ലീഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാള്‍ താന്‍ തന്നെയാണെന്നു വീണ്ടുമൊരു ഗംഭീര ബാറ്റിങ് പ്രകടനത്തോടെ അടിവരയിട്ടിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. വിദേശത്തു കളിക്കുന്ന ആദ്യ ടെസ്റ്റുകളില്‍ തന്നെ സെഞ്ച്വറി നേടുകയെന്ന ശീലം അദ്ദേഹം ഇത്തവണയും തെറ്റിച്ചില്ല.
വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലെല്ലാം കന്നി ടെസ്റ്റില്‍ സെഞ്ച്വറിയോടെ വരവറിയിച്ച ജയ്‌സ്വാള്‍ ഇംഗ്ലണ്ടിലും ഇതാവര്‍ത്തിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 101 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്. 159 ബോളുകള്‍ നേരിട്ട ജയ്‌സ്വാളിന്റെ ഇന്നിങ്‌സില്‍ 16 ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ ഈ മാജിക്കല്‍ ബാറ്റിങ് പ്രകടനം കാരണം പണി കിട്ടിയിരിക്കുന്നത് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനാണ്. അദ്ദേഹത്തിനു എങ്ങനെയാണ് ഇതു ക്ഷീണമായി മാറിയിരിക്കുന്നതെന്നു പരിശോധിക്കാം.

പരാഗിനു പണിയായതെങ്ങനെ?
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനിരിക്കവെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നായകസ്ഥാനത്തിനു വേണ്ടി രംഗത്തുള്ളവരാണ് യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും. നിലവിലെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ടീം വിടുമോയെന്നത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന സൂചനകളനുസരിച്ച് ട്രേഡ് വിന്‍ഡോയില്‍ കൂടുമാറ്റം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
അങ്ങനെയെങ്കില്‍ അടുത്ത ക്യാപ്റ്റന്‍ ആരാവുമെന്നതായിരിക്കും റോയല്‍സിനു മുന്നിലുള്ള പ്രധാന ചോദ്യം. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം പകുതിയോളം മല്‍സരങ്ങളില്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ടീമിനെ നയിച്ചത് പരാഗാണ്. അതുകൊണ്ടു തന്നെ സഞ്ജു ടീം വിട്ടാലും നായകസ്ഥാനത്തേക്കു ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നതും അദ്ദേഹം തന്നെ.
പക്ഷെ ടീമില്‍ കൂടുതല്‍ സീനിയറായ, അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന തന്നെ തഴഞ്ഞ് പരാഗിനു കഴിഞ്ഞ സീസണില്‍ നായകസ്ഥാനം നല്‍കിയതില്‍ ജയ്‌സ്വാളിനു അതൃപ്തിയുണ്ടെന്നാണ് വിവരം. സഞ്ജുവില്ലെങ്കില്‍ നായകസ്ഥാനത്തിനു കൂടുതല്‍ അര്‍ഹത തനിക്കാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
അതിനാല്‍ വരാനിരിക്കുന്ന സീസണിനു മുമ്പ് സഞ്ജു മറ്റൊരു ടീമിലേക്കു മാറിയാല്‍ സ്ഥിരം ക്യാപ്റ്റന്‍സി തനിക്കു തന്നെ ലഭിക്കണമെന്ന ആഗ്രഹമാണ് ജയ്‌സ്വാളിനുള്ളത്. ഇംഗ്ലണ്ടുമായുള്ള ഒന്നാം ടെസ്റ്റിലെ കിടിലന്‍ സെഞ്ച്വറിയോടെ ലോക ക്രിക്കറ്റില്‍ തന്റെ താരപദവി അദ്ദേഹം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ജയ്‌സ്വാളിനെ അപേക്ഷിച്ച് ഇന്ത്യന്‍ കുപ്പായത്തില്‍ കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത താരമാണ് പരാഗ്. അതുകൊണ്ടു തന്നെ റോയല്‍സിന്റെ അടുത്ത ക്യാപ്റ്റന്‍ സ്ഥാനം സ്വാഭാവികമായും ജയ്‌സ്വാളിനു തന്നെ നല്‍കേണ്ടിയും വരും.

പക്ഷെ പരാഗിന്റെ ബന്ധു കൂടിയായ രഞ്ജിത് ബര്‍താക്കൂര്‍ റോയല്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഇടപെടലാണ് സമാപിച്ച സീസണില്‍ ജയ്‌സ്വാളിനെ മറികടന്ന് പരാഗിനു താല്‍ക്കാലിക ക്യാപ്റ്റന്‍സി ലഭിക്കാന്‍ കാരണമെന്നാണ് അണിയറ സംസാരം.
സഞ്ജു ടീം വിടുകയാണെങ്കില്‍ പരാഗിനെ സ്ഥിരം ക്യാപ്റ്റന്റെ റോളിലേക്കു കൊണ്ടു വരുന്നതിനു വേണ്ടിയും അദ്ദേഹത്തിന്റെ ഇടപെടലുണ്ടാവുമെന്നുറപ്പാണ്. പക്ഷെ ജയ്‌സ്വാളിന്റെ മികച്ച പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ അതു എളുപ്പവുമായിരിക്കില്ല.
റോയല്‍സില്‍ നായകസ്ഥാനം ലഭിച്ചില്ലെങ്കില്‍ ജയ്‌സ്വാള്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു ശേഷം ടീം വിടാനുള്ള സാധ്യതയും കൂടുതലാണ്. 23കാരനായ ജയ്‌സ്വാള്‍ 2020 മുതല്‍ റോയല്‍സിന്റെ ഭാഗമാണ്. അവര്‍ക്കു വേണ്ടി 67 മല്‍സങ്ങളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം 152.86 സ്‌ട്രൈക്ക് റേറ്റില്‍ 2,166 റണ്‍സും നേടി. രണ്ടു സെ്ഞ്ച്വറിയും 15 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.