ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഗംഭീര ജയത്തോടെ കൈയടി നേടവെ എല്ലാ അഭിനന്ദനങ്ങളും തിലക് വര്‍മയിലേക്കാണെത്തുന്നത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ ഒറ്റയാള്‍ പോരാട്ടം നടത്തി തിലക് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 55 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സോടെ തിലക് പുറത്താവാതെ നില്‍ക്കുകയായിരുന്നു. കളിയിലെ താരമാകാനും തിലകിന് സാധിച്ചു. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം കളി മറന്ന പിച്ചിലാണ് തിലകിന്റെ ബാറ്റിങ് വെടിക്കെട്ട്.
ഇന്ത്യയുടെ മാച്ച് വിന്നറായി തിലക് വര്‍മ മാറുമ്പോള്‍ കൈയടി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും അര്‍ഹിക്കുന്നുണ്ട്. തന്റെ ത്യാഗമാണ് വീണ്ടും തിലകിനെ ഫോമിലേക്കെത്തിച്ചതെന്ന് സൂര്യക്ക് പറയാം. അത് തെറ്റാണെന്ന് പറയാനാവില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് തുടര്‍ സെഞ്ച്വറികള്‍ നേടാന്‍ തിലക് വര്‍മക്ക് സാധിച്ചിരുന്നു. ഇത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താണ്. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് പൊസിഷനാണ് മൂന്നാം നമ്പര്‍.
ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തതും സൂര്യയാണ്. എന്നാല്‍ രണ്ടാം മത്സരത്തില്‍ സൂര്യ തിലകിനായി വീണ്ടും വിട്ടുവീഴ്ച ചെയ്തപ്പോള്‍ മിന്നും പ്രകടനത്തോടെ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ തിലകിന് സാധിച്ചു.
സൂര്യയാണ് ശരിയായ നായകന്‍
തിലക് വര്‍മ തന്റെ ഇഷ്ട ബാറ്റിങ് പൊസിഷനായി പറഞ്ഞത് മൂന്നാം നമ്പറാണ്. എന്നാല്‍ ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂന്നാം നമ്പറില്‍ കളിക്കുന്നത്. സൂര്യകുമാര്‍ നായകനായി ശോഭിക്കുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ അത്ര മികച്ച ഫോമിലല്ല. ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ സൂര്യ ഡെക്കിനാണ് പുറത്തായത്. തിലകിനും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും മൂന്നാം നമ്പറില്‍ കളിപ്പിക്കുമോയെന്ന് തിലക് ചോദിക്കുന്നത്.

സ്വാര്‍ത്ഥനല്ലാത്ത നായകനാണ് സൂര്യകുമാര്‍ യാദവ് എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി തിലകിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി. നായകന്റെ ത്യാഗം വെറുതെയായില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം ബാറ്റുകൊണ്ട് കാഴ്ചവെച്ചിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം തിലക് വര്‍മ സൂര്യക്ക് മുന്നില്‍ തലകുനിച്ച് നിന്നത് തനിക്കായി വിട്ടുവീഴ്ച ചെയ്തതിന്റെ നന്ദിയാണെന്ന് തന്നെ പറയാം.
മൂന്നാം നമ്പറില്‍ തിലക് മതി
ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ഇനി തിലക് വര്‍മ മതി. മൂന്നാം നമ്പറില്‍ കളിച്ച അവസാന മൂന്ന് മത്സരത്തിലും ഗംഭീര പ്രകടനത്തോടെ മാച്ച് വിന്നറാവാന്‍ തിലക് വര്‍മക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താവാതെ 107*, 120* റണ്‍സ് നേടിയത് മൂന്നാം നമ്പറിലിറങ്ങിയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 72* റണ്‍സോടെ വീണ്ടും മാച്ച് വിന്നറായി മാറാന്‍ തിലകിന് സാധിച്ചിരിക്കുകയാണ്. മൂന്നാം നമ്പറില്‍ തിലകിനെ ഇന്ത്യ കളിപ്പിക്കുന്നതാണ് നല്ലത്.
ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ സവിശേഷമായ കഴിവുള്ള താരമാണ്. അതിവേഗം റണ്‍സുയര്‍ത്താനും ആംഗര്‍ റോളില്‍ കളിക്കാനും തിലക് വര്‍മക്ക് സാധിക്കും. ഇത് എല്ലാവര്‍ക്കും അവകാശപ്പെടാന്‍ സാധിക്കുന്ന മികവില്ല. സുരേഷ് റെയ്‌നയെപ്പോലെ മൂന്നാം നമ്പറില്‍ ഇന്ത്യക്ക് ലഭിച്ച വിശ്വസ്തനാണ് തിലക് വര്‍മയെന്ന് പറയാം. വരുന്ന മത്സരങ്ങളിലും സൂര്യകുമാര്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മയെ ഇറക്കി പിന്തുണക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സ്ഥിരതയില്ല
രണ്ടാം ടി20 ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. സഞ്ജു സാംസണ്‍ (5), അഭിഷേക് ശര്‍മ (12), സൂര്യകുമാര്‍ യാദവ് (12), ദ്രുവ് ജുറേല്‍ (4), ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. റിങ്കു സിങ്ങും നിതീഷ് കുമാര്‍ റെഡ്ഡിയും പരിക്കിന്റെ പിടിയിലായതോടെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കരുത്ത് ദുര്‍ബലമായിരിക്കുകയാണ്. വരുന്ന മത്സരങ്ങളില്‍ ടീമെന്ന നിലയില്‍ മികവ് കാട്ടാനാവാത്ത പക്ഷം വലിയ തോല്‍വി ഇന്ത്യക്ക് നേരിടേണ്ടി വന്നാലും അത്ഭുതപ്പെടാനാവില്ല.