Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതു പ്രതീക്ഷിച്ചില്ല, ഇന്ത്യക്കു അതു സാധിച്ചാല്‍ അസാധാരണ രക്ഷപ്പെടല്‍!! വോന്‍ ഞെട്ടി

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി മണത്ത ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. 311 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടു വിക്കറ്റുകള്‍ കൈവിട്ടിരുന്നു. എന്നാല്‍ അവിടെ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ടീം രണ്ടു വിക്കറ്റിനു 174 റണ്‍സെന്ന നിലയിലാണ് നാലാ ദിനം കളി അവസാനിപ്പിച്ചത്.

എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 137 റണ്‍സ് കൂടി മതി. ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവിനെയും പോരാട്ടവീര്യത്തെയും പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഈ മല്‍സരം സമനിലയില്‍ അവസാനിപ്പിക്കാനായാല്‍ അതു അസാധാരണ രക്ഷപ്പെടലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

GILL RAHUL

ഇന്ത്യക്കു പ്രശംസ

ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയും തുടക്കത്തിലേറ്റ ഇരട്ട പ്രഹരവുമൊന്നും കണ്ടപ്പോള്‍ ഈ തരത്തിലൊരു തിരിച്ചുവരവ് അവര്‍ നടത്തുമെന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മൈക്കല്‍ വോന്‍. ബിസിസി ടെസ്റ്റ് മാച്ച് സ്‌പെഷ്യലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ടെസ്റ്റില്‍ ഇന്ത്യക്കു ഞാന്‍ ഒരു സാധ്യതയും നല്‍കിയിരുന്നില്ല. പ്രത്യേകിച്ചും അവരുടെ ഇന്നലെയുള്ള ശരീരഭാഷയും ഇന്നു (നാലാംദിനം) തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തപ്പോള്‍ അവര്‍ ഈ കളിയില്‍ നിന്നും പൂര്‍ണമായും പുറത്തായെന്നു തന്നെയാണ് ഞാന്‍ കരുതിയത്. പക്ഷെ അവരുടെ പോരാട്ടവീര്യം എനിക്കിഷ്ടപ്പെട്ടു.

ഞങ്ങള്‍ തെറ്റായിരുന്നുവെന്നു തെളിയിച്ചുകൊണ്ട് അത്യുജ്ജ്വലമായി തന്നെ അവര്‍ തിരിച്ചുവന്നിരിക്കുകയാണ്. ഇന്ത്യക്കു ഇവിടെ ടീം സെലക്ഷനില്‍ പാളിച്ച സംഭവിച്ചിട്ടുണ്ട്.

ഈയൊരു സാഹചര്യത്തില്‍ നിന്നും ഇനിയൊരു സമനില നേടിയെടുക്കാനായാല്‍ അതു അസാധാരണണ രക്ഷപ്പെടല്‍ തന്നയായിരിക്കും. നാളെ (അഞ്ചാംദിനം) നേടുന്ന റണ്‍സ് വളരെ പ്രധാനപ്പെട്ടതായിരിക്കും. അവസാന സെഷനില്‍ ഇംഗ്ലണ്ട് റണ്‍ചേസ് നടത്തി വിജയിച്ചേക്കുമെന്നും വോന്‍ വ്യക്തമാക്കി.

രണ്ടാമിന്നിങ്‌സില്‍ രാഹുല്‍- ഗില്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി കരുത്താര്‍ജിക്കവെ ഈ സഖ്യത്തെ പിരിക്കാനുള്ള നല്ലൊരു അവസരം ഇംഗ്ലണ്ടിനു ലഭിച്ചിരുന്നു. പക്ഷെ 22 റണ്‍സില്‍ നില്‍ക്കെ ഗില്ലിനെ പുറത്താക്കാനുള്ള അവസരം അവര്‍ പാഴാക്കി. ഓള്‍റൗണ്ടര്‍ ലിയാം ഡോസണാണ് ഇന്ത്യന്‍ നായകനെ താഴെയിട്ടത്.

ആയുസ് വീട്ടിക്കിട്ടിയ ഗില്‍ ഇപ്പോള്‍ 78 റണ്‍സുമായി ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുകയാണ്. ഈ പ്രകടനത്തോടെ പരമ്പരയില്‍ അദ്ദേഹത്തിന്റെ റണ്‍സ് സമ്പാദ്യം 700ലേക്കു കടക്കുകയാണ്. എട്ടിന്നിങ്‌സുകളില്‍ നിന്നും 99.57 ശരാശരിയില്‍ ഗില്‍ ഇപ്പോള്‍ 697 റണ്‍സ് നേടിക്കഴിഞ്ഞു.

GILL RAHUL

പുകഴ്ത്തി ട്രെസ്‌കോത്തിക്കും

മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചും മുന്‍ വെടിക്കെട്ട് ഓപ്പണറുമായ മാര്‍കസ് ട്രെസ്‌കോത്തിക്കും പുകഴ്ത്തിയിരിക്കുകയാണ്.

പിച്ച് വളരെ മികച്ചതാണെന്നതു വ്യക്തമാണ്. ബൗണ്‍സില്‍ അല്‍പ്പം വേരിയേഷനുണ്ട്. പക്ഷെ പിച്ചുമായി നിങ്ങള്‍ക്കു പൊരുത്തപ്പെടാനായാല്‍ അതു നന്നായി മുതലെടുക്കാനും റണ്‍സ് സ്‌കോര്‍ ചെയ്യാനും കഴിയും.

ചില ഘടകങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്. നാളെ (അഞ്ചാംദിനം) ഒരു പരിഹാരം കണ്ടെത്തുകയും വേണം. നാലാം ദിനത്തിന്റെ അവസാനത്തേക്കു ഇന്ത്യ വളരെ നന്നായി ബാറ്റ് ചെയ്തു. അവര്‍ ഞങ്ങള്‍ക്കു കാര്യങ്ങള്‍ കടുപ്പമാക്കുകയും ചെയ്തു. ഈ പരമ്പരയിലേക്കു എങ്ങനെ തിരിച്ചുവരണമെന്നതിനെ കുറിച്ച് അവര്‍ക്കു ഒരുപാട് പാഷനുണ്ടെന്നും ട്രെസ്‌കോത്തിക്ക് വിശദമാക്കി.

Story first published: Sunday, July 27, 2025, 8:07 [IST]
Other articles published on Jul 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+