രാജ്‌കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയാണ് സന്ദര്‍ശകരായ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത്. 434 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തറപറ്റിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 557 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ഒന്ന് പൊരുതാന്‍ പോലുമാകാതെ കീഴടങ്ങേണ്ടി വന്നു. ബാസ്‌ബോള്‍ ശൈലിയില്‍ ഇന്ത്യയെ തോല്‍പ്പിക്കാനെത്തിയ ഇംഗ്ലണ്ടിന് വലിയ നാണക്കേടാകുന്ന തോല്‍വിയായി ഇത് മാറി.
മത്സരത്തിന് ശേഷം തോല്‍വിയുടെ കാരണത്തെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ അംപയറുടെ തെറ്റായ തീരുമാനങ്ങളെ നായകന്‍ ബെന്‍ സ്റ്റോക്‌സ് വിമര്‍ശിച്ചിരുന്നു. ഡിആര്‍എസിലെ പിഴവും തെറ്റായ അംപയേഴ്‌സ് കോളും തങ്ങള്‍ക്ക് തിരിച്ചടിയായെന്ന തരത്തിലാണ് സ്‌റ്റോക്‌സ് സംസാരിച്ചത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണ് പല ഭാഗത്തുനിന്നും സ്റ്റോക്‌സിനെതിരേ ഉയര്‍ന്നത്. സാക്ക് ക്രോളിയുടെ രണ്ടാം ഇന്നിങ്‌സിലെ എല്‍ബി ഡബ്ല്യു പുറത്താകലിന് കാരണം തെറ്റായ അംപയേഴ്‌സ് കോളാണെന്നാണ് സ്‌റ്റോക്‌സ് ആരോപിച്ചത്.
ഇപ്പോഴിതാ സ്‌റ്റോക്‌സിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇയാന്‍ ബിഷോപ്പ്. 'എല്‍ബിഡബ്ല്യുവില്‍ പുറത്താകുന്ന ബാറ്റ്‌സ്മാന്‍മാര്‍ രോഷാകുലരാകുമ്പോഴെല്ലാം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് പന്ത് സ്റ്റംപിന് നേരെയാണെന്നതാണ്. എന്നാല്‍ അംപയേഴ്‌സ് കോള്‍ ഞങ്ങള്‍ക്ക് ഒഴിവാക്കണം. എങ്കില്‍ വരു നമുക്ക് പോകാം' എന്നാണ് ബിഷോപ്പ് പരിഹസിച്ചത്. ഡിആര്‍എസില്‍ ബോളിന്റെ ചലനം പരിശോധിക്കുമ്പോള്‍ ചില സമയം വിചിത്രമായി തോന്നും.
പന്തിന്റെ ചലനം സ്റ്റംപില്‍ നിന്നും പ്രതീക്ഷിച്ചതിലും വളരെ അകലയാവുകയോ ചിലപ്പോള്‍ പുറത്തേക്ക് പോകുന്നുവെന്ന് തോന്നിച്ച പന്ത് സ്റ്റംപിലേക്കെത്തുകയോ ചെയ്യുന്ന സ്ഥിതിയുണ്ടാവും. ഇതില്‍ അംപയറുടെ തെറ്റായ തീരുമാനത്തെയോ ഡിആര്‍എസിനെയോ പഴി പറഞ്ഞിട്ട് കാര്യമില്ല. സാങ്കേതികമായി ഡിആര്‍എസില്‍ തെറ്റ് പറ്റില്ലെന്നാണ് ഈ സംവിധാനത്തിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. 'ഈ സംവിധാനം തെറ്റാകാന്‍ ഒരു ശതമാനം സാധ്യത പോലുമില്ല.

എല്ലാ ഡിആര്‍എസിലും ഏറ്റവും വിശദമായി പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ഭാഗത്തുനിന്നും പരിശോധിക്കാനുള്ള സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇത് ഓട്ടോമാറ്റിക്കായിട്ട് സംഭവിക്കുന്നതാണ്. ഇതില്‍ കൃത്രിമം കാട്ടാന്‍ സാധിക്കില്ല' ഡിആര്‍എസ് സംവിധാനത്തിന്റെ നിര്‍മ്മാതാക്കളായ പോള്‍ ഹൗക്കിന്‍സ് പറഞ്ഞു. ഇപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ താരങ്ങളടക്കം പല തവണ ഡിആര്‍എസിനെ ചോദ്യം ചെയ്തിരുന്നു.
ഡിആര്‍എസ് സംവിധാനം കൊണ്ടുവരുന്ന സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറും എംഎസ് ധോണിയുമടക്കം ഇതിനെ എതിര്‍ത്തത് വിശ്വാസ്യത കുറവുകൊണ്ടാണ്. അംപയര്‍ പോലും ഔട്ടാണെന്ന് വിളിക്കുന്ന പല തീരുമാനങ്ങളിലും പന്ത് സ്റ്റംപിന് പുറത്തേക്ക് പോകുന്നതായി കാണാനാവും. ഡിആര്‍എസ് വന്നതോടെ പല തെറ്റായ തീരുമാനങ്ങളും പുനപരിശോധനയില്‍ ശരിയാവുകയും ശരിയായ തീരുമാനങ്ങള്‍ തെറ്റായി മാറുകയും ചെയ്തിട്ടുണ്ട്.
ഡിആര്‍എസിന്റെ വരവ് ബാറ്റ്‌സ്മാനേയും ബൗളറേയും ഒരുപോലെ സഹായിക്കുന്നതാണ്. അംപയര്‍ക്ക് സംഭവിക്കുന്ന മാനുഷികമായ പിഴവുകളെ തിരുത്താന്‍ ഡിആര്‍എസിലൂടെ സാധിക്കുന്നു. നേരത്തെ സച്ചിനൊക്കെ കളിച്ചിരുന്ന സമയത്തായിരുന്നു ഇത്തരമൊരു സംവിധാനം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത്തേതിലും 10 സെഞ്ച്വറിയെങ്കിലും അധികമായി നേടാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണം ടീമിന്റെ പദ്ധതിയിലെ പാളിച്ചയാണ്. പിച്ചിന്റെ സ്വഭാവം മനസിലാക്കാതെ എല്ലാവരും ആക്രമണ ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കുന്നതാണ് ടീമിനെ പിന്നോട്ടടിച്ചത്. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള ക്ലാസിക് ബാറ്റ്‌സ്മാനാണ് ജോ റൂട്ട്. എന്നാല്‍ ഇത്തവണത്തെ പരമ്പരയില്‍ അദ്ദേഹം സമ്പൂര്‍ണ്ണ ഫ്‌ളോപ്പാണ്. അതിന് കാരണം റൂട്ട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതാണെന്ന് പറയാം.
ഇംഗ്ലണ്ടിന്റെ മണ്ടന്‍ പദ്ധതിയാണ് തോല്‍വിക്ക് കാരണമായതെന്ന് നിസംശയം പറയാം. രണ്ട് മത്സരം പരമ്പരയില്‍ ശേഷിക്കവെ ഇംഗ്ലണ്ടിന് തിരിച്ചുവരാന്‍ അവസരമുണ്ട്. നിലവില്‍ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്.