മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റിലുള്ളത്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല. പ്രധാന താരങ്ങളെല്ലാം ഫ്‌ളോപ്പാണ്.
ഇതില്‍ എല്ലാവര്‍ക്കും കൂടുതല്‍ നിരാശ നല്‍കുന്നത് സഞ്ജു സാംസണിന്റെ പ്രകടനമാണ്. ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ച്വറികളടക്കം നേടിയ സഞ്ജുവിന് കഴിഞ്ഞ മൂന്ന് മത്സരത്തിലും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. സഞ്ജുവിന് ഭേദപ്പെട്ട രീതിയില്‍ തുടങ്ങാന്‍ സാധിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കുന്നില്ല. ഷോര്‍ട്ട് ബോള്‍ കെണിയില്‍ സഞ്ജു തുടര്‍ച്ചയായി പുറത്താവുകയാണ്. സഞ്ജുവിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റും അതൃപ്തരാണ്.
ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ് ഇനി ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ റോളില്‍ എത്രനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നത് പ്രധാന ചോദ്യമാണ്. ഇപ്പോഴിതാ സഞ്ജു സാംസണിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അമ്പാട്ടി റായുഡു.
സഞ്ജുവിന് സാങ്കേതിക മികവ് നഷ്ടപ്പെട്ടു
സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ ഒരോവറില്‍ 22 റണ്‍സ് ഉള്‍പ്പെടെ 26 റണ്‍സാണ് നേടിയത്. രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സെടുത്ത സഞ്ജു മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സുമെടുത്ത് പുറത്തായി. സഞ്ജുവിനെ ജോഫ്രാ ആര്‍ച്ചറാണ് മൂന്ന് മത്സരത്തിലും പുറത്താക്കിയത്. ഷോര്‍ട്ട് ബോളുകള്‍ സഞ്ജുവിന് വലിയ വെല്ലുവിളിയായി മാറുകയാണ്. ഇപ്പോഴിതാ സഞ്ജുവിന്റെ പിഴവ് കൃത്യമായി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അമ്പാട്ടി റായുഡു.

'സഞ്ജു സാംസണ്‍ തന്റെ സാങ്കേതികത മെച്ചപ്പെടുത്തേണ്ടതായുണ്ട്. ലെഗ് സൈഡിലേക്ക് മാറി പുള്‍ഷോട്ട് കളിക്കാന്‍ പാടില്ല. നിലയുറപ്പിച്ച ശേഷം പുള്‍ഷോട്ടിലേക്ക് കടക്കാം. കട്ട് ഷോട്ട് കളിക്കേണ്ട പന്തുകളില്‍ പുള്‍ഷോട്ട് കളിക്കരുത്. ക്രീസിനെ നന്നായി ഉപയോഗിച്ച് കളിക്കുമ്പോള്‍ പുള്‍ഷോട്ട് കളിക്കുന്നത് പ്രയാസമാണ്' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ റായുഡു പറഞ്ഞു. സഞ്ജു ബാക്ക് ഫൂട്ടിലാണ് പുള്‍ ഷോട്ടിന് ശ്രമിച്ചത്. ആര്‍ച്ചറിന്റെ 140ലധികം വേഗത്തിലെത്തുന്ന പന്തുകളില്‍ കൃത്യമായ ടൈമിങ് കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഇതാണ് സഞ്ജുവിനെ വേട്ടയാടുന്ന പ്രശ്‌നം.
സഞ്ജുവിന്റെ സ്ഥിരത ഇപ്പോഴും പ്രശ്‌നം
സഞ്ജു സാംസണിന്റെ കരിയറിലെ ഏറ്റവും വലിയ പ്രശ്‌നം സ്ഥിരതയാണ്. കരിയറിന്റെ തുടക്കം മുതല്‍ സഞ്ജുവിന് സ്ഥിരത കാട്ടാനാവുന്നില്ല. ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറികളോടെ മിന്നിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ മൂന്ന് മത്സരത്തിലും സഞ്ജു ഫ്‌ളോപ്പായിരിക്കുകയാണ്.
യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം അവസരത്തിനായി കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് വരുന്ന രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ഇതിലും ഫ്‌ളോപ്പായാല്‍ സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ നിന്ന് ഇന്ത്യ മാറ്റാനാണ് സാധ്യത. ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ ഇതേ മോശം ഫോമില്‍ തുടര്‍ന്നാല്‍ ഇവരും സഞ്ജുവിനെ കൈവിടുമെന്ന് ഉറപ്പാണ്.
സഞ്ജുവിന് സമ്മര്‍ദ്ദം
ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും സഞ്ജു സാംസണും തമ്മില്‍ വലിയ അഭിപ്രായ ഭിന്നതയിലാണുള്ളത്. സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാത്തതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായിരുന്നു. സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞിരുന്നു. ഇതെല്ലാം സഞ്ജുവിനെ മാനസികമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം.