില്‍ 177 ജയവും 178 തോല്‍വിയും 222 സമനിലയുമാണ് ഇന്ത്യ നേടിയത്.
അഞ്ചാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയുടെ ജയവും തോല്‍വിയും 178 ആയി മാറും. അധികം ടീമുകള്‍ക്ക് സാധിക്കാത്ത നേട്ടമാണ് ഇന്ത്യ നേടിയെടുക്കാന്‍ പോകുന്നത്. നിലവിലെ സാധ്യത പ്രകാരം ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. അഞ്ചാം ടെസ്റ്റിലും യുവതാരങ്ങളുടെ മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വിരാട് കോലിയും കെ എല്‍ രാഹുലും അഞ്ചാം ടെസ്റ്റിലും കളിക്കില്ല. നാലാം ടെസ്റ്റില്‍ വിശ്രമമെടുത്ത ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിലും പുറത്തിരിക്കാനാണ് സാധ്യത.
ഇന്ത്യയുടെ യുവനിര ശക്തമാണ്. എടുത്തു പറയേണ്ടത് യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമാണ്. മികച്ച ഫോമില്‍ കളിക്കുന്ന താരം രണ്ട് ഇരട്ട സെഞ്ച്വറിയാണ് പരമ്പരയില്‍ നേടിയെടുത്തത്. അഞ്ചാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയാല്‍ ജയ്‌സ്വാളിന് സുനില്‍ ഗവാസ്‌ക്കറിന്റെ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡ് തകര്‍ക്കാന്‍ സാധിക്കും. ജയ്‌സ്വാളിന്റെ പ്രകടനത്തിലാണ് അഞ്ചാം ടെസ്റ്റിലും ഇന്ത്യക്ക് പ്രതീക്ഷ.

മൂന്നാം നമ്പറില്‍ സ്ഥിരത കാട്ടാതിരുന്ന ശുബ്മാന്‍ ഗില്‍ ഇപ്പോള്‍ മികവ് കാട്ടുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ശുബ്മാന്‍ ഗില്ലായിരുന്നു. മധ്യനിരയില്‍ രജത് പാട്ടീധാറിന്റെ ചീട്ടുകീറി. നാല് ടെസ്റ്റില്‍ മൂന്നിലും കളിച്ച രജത്തിന് ഒരു ഇന്നിങ്‌സില്‍ പോലും തിളങ്ങാനായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ രജത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ചാം ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും.
ഇടം കൈയന്‍ ടോപ് ഓഡര്‍ താരമായ ദേവ്ദത്ത് മധ്യനിരയില്‍ കളിക്കുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയത്. സര്‍ഫറാസ് ഖാന്‍ മൂന്നാം ടെസ്റ്റില്‍ തിളങ്ങിയെങ്കിലും നാലാം ടെസ്റ്റില്‍ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റ് സര്‍ഫറാസിന് നിര്‍ണ്ണായകമാണ്. തിളങ്ങാനായില്ലെങ്കില്‍ സര്‍ഫറാസിന് കാര്യങ്ങള്‍ കടുപ്പമായിരിക്കും. അഞ്ചാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ദ്രുവ് ജുറേലാണ് കളിയിലെ താരമായത്.
അടുത്ത എംഎസ് ധോണിയോട് പോലും ഇപ്പോള്‍ ജുറേലിനെ ഉപമിക്കുകയാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ ജുറേലിന് സാധിക്കുന്നുണ്ട്. എന്നാല്‍ അഞ്ചാം ടെസ്റ്റിലും ഇതേ മികവ് ആവര്‍ത്തിക്കേണ്ടത് ജുറേലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. അല്ലാത്ത പക്ഷം ജുറേലിനും കാര്യങ്ങള്‍ എളുപ്പമാവില്ല. യുവ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ജുറേലിന് ഇന്ത്യക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നു. ഇന്ത്യയുടെ ബൗളിങ് നിരയും ഉജ്ജ്വല ഫോമിലാണ്.
ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സ്പിന്‍ മികവാണ് എടുത്തു പറയേണ്ടത്. ഇരുവരും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കുല്‍ദീപ് യാദവും ഫോമിലാണ്. ഇംഗ്ലണ്ട് ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാവും സ്വപ്‌നം കാണുക. അതുകൊണ്ടുതന്നെ പോരാട്ടം ശക്തമായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.