
പരിക്കു കാരണം ആദ്യ ഏകദിനത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി കളിച്ചിരുന്നില്ല. ഇംഗ്ലണ്ടുമായുള്ള മൂന്നാം ടി20 മല്‍സരത്തിനിടെ അദ്ദേഹത്തിന്റെ നാഭിയുടെ ഭാഗത്തു പരിക്കു പറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒന്നാം ഏകദിനത്തില്‍ കോലിക്കു വിശ്രമം നല്‍കിയത്.
ലോര്‍ഡ്‌സിലെ രണ്ടാം ഏകദിനത്തില്‍ അദ്ദേഹം ടീമില്‍ മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ കോലിയുടെ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ലെന്നാണ് വിവരം. രണ്ടാം ഏകദിനത്തിലും അദ്ദേഹം കളിച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യര്‍ തന്നെ മൂന്നാം നമ്പറില്‍ തുടരുകയും ചെയ്യും.

വിരാട് കോലിയുടെ കാര്യത്തിലെ സംശയം മാറ്റി നിര്‍ത്തിയാല്‍ ആദ്യ മല്‍സരത്തിലെ പ്ലെയിങ് ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്താനിടയില്ല. നാലു ബൗളര്‍മാരും രണ്ടു ഓള്‍റൗണ്ടര്‍മാരുമടങ്ങുന്ന വളറെ സന്തുലിതമായ ടീമിനെയായിരുന്നു ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഇറക്കിയത്.
അഞ്ചു ബൗളര്‍മാരെയായിരുന്നു കളിയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് പരീക്ഷിച്ചത്. ഇവരില്‍ ഇംഗ്ലണ്ടിന്റെ കഥ കഴിക്കാന്‍ മൂന്നു പേര്‍ തന്നെ ധാരാളമായിരുന്നു. രവീന്ദ്ര ജഡേജയെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിച്ചിരുന്നില്ല. യുസ്വേന്ദ്ര ചഹലാവട്ടെ രണ്ടോവറുകളാണ് ബൗള്‍ ചെയ്തത്.

ലോര്‍ഡ്‌സിലെ ഇന്ത്യയുടെ റെക്കോര്‍ഡ് പരിശോധിക്കുകയാണെങ്കില്‍ എട്ടു ഏകദിന മല്‍സരങ്ങളാണ് ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണത്തില്‍ വിജയം ഇന്ത്യക്കായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

അതേസമയം, ഇംഗ്ലണ്ട് ടീം ലോര്‍ഡ്‌സില്‍ 56 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ 25 കളികളിലാണ് വിജയിക്കാനായത്. 27 മല്‍സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു.
ലോര്‍ഡ്‌സിലെ പിച്ച് പച്ചപ്പ് നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായിരിക്കും. നല്ല പേസും ബൗണ്‍സും പേസര്‍മാര്‍ക്കു ഇവിടെ തുടര്‍ച്ചയായി ലഭിക്കും.

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പേസാക്രമണത്തിനു മുന്നില്‍ നിഷ്പ്രഭരാക്കപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ശക്തമായ തിരിച്ചുവരവായിരിക്കും ലക്ഷ്യമിടുന്നത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെ പത്തു വിക്കറ്റിന്റെ വന്‍ പരാജയത്തിലേക്കു തള്ളിയിട്ടത്. കടലാസില്‍ വളരെ ശക്തരായ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കു പക്ഷെ കളിക്കളത്തില്‍ ഇതു പുറത്തെടുക്കാനായില്ല.ആദ്യ മല്‍സരത്തില്‍ കളിച്ച ഇലവനില്‍ കാര്യമായ അഴിച്ചുപണി ഇംഗ്ലണ്ട് നടത്താനിടയില്ല.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി/ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.
ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസ്സ് ടോപ്പ്‌ലേ.


Click it and Unblock the Notifications