റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ സ്പിന്‍ നിരക്ക് മുന്നില്‍ നന്നായി വിറച്ച ശേഷമാണ് ഇന്ത്യയുടെ ജയം. ജയത്തോടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പര 3-1ന് ഇന്ത്യ ഉറപ്പിച്ചു.
ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് പോകുമെന്ന് തോന്നിച്ച ഇന്ത്യയെ ശുബ്മാന്‍ ഗില്ലും (52*) ദ്രുവ് ജുറേലും (39*) ചേര്‍ന്നാണ് വിജയത്തിലേക്കെത്തിച്ചത്. ഗില്‍ 124 പന്ത് നേരിട്ട് 2 സിക്‌സര്‍ പറത്തിയപ്പോള്‍ ജുറേല്‍ 77 പന്തില്‍ 2 ബൗണ്ടറി നേടി. രോഹിത് ശര്‍മ (55) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ 37 റണ്‍സും സ്വന്തമാക്കി.
വിക്കറ്റ് പോവാതെ 40 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 44 റണ്‍സുകൂടി കൂട്ടിച്ചേര്‍ക്കാന്‍ ഓപ്പണര്‍മാര്‍ക്കായി. സ്‌കോര്‍ബോര്‍ഡ് 84ല്‍ നില്‍ക്കവെ യശ്വസി ജയ്‌സ്വാളിനെ (37) ഇന്ത്യക്ക് നഷ്ടമായി. 44 പന്ത് നേരിട്ട് 5 ബൗണ്ടറി നേടിയ ജയ്‌സ്വാളിനെ ജെയിംസ് ആന്‍ഡേഴ്‌സന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മടക്കിയത്. 55 റണ്‍സുമായി മികച്ച പ്രകടനം നടത്തിയിരുന്ന രോഹിത് ശര്‍മയെ ടോം ഹാര്‍ട്ട്‌ലി പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി.
5 ഫോറും 1 സിക്‌സും പറത്തിയ രോഹിത് ക്രീസില്‍ നിന്ന് കയറിക്കളിച്ചപ്പോള്‍ ബെന്‍ ഫോക്‌സ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യയുടെ തകര്‍ച്ചയാണ് കണ്ടത്. രജത് പാട്ടീധാര്‍ (0) നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ (4) അല്‍പ്പനേരം പിടിച്ചുനിന്ന ശേഷം പുറത്തായി. സര്‍ഫറാസ് ഖാന്‍ (0) ഡെക്കിനും മടങ്ങിയതോടെ മത്സരം മുറുകി. സര്‍ഫറാസ് പുറത്താവുമ്പോള്‍ ഇന്ത്യ 120ന് 5 എന്ന തകര്‍ന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്.

ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതല്‍ വിറപ്പിക്കാന്‍ ഇന്ത്യക്കായി. ആര്‍ അശ്വിനെ തുടക്കത്തിലേ പന്തേല്‍പ്പിച്ച രോഹിത് ശര്‍മക്ക് തെറ്റിയില്ല.
സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ ബെന്‍ ഡക്കെറ്റിനെ (15) അശ്വിന്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ഒലി പോപ്പിനെ ഗോള്‍ഡന്‍ ഡെക്കുമാക്കി. പോപ്പിനെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയോടെ ഇന്ത്യയെ വിറപ്പിച്ചത് ജോ റൂട്ടായിരുന്നു.
11 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി. റിവ്യൂവിലൂടെയാണ് ഈ വിക്കറ്റ് നേടിയെടുത്തത്. 91 പന്ത് നേരിട്ട് 7 ബൗണ്ടറി ഉള്‍പ്പെടെ 60 റണ്‍സ് നേടിയ ക്രോളിയെ കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. കുല്‍ദീപിന്റെ സ്റ്റംപിലേക്ക് തിരിഞ്ഞെത്തിയ പന്തിനെ മനസിലാക്കാന്‍ ക്രോളിക്ക് സാധിക്കാതെ പോയി.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് (4) ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് തോന്നിച്ചു. എന്നാല്‍ തകര്‍പ്പന്‍ പന്തിലൂടെ കുല്‍ദീപ് യാദവ് സ്റ്റോക്സിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.ചായക്ക് ശേഷമുള്ള ആദ്യ പന്തില്‍ത്തന്നെ ജോണി ബെയര്‍സ്റ്റോ പുറത്തായി. 30 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ ജഡേജ രജത് പാട്ടീധാറിന്റെ കൈയിലെത്തിക്കുകയായിരുന്നു. ടോം ഹാര്‍ട്ട്ലിയെ (7) കുല്‍ദീപ് യാദവ് സര്‍ഫറാസിന്റെ കൈയിലെത്തിച്ചപ്പോള്‍ ഒലി റോബിന്‍സനെ (0) എല്‍ബിയില്‍ കുടുക്കി.
ബെന്‍ ഫോക്സിനെ (17) അശ്വിന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സനെ (0) അശ്വിന്‍ ജുറേലിന്റെ കൈയിലുമെത്തിച്ചു. ഇതോടെ 145 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റും വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ 1 വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സാണ് അടിച്ചെടുത്തത്. 112 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ജോ റൂട്ടിന്റെ സെഞ്ച്വറി പ്രകടനമാണ് രക്ഷിച്ചത്. 274 പന്ത് നേരിട്ട് 122 റണ്‍സോടെ റൂട്ട് പുറത്താവാതെ നിന്നു.
ഒലി റോബിന്‍സന്‍ 58 റണ്‍സും ബെന്‍ ഫോക്‌സ് 47 റണ്‍സും നേടി. ഇതോടെ 353 എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ടെത്തി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ആകാശ് ദീപ് മൂന്നൂം മുഹമ്മദ് സിറാജ് രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.
വമ്പന്‍ ലീഡ് പ്രതീക്ഷിച്ച് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. 177 റണ്‍സിന് 7 വിക്കറ്റ് നിലയില്‍ തകര്‍ന്ന ഇന്ത്യയെ ദ്രുവ് ജുറേലാണ് രക്ഷിച്ചത്. 149 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 90 റണ്‍സാണ് ജുറേല്‍ നേടിയത്.
73 റണ്‍സോടെ യശ്വസി ജയ്‌സ്വാളും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ശുബ്മാന്‍ ഗില്‍ 38 റണ്‍സും നേടി. ഷൊയ്ബ് ബഷീര്‍ അഞ്ചും ടോം ഹാര്‍ട്ട്‌ലി മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റും നേടി.