ധരംശാല: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇന്ത്യ പിടിമുറുക്കവെ ഇംഗ്ലീഷ് ടീമിനു ചരിത്രം തിരുത്താന്‍ തന്ത്രം ഉപദേശിച്ചിരിക്കുകയാണ് മുന്‍ കോച്ചും പ്രശസ്ത കമന്റേറ്ററുമായ രവി ശാസ്ത്രി. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ ജയിച്ചുകൊണ്ട് തുടങ്ങിയ ഇംഗ്ലണ്ട് അടുത്ത മൂന്നു ടെസ്റ്റകളിലും തോറ്റാണ് പരമ്പര കൈവിട്ടത്. ഇപ്പോള്‍ അവസാന ടെസ്റ്റിലും പരാജയഭീതിയിലാണ് ബെന്‍ സ്റ്റോക്‌സും സംഘവും.
ബ്രെന്‍ഡന്‍ മക്കെല്ലം മുഖ്യ കോച്ചാവുകയും ഇംഗ്ലീഷ് ടീം ബാസ്‌ബോള്‍ ശൈലി സ്വീകരിക്കുക ചെയ്ത ശേഷം അവര്‍ക്കു നഷ്ടമായ ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ഇന്ത്യക്കെതിരേയുള്ളത്. ഇന്ത്യന്‍ ടീമിനെ ഇവിടെ വച്ച് ടെസ്റ്റില്‍ പരാജയപ്പെടുത്തണമെങ്കില്‍ ചില കളിക്കാരെ ഇംഗ്ലണ്ടിനു ആവശ്യമാണെന്നാണ് ശാസ്ത്രി ചൂണ്ടിക്കാണിച്ചത്.

ഇന്ത്യയെ ഇവിടെ വച്ച് ടെസ്റ്റില്‍ തോല്‍പ്പിക്കണമെങ്കില്‍ ഇന്ത്യയുടെ ബൗളിങ് നിരയിലെ എല്ലാവരെയും ഇംഗ്ലണ്ടിനു ആവശ്യമാണ്. കൂടാതെ അവര്‍ക്കു ഒരു യശസ്വി ജയ്‌സ്വാളിനെയും ഒരു രോഹിത് ശര്‍മയെയും അതു പോലെ മറ്റു ചിലരെയും കൂടി ടീമില്‍ ആവശ്യമുണ്ട്. എന്നായിരുന്നു തമാശരൂപേണ ഇംഗ്ലീഷ് ടീമിനു ശാസ്ത്രി പറഞ്ഞു കൊടുത്ത തന്ത്രം.
ശാസ്ത്രിയുടെ രസകരമായ ഈ അഭിപ്രായ പ്രകടനത്തിനു പിന്നാലെ ഇതു കേട്ട മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പ്രതികരിക്കുകയും ചെയ്തു. അടിസ്ഥാനപരമായി പറയുകയാണെങ്കില്‍ പുറമെ നിന്നു ഇംഗ്ലണ്ടിനു ആളുകളെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നായിരുന്നു മഞ്ജരേക്കര്‍ ഇംഗ്ലീഷ് ടീമിനെ പരിഹസിച്ചത്.
പക്ഷെ ശാസ്ത്രിക്കു ഇംഗ്ലണ്ടിനെ വിടാന്‍ ഭാവമില്ലായിരുന്നു. 2012 മുതല്‍ ഇന്ത്യന്‍ ടീമിനെ നാട്ടില്‍ വെല്ലുവിളിക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പുറമെ നിന്നും ഇംഗ്ലീഷ് ടീമിലേക്കു ആളെ കൊണ്ടു വരേണ്ടി വരുമെന്നുള്ള മഞ്ജരേക്കറുടെ അഭിപ്രായത്തോടു തീര്‍ച്ചയായും എന്നായിരുന്നു ശാസ്ത്രിയുടെ മറുപടി.
ഇംഗ്ലണ്ടിനു ഇന്ത്യയില്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നതു പുതിയ കാര്യമല്ല. ദീര്‍ഘകാലമായി കാര്യങ്ങള്‍ ഇതേ രീതിയില്‍ തന്നെയാണ്. 2012ലാണ് ഇംഗ്ലീഷ് ടീം അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടുള്ളത്. അതിനു ശേഷം ഇന്ത്യയെ ഒന്നു സമ്മര്‍ദ്ദത്തിലാക്കാന്‍ പോലും ഇംഗ്ലണ്ടിനായിട്ടില്ലെന്നും ശാസ്ത്രി വിശദമാക്കി.
അതേസമയം, ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരമായിരുന്നു ഇംഗ്ലണ്ടിനു ഇത്തവണ ലഭിച്ചത്. ഒന്നാം ടെസ്റ്റില്‍ ആദ്യത്തെ രണ്ടു ദിവസവും ആധിപത്യം പുലര്‍ത്തിയ ഇന്ത്യയെ സ്തബ്ധരാക്കിയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് ടീം അപ്രതീക്ഷിത വിജയം കൈക്കലാക്കിയത്. 28 റണ്‍സിനായിരുന്നു ഒരു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന്റെ വിജയം.

എന്നാല്‍ പരമ്പരയിലെ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ഈ മേധാവിത്വം കാത്തുസൂക്ഷിക്കാന്‍ ഇംഗ്ലണ്ടിനായില്ല. വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. രാജ്‌കോട്ടിലെ മൂന്നാം ടെസ്റ്റില്‍ റെക്കോര്‍ഡ് വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. 434 റണ്‍സിനു ഇംഗ്ലണ്ടിനെ ഇന്ത്യ മുക്കുകയായിരുന്നു.
റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്. റാഞ്ചിയിലെ നാലാം ടെസ്റ്റിലും ഇന്ത്യ ജയം ആവര്‍ത്തിക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ അല്‍പ്പം പതറിയെങ്കിലും അഞ്ചു വിക്കറ്റിന്റെ വിജയത്തോടെ പരമ്പരയില്‍ അപരാജിത ലീഡ് ഇന്ത്യ കൈക്കലാക്കുകയും ചെയ്തു.
അതേസമയം, ധരംശാല ടെസ്റ്റില്‍ ഇന്ത്യ 158 റണ്‍സിന്റെ ആധികാരിക ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ആദ്യദിനം 218ല്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാംദിനം ടീ ബ്രേക്കിനു പിരിയുമ്പോള്‍ മൂന്നു വിക്കറ്റിനു 376 റണ്‍സെന്ന ശക്തമായ നിലയിലാണ്. സര്‍ഫറാസ് ഖാനോടൊപ്പം (56) ദേവ്ദത്ത് പടിക്കലാണ് (44) ക്രീസിലുള്ളത്.